സുന്ദരമായ വീടിന് കോൻമാരി

അനാവശ്യ സാധനങ്ങൾ ഒഴിവാക്കി, വീട് വൃത്തിയാക്കി വയ്ക്കാൻ ഒരു ജാപ്പനീസ് മാർഗം.

പിറന്നാളിന് സമ്മാനം കിട്ടിയ വാച്ചിന്റെ ബോക്സ്, വിദേശയാത്ര പോയപ്പോൾ വാങ്ങിയ ബിസ്ക്കറ്റിന്റെ ടിൻ, കുട്ടികളുടെ ചെറുപ്പത്തിലെ ഉടുപ്പ്... ഇഷ്ടപ്പെട്ടു സൂക്ഷിച്ചു വയ്ക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് അവസാനിക്കില്ല. ടിവിയോ ഫ്രിഡ്ജോ മിക്സിയോ വാങ്ങുമ്പോൾ കിട്ടുന്ന കവറുകൾ പോലും സൂക്ഷിച്ചു വയ്ക്കുന്നവരാണ് മലയാളികൾ. ഇഷ്ടപ്പെട്ടതെല്ലാം അല്ലെങ്കിൽ നാളെ ഉപകാരപ്പെടുമെന്ന് കരുതുന്നതെല്ലാം സൂക്ഷിച്ചുവയ്ക്കുന്ന ശീലക്കാരനാണോ? അതല്ല, വെറുതെ സാധനങ്ങൾ കൂട്ടിവച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നാണോ വിശ്വാസം?

അഭിപ്രായം എന്തുതന്നെയായാലും മാരി കോൻഡോ എന്ന ജാപ്പനീസ് യുവതിയുടെ കഥ കേൾക്കുന്നതു നന്നായിരിക്കും. ചെറുപ്പത്തിൽ കൂട്ടുകാരെല്ലാം കളിക്കാനോടുമ്പോൾ ക്ലാസിലെ ബുക്ക് ഷെൽഫ് ഒതുക്കുന്നതിൽ ആനന്ദം കണ്ടെത്തിയ കുട്ടിയായിരുന്നു മാരി കോൻഡോ.

വളർന്നപ്പോൾ, സാധനങ്ങൾ ഏറ്റവും നന്നായി ക്രമീകരിക്കുകയും ആവശ്യമില്ലാത്തവ ഒഴിവാക്കുകയും ചെയ്യുന്ന ‘ഡീക്ലട്ടറിങ്ങി’ (Decluttering)നെക്കുറിച്ച് ലോകത്ത് ഏറ്റവുമധികം വിൽക്കുന്ന പുസ്തകമായ ‘The Life Changing Magic of Tidying Up’ എന്ന പുസ്തകം രചിച്ചു മാരി കോൻഡോ. 2015 ൽ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായിരുന്നു മാരി കോൻഡോ.

മാരി കോൻഡോ അവതരിപ്പിച്ച രീതി ‘കോൻമാരി സ്റ്റൈൽ ഓഫ് ഡീക്ലട്ടറിങ്ങ്’ എന്ന പേരിൽ ലോകപ്രശസ്തമാണ്. കോടിക്കണക്കിന് ആരാധകരാണ് മാരിയുടെ ശൈലി പിൻതുടരുന്നത്. സമൂഹമാധ്യമങ്ങളിൽ കോൻമാരിയെക്കുറിച്ചു ചർച്ച ചെയ്യുന്ന പ്രത്യേക ഗ്രൂപ്പുകളും ചാനലുകളുമെല്ലാം സജീവമാണ്.

എന്താണ് കോൻമാരി?

വീട്ടിൽ അല്ലെങ്കിൽ ഓഫീസിലെ എല്ലാ മുറികളും വൃത്തിയുള്ളതും പൊസിറ്റീവ് എനർജി തരുന്നതുമായ ഇടങ്ങളാക്കി മാറ്റിയെടുക്കാനുള്ള സംവിധാനമാണ് കോൻമാരി പഠിപ്പിച്ചു തരുന്നത്. വൃത്തിയാക്കിയെടുക്കാം എന്നതിലുപരി, ജീവിതകാലം മുഴുവൻ ഈ വൃത്തി കൊണ്ടു നടക്കാനും കോൻമാരി സഹായിക്കും. രണ്ട് മണിക്കൂര്‍ മുതൽ ആറുമാസം വരെയെടുത്ത് വീട് കോൻമാരി രീതിയിലേക്ക് ആക്കിയെടുക്കാം എന്നാണ് പുസ്തകം പറയുന്നത്.

