ജോലി ചെയ്യാൻ മരവീടുകൾ ഒരുക്കി മൈക്രോസോഫ്റ്റ്

ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ഭ്രാന്തന്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ മൈക്രോസോഫ്റ്റിനെ മാതൃകയാക്കണം.

ഓഫീസ് കെട്ടിടങ്ങള്‍ക്ക് വിപ്ലവാത്മകമായ മാനം തീര്‍ക്കുന്നവരാണ് സിലിക്കണ്‍ വാലിയിലെ കമ്പനികള്‍. രാവിലെ തൊട്ട് വൈകുന്നേരം വരെ ഒറ്റയിരുപ്പില്‍ സീറ്റിലിരുന്ന കഷ്ടപ്പെട്ട് ജോലി ചെയ്യുന്നതല്ല അവിടങ്ങളിലെ പല കമ്പനികളിലെയും രീതി. നല്ല കാറ്റുകൊണ്ട് ഓപ്പണ്‍ എയറില്‍ ആസ്വദിച്ച് ജോലി ചെയ്യാനും വേണം ഒരു ഭാഗ്യം. 

എന്തായാലും ഓഫീസ് കെട്ടിടങ്ങള്‍ക്ക് പുതിയ തലം നല്‍കിയിരിക്കുകയാണ് വന്‍കിട കമ്പനിയായ മൈക്രോസോഫ്റ്റ്. ട്രീ ഹൗസുകളാണ് മൈക്രോസോഫ്റ്റ് അവരുടെ ജീവനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. നല്ല ഇളം കാറ്റേറ്റ്, പ്രകൃതിയുടെ ചലനങ്ങളെ ആസ്വദിച്ച് ജോലി ചെയ്യാന്‍ പറ്റിയ രീതിയിലാണ് ട്രീ ഹൗസുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ചിത്രങ്ങളില്‍ നിന്നുതന്നെ അത് സുവ്യക്തം. 

ആകെ മൂന്ന് ട്രീ ഹൗസുകളാണ് കമ്പനി കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തത്. രണ്ടെണ്ണം ഓപ്പണ്‍ എയര്‍ മോഡലിലാണ്. മൂന്നാമത് റൂഫ് സ്‌റ്റൈൽ വീടും. ജീവനക്കാര്‍ക്ക് അവരുടെ സൗകര്യത്തിന് അനുസരിച്ച് ട്രീ ഹൗസുകളിലിരുന്ന് ജോലി ചെയ്യാം എന്നാണ് കമ്പനിയുടെ നിലപാട്. ഇനി വിശ്രമിക്കാനാണെങ്കിലും ട്രീ ഹൗസുകള്‍ ഉപയോഗപ്പെടുത്താം. 

ട്രീഹൗസ് മാസ്റ്റേഴ്‌സ് എന്ന ടെലിവിഷന്‍ ഷോയിലൂടെ പ്രശസ്തനായ പീറ്റെ നെല്‍സണാണ് മൈക്രോസോഫ്റ്റിനുവേണ്ടി ട്രീഹൗസുകള്‍ നിര്‍മിച്ചിരിക്കുന്നത്. ചുരുങ്ങിയത് 20 വര്‍ഷമെങ്കിലും ഈട് നില്‍ക്കുന്നതാണ് ഇത്. അതും കഴിഞ്ഞാല്‍ അവിടുത്തെ മരങ്ങള്‍ വളര്‍ന്ന്, പടര്‍ന്ന് പന്തലിക്കുമത്രെ. മൈക്രോസോഫ്റ്റിന്റെ റെഡ്മണ്ട് ക്യാംപസിനോട് ചേര്‍ന്ന് ഔട്ട്‌ഡോര്‍ ഡിസ്ട്രിക്റ്റ്‌സ് എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ട്രീഹൗസുകളും വരുന്നത്. ഔട്ട്‌ഡോര്‍ വൈഫൈ നെറ്റ് വര്‍ക്ക്, വുഡ് കനോപികള്‍, വാട്ടര്‍ പ്രൂഫ് ബെഞ്ചുകള്‍, ഫയര്‍പ്ലേസ്...എന്നിങ്ങനെ നിരവധി സൗകര്യങ്ങള്‍ ഈ ട്രീഹൗസുകളിലുണ്ട്. 

നാഗരികതയിലേക്ക് പ്രകൃതിയെ കൊണ്ടുവരേണ്ട കാര്യമില്ല, പ്രകൃതിയിലാണ് നമ്മള്‍ ജീവിക്കുന്നത്-ഇതാണ് ട്രീഹൗസുകളുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റ് പുറത്തിറക്കിയ പ്രസ്താവനകളില്‍ ശ്രദ്ധേയമായത്. ഇത്രയും നന്നായി ജോലി ചെയ്യാന്‍ അവസരമൊരുക്കുമ്പോള്‍ അവിടെ ക്രിയേറ്റിവിറ്റി എല്ലാം താനേവരും. അതാണ് ചരിത്രം പോലും തെളിയിക്കുന്നത്.

ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ഭ്രാന്തന്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ മൈക്രോസോഫ്റ്റിനെ മാതൃകയാക്കണം. എവിടെയാണോ സ്വാതന്ത്ര്യമുള്ളത്, അവിടെയാണ് സര്‍ഗാത്മകത ജനിക്കുക. അതോര്‍ത്ത് നമുക്ക് കെട്ടിടങ്ങളും വീടുകളും പണിയാം. 

Read more on Malayalam Celebrity Homes Home Decoration Magazine Malayalam