48 മണിക്കൂർ കൊണ്ട് അടിപൊളി 3 D വീട്!

ഒരു ഇടത്തരം വീട്ടിൽ കാണുന്ന ആഡംബര സൗകര്യങ്ങൾ ഈ ചെറിയ വീടിനുള്ളിൽ ഒരുക്കിയിട്ടുമുണ്ട്.

ഭാവിയുടെ നിർമാണ സാങ്കേതികവിദ്യയാണ് 3D പ്രിന്റിങ്. ചുരുങ്ങിയ ചെലവിൽ ചുരുങ്ങിയ സമയം കൊണ്ട് നിർമിച്ചെടുക്കാം എന്നതാണ് ഇതിനെ പ്രിയങ്കരമാക്കുന്നത്. 

അടുത്തിടെ ഇറ്റലിയിലെ മിലാനിൽ നിർമിച്ച 3D വീടാണ് ശ്രദ്ധയാകർഷിക്കുന്നത്. യൂറോപ്യൻ യൂണിയനിലെ ആദ്യ 3 D പ്രിന്റഡ് വീട് എന്ന ബഹുമതിയാണ് ഈ നിർമിതിയെ തേടിയെത്തിയിരിക്കുന്നത്. 48 മണിക്കൂർ കൊണ്ടാണ് 3D പ്രിന്റഡ് റോബട്ടിന്റെ സഹായത്തോടെ ഈ വീട് പ്രിന്റ് ചെയ്തെടുത്തത്. 

1000 ചതുരശ്രയടി വിസ്തൃതിയുള്ള ഒരുനില വീട്ടിൽ ഒരു കിടപ്പുമുറി, ബാത്റൂം, അടുക്കള, ലിവിങ് എന്നിവയുണ്ട്. 60 മുതൽ 90 മിനിറ്റുകൾ കൊണ്ട് പ്രിന്റ് ചെയ്തെടുത്ത 35 മൊഡ്യൂളുകളാണ് വീടിന്റെ അടിസ്ഥാനം. എന്നാൽ ഒരു ഇടത്തരം വീട്ടിൽ കാണുന്ന ആഡംബര സൗകര്യങ്ങൾ ഈ ചെറിയ വീടിനുള്ളിൽ ഒരുക്കിയിട്ടുമുണ്ട്. ബാത്റൂമിനുള്ളിൽ ബാത്ടബ് വരെ ഒരുക്കിയിരിക്കുന്നു.

പ്രീഫാബ് ശൈലിയിൽ നിർമിച്ച വീട് നിമിഷനേരത്തിനുള്ളിൽ പൊളിച്ചെടുക്കാനും മറ്റൊരിടത്ത് പുതുതായി നിർമിച്ചെടുക്കാനും സാധിക്കും. കോൺക്രീറ്റ് പാനലുകൾ കൊണ്ട് നിർമിച്ച വീട് അനായാസം ഇടിച്ചു കളയാനും വീണ്ടും രൂപമാറ്റം വരുത്തി പ്രിന്റ് ചെയ്തെടുക്കാനും കഴിയും. ഈ പുനരുപയോഗ സാധ്യതയാണ് പ്രിന്റഡ് വീടുകളെ ആകർഷകമാക്കുന്നത്. ഒപ്പം ചെലവ് താരതമ്യേന വളരെ കുറവാണു എന്നതും.

കുടിയേറ്റം, ആഭ്യന്തര യുദ്ധം, പ്രകൃതി ക്ഷോഭം തുടങ്ങിയ കാരണങ്ങൾ കൊണ്ട് പലായനം ചെയ്യപ്പെടുന്നവർക്കും ദാരിദ്ര്യം കൊണ്ട് വീട് നിർമിക്കാൻ കഴിയാത്തവർക്കും ഈ സാങ്കേതികവിദ്യ തുണയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.