സാധനങ്ങൾ ഞെങ്ങിഞെരുങ്ങിയിരിക്കാത്ത, അധികയിടമുള്ള വീടാണ് കോൻമാരി ശൈലി പിൻതുടരുമ്പോഴുള്ള ഫലം. ഇത് വ്യക്തിയെത്തന്നെ മാറ്റിയെടുക്കുമെന്ന് മാരി കോൻഡോ അവകാശപ്പെടുന്നു. സ്വീകരണമുറി, കിടപ്പുമുറികൾ, അടുക്കള, ഊണുമുറി, പഠനമുറി ഇങ്ങനെ എല്ലാ മുറികളിലും കോന്‍മാരി പ്രാവർത്തികമാക്കാം.

മുറികൾ കേന്ദ്രീകരിച്ചാണ് കോൻമാരി ശൈലി പ്രവർത്തിക്കുന്നത്. ഒരു പ്രത്യേക മുറിയെടുത്ത് കബോർഡുകളിലും മേശപ്പുറത്തും ഭിത്തിയിലുമെല്ലാം വച്ചിരിക്കുന്ന എല്ലാ സാധനങ്ങളും ഒരുമിച്ചാക്കുക. നിലത്ത് പേപ്പർ വിരിച്ച് അവിടേക്ക് എല്ലാ സാധനങ്ങളും എടുത്തുവയ്ക്കാനാണ് പുസ്തകം പറയുന്നത്. മുറിയിലെ എല്ലാ സാധനവും നിലത്തെത്തണം.

ക്ലട്ടർ ഇല്ലാത്ത, വൃത്തിയും ഭംഗിയുമുള്ള മുറി സങ്കൽപിക്കുകയാണ് അടുത്ത ഘട്ടം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് അടുത്ത സ്റ്റെപ്പിൽ തുടങ്ങുന്നത്.

‘ഇന്നലെ ഇത് ഉപയോഗപ്പെട്ടിരുന്നുവോ?’ ‘നാളെ ഇതുകൊണ്ട് പ്രയോജനമുണ്ടാകുമോ?’ എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കിയല്ല ഡീക്ലട്ടറിങ്ങ് ചെയ്യേണ്ടത് എന്നാണ് മാരി കോൻഡോ പറയുന്നത്, ആ വസ്തു ഇപ്പോൾ പ്രയോജനപ്പെടുന്നുണ്ടോ എന്നാണ്.

സന്തോഷം തരുന്നുണ്ടോ?

നിലത്തെ പേപ്പറിൽ ഇരിക്കുന്ന ഓരോ സാധനവും കയ്യിലെടുത്ത്, അതിനെക്കുറിച്ച് അല്പമൊന്ന് ചിന്തിക്കണം. ആ സാധനം എത്രനാള്‍ മുമ്പാണ് ഉപയോഗിച്ചത്? അതുകൊണ്ട് എന്തെല്ലാം ഉപകാരങ്ങളുണ്ട്? അത് കളയുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ‘ഇത് വേണം’ എന്ന് മനസ്സ് ശക്തമായി വാദിക്കുന്നുണ്ടെങ്കിൽ മാത്രമേ ആ സാധനം സൂക്ഷിച്ചുവയ്ക്കാവൂ എന്നാണ് മാരികോൻഡോ പറയുന്നത്. പക്ഷേ, എല്ലായ്പോഴും പ്രയോജനം മാത്രമായിരിക്കില്ല ഒരു സാധനം സൂക്ഷിച്ചു വയ്ക്കുന്നതിന്റെ മാനദണ്ഡം. ആ വസ്തു നിങ്ങളിൽ സന്തോഷം സ്ഫുരിപ്പിക്കുന്നുണ്ടോ (spark joy) എന്നത് വളരെ പ്രധാനമാണെന്ന് കോൻഡോ പറയുന്നു.

ഓരോ സാധനങ്ങളും ജീവനുള്ളതായി കരുതിയാൽ സാധങ്ങൾ കബോർഡിൽ കുത്തിത്തിരുകാനോ അലസമായി ഉപേക്ഷിക്കണോ കഴിയില്ല.

ഉപകാരപ്രദമല്ലെന്ന് മറ്റുള്ളവർക്ക് തോന്നുമെങ്കിലും സ്വന്തം മനസ്സിന്റെ സന്തോഷത്തിന് പ്രാധാന്യം നൽകണമെന്നാണ് ഇതിന്റെ അർത്ഥം. അത്തരമൊരു ഉദാഹരണം മാരി പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. “വർഷങ്ങൾക്കു മുമ്പ് ഒരു എക്സ്പോയിൽ നിന്നു വാങ്ങിയ ‍ടീ ഷർട്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടതാണ്. കാലപ്പഴക്കം കൊണ്ട് നിറം മങ്ങിപ്പോയി ആ ടീഷർട്ട്. അതുകൊണ്ടു തന്നെ എന്തിനാണ് ഇത് സൂക്ഷിക്കുന്നതെന്ന ചോദ്യം എല്ലാവരിൽ നിന്നും കേൾക്കാറുണ്ട്. പക്ഷേ മനസിനോട് ഏറ്റവും ചേർന്നു നിൽക്കുന്ന ആ ടീഷർട്ട് കളയാൻ തോന്നാറില്ല” എന്നാണ് മാരി പുസ്തകത്തിൽ പറയുന്നത്.

എന്നാൽ എന്നെങ്കിലും ഒരിക്കൽ ഉപകാരപ്പെടുമെന്നു കരുതി എന്തെങ്കിലും സൂക്ഷിക്കുന്നതിനോട് മാരി കോൻഡോ യോജിക്കുന്നില്ല. ആവശ്യവും ഇഷ്ടവും വ്യത്യസ്തമാണെന്നാണ് കോൻമാരിയിലെ നിലപാട്.

വളരെ വില കൊടുത്തു വാങ്ങിയതല്ലേ? അതെങ്ങനെ ചവറ്റുകുട്ടയിലിടും എന്നു കരുതി പലതും സൂക്ഷിക്കും. പക്ഷേ, ഉപയോഗിക്കുന്നില്ലെങ്കിൽ അതിന്റെ വില തന്നെ ഇല്ലാതായി എന്നാണ് കോൻമാരി തിയറി പറയുന്നത്. അത് കളയുന്നതാണു ഭേദം.

ജീവനുള്ളതായി കാണുക

പുറത്തുനിന്നെത്തിയാൽ ബാഗ് സോഫയുടെ മുകളിൽ, ചായ കുടിച്ചാൽ കപ്പ് ഡൈനിങ് ടേബിളിനു മുകളിൽ... ഇങ്ങനെ എന്തും എവിടെയും വയ്ക്കുന്ന സ്വഭാവമാണ് ക്ലട്ടറിനു കാരണം എന്നാണ് കോൻമാരി പറയുന്നത്. ഓരോ സാധനവും അതിനു നൽകിയതായ സ്ഥലങ്ങളിൽ മാത്രം വച്ചാൽ വീട് ക്ലട്ടർ ഫ്രീ ആകും.

ഓരോ വസ്തുവും ജീവനുള്ളതാണെന്നു കരുതി പെരുമാറുക എന്നതാണ് അതിനുള്ള പരിഹാരമായി പറയുന്നത്. അങ്ങനെയാകുമ്പോൾ സാധനങ്ങൾ കബോർഡിൽ കുത്തിത്തിരുകാനോ അലസമായി ഉപേക്ഷിക്കാനോ കഴിയില്ല.

ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം പെട്ടെന്ന് കണ്ണില്‍പെടുന്ന രീതിയിൽ സൂക്ഷിക്കണമെന്നാണ് കോൻമാരി ശൈലി അനുശാസിക്കുന്നത്. ഓരോ സാധനവും ഉപയോഗിച്ച ശേഷം അതാതു സ്ഥലത്ത് വയ്ക്കുന്നത് ഒരു നന്ദി പറയുന്നതിന്റെ ഫലം കൂടി തരുമെന്ന് പുസ്തകം പറയുന്നു. സാധനങ്ങൾ ഇങ്ങനെ വൃത്തിയായി സൂക്ഷിക്കുമ്പോൾ മുറിക്ക് ശ്വസിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു.

ലിസ്റ്റ് സഹായിക്കും

ഓരോ മുറിയിലേക്കുമുള്ള സാധനങ്ങളുടെ ലിസ്റ്റ് എഴുതി വയ്ക്കുകയാണ് കോൻമാരി ശൈലിയിലുള്ള അടുക്കലിൽ ചെയ്യുന്ന ഒരു കാര്യം. ഉദാഹരണത്തിന്, കിടപ്പുമുറി ആദ്യം വൃത്തിയാക്കാൻ തീരുമാനിച്ചാൽ വാർഡ്രോബിൽ വയ്ക്കേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് ആദ്യം ഉണ്ടാക്കണം. ഷർട്ട്, പാന്റ്സ്, കുർത്തി, ടീഷർട്ട്... ഇങ്ങനെ ഓരോ മുറിയിലെ സാധനങ്ങളുടേയും ലിസ്റ്റ് ഉണ്ടാക്കണം.

ആവശ്യമില്ലാത്തതെല്ലാം കളഞ്ഞ് അല്ലെങ്കിൽ ആർക്കെങ്കിലും കൊടുത്തശേഷം ലിസ്റ്റ് അനുസരിച്ച് സാധനങ്ങൾ നിലത്തുതന്നെ അടുക്കി വയ്