Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേടിക്കരുത്, ഇത് ഹോളിവുഡിലെ മാടമ്പിള്ളി; സാറയുടെ ആത്മാവ്‍ ഇപ്പോഴും ഇവിടെയുണ്ട്!

winchester-mansion-story 1922 ൽ ഉറക്കത്തിനിടെയായിരുന്നു സാറയുടെ മരണം സംഭവിക്കുന്നത്. മരണശേഷവും ദുരൂഹതകൾ തുടർന്നു. വീടിനുള്ളിൽ നിന്നും ഒരു സ്ത്രീയുടെ സംസാരവും കാൽപ്പെരുമാറ്റവും കേൾക്കാറുണ്ടെന്നു അയൽക്കാർ പറയുന്നു.ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്സ്ബുക്

പ്രേതസിനിമകളോടൊപ്പം സിനിമാസ്വാദകരുടെ മനസ്സിൽ ഇടംപിടിച്ച പ്രേതാലയങ്ങളുണ്ട്. മണിച്ചിത്രത്താഴിലെ മാടമ്പിള്ളി തറവാട്, ഇൻ ഗോസ്റ്റ് ഹൗസ് ഇന്നിലെ ഡൊറോത്തി ബംഗ്ലാവ് അങ്ങനെയങ്ങനെ.. 

ഹോളിവുഡ് പണ്ടേ പ്രേതസിനിമകളുടെ ആരാധകരാണ്. ഇപ്പോഴിതാ കാലിഫോർണിയയിലുള്ള ഒരു ബംഗ്ളാവും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. സാൻജോസിലുള്ള വിൻചെസ്റ്റർ ബംഗ്ളാവിനെ ചുറ്റിപ്പറ്റി നിരവധി ദുരൂഹതകളാണ് ഉയർന്നു കേൾക്കുന്നത്. നിരവധി പ്രത്യേകതകളുള്ളതിനാൽ വിൻചെസ്റ്റർ എന്ന ഹോളിവുഡ് സിനിമയുടെ പ്രമേയം ഈ കൂറ്റൻ ഭവനമായിരുന്നു. 

winchester-mansion-view

സാറ വിൻചെസ്റ്റർ എന്ന യുവതിയാണ് ഭവനം പണികഴിപ്പിച്ചത്. വീടിന്റെ ഇന്റീരിയർ ഡിസൈനിങ്ങും രൂപകൽപനയും ദുരൂഹതകൾ ഉയർത്തുന്നതായിരുന്നു. അതു തന്നെയാണ് ഈ ബംഗ്ളാവ് വാർത്തകളിൽ ഇടംപിടിച്ചത്. തന്റെ ഭർത്താവും ഏകമകളും മരിച്ചതോടെയാണ് സാറ സാൻജോസിലെത്തുന്നത്. പിതാവിന്റെ സ്ഥാപനം ഏറ്റെടുത്തു നടത്തുകയായിരുന്നു ലക്ഷ്യം. ജനിച്ച് ആറ് ആഴ്ചയ്ക്കു ശേഷമായിരുന്നു മകളുടെ വിയോഗം. അധികം താമസിയാതെ ഭർത്താവും മരിച്ചു. ചുരുങ്ങിയ കാലത്തിനുള്ളിൽ സാറ കോടീശ്വരിയായി. ഇതോടെ ഇവിടെയുള്ള ചെറിയ ഫാം ഹൗസ് ബംഗ്ളാവാക്കി മാറ്റാൻ പദ്ധതിയിട്ടു. 

sara-winchester

1883 ലാണ് ഈ ഭവനം നിർമിക്കുന്നത്. എന്നാൽ വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല കാര്യങ്ങൾ. നീണ്ട 38 വർഷങ്ങൾ വേണ്ടിവന്നു പണി പൂർത്തിയാകാൻ. ഒരു കണക്കിന് പണി പൂർത്തിയാക്കി സാറ ഇവിടെ താമസം തുടങ്ങി. 24000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഈ വീട്ടിൽ ആകെ 160 കിടപ്പു മുറികളുണ്ട്. ഈ വീട്ടിൽ സാറ ഒറ്റയ്ക്കായിരുന്നു കഴിഞ്ഞിരുന്നത്. കൂട്ടിനു ഭർത്താവിന്റേയും മകളുടേയും ഓർമകൾ മാത്രം. 1922 ൽ മരിക്കുന്നതു വരെ ഇവർ ഇവിടെ ജീവിച്ചു. 

winchester-inside

നിരവധി പ്രത്യേകതകളുള്ളതായിരുന്നു ഈ പടുകൂറ്റൻ കെട്ടിടം. ഗോവണികൾ വിചിത്രരീതിയിൽ പണി കഴിപ്പിച്ചതായിരുന്നു. പല ഗോവണികളുടേയും അറ്റം ചുവരുകളിലാണ് അവസാനിക്കുന്നത്. കയറി കയറി ഒടുവിൽ തിരിച്ച് നടക്കേണ്ടി വരും. എന്തിന് ഇത്തരത്തിൽ പണി കഴിപ്പിച്ചു എന്ന ചോദ്യത്തിനു ഉത്തരമില്ല. 

winchester-steps

ചില വാതിലുകൾ തുറക്കുന്നത് മുറികളിലേക്കല്ല. തുറന്നാൽ കാണുന്നത് വെറും ചുവർ മാത്രം. ചില വാതിൽ തുറന്നാൽ രണ്ടാം നിലയിൽ നിന്നും നേരെ താഴെയെത്തും. രഹസ്യമായി പണികഴിപ്പിച്ച വാട്ടർ ടവറുകളും ഇവിടെയുണ്ട്. വീടിന്റെ രൂപകൽപന സാറയുടെ നിർദേശമായിരുന്നെന്ന പ്രത്യേകതയും ഉണ്ട്. എന്തിനായിരുന്നു ഇത്തരമൊരു ഡിസൈൻ ഇവർ തിരഞ്ഞെടുത്തതെന്നു വ്യക്തമല്ല. ഒരുപക്ഷേ  വിശാലമായ ഒരു ഭവനം പണിത് തന്റെ ഭർത്താവിന്റേയും മകളുടേയും ശൂന്യത മറികടക്കാനായിരിക്കുമെന്നു ചരിത്രകാരിയായ ജനൻ ബോയേം അഭിപ്രായപ്പെടുന്നു.

winchester-mansion-inside

1922 ൽ ഉറക്കത്തിനിടെയായിരുന്നു സാറയുടെ മരണം സംഭവിക്കുന്നത്. സാറയുടെ മരണശേഷവും ദുരൂഹതകൾ തുടർന്നു. വീടിനുള്ളിൽ നിന്നും ഒരു സ്ത്രീയുടെ സംസാരവും കാൽപ്പെരുമാറ്റവും കേൾക്കാറുണ്ടെന്നു അയൽക്കാർ പറയുന്നു. സാറയുടെ ആത്മാവ് ഇവിടെയുണ്ടെന്നാണ് ചിലർ പറയുന്നത്. സംഗതി പേടിപ്പെടുത്തുന്നതാണെങ്കിലും ഈ ബംഗ്ളാവ് കാണാൻ നിരവധി സന്ദർശകരാണ് ഇവിടെയെത്തുന്നത്. പേര് വെളിപ്പെടുത്താനാഗ്രഹമില്ലാത്ത ഒരു കുടുംബത്തിന്റെ പേരിലാണ് ഈ ബംഗ്ളാവ് ഇപ്പോൾ. 

winchester-aerial-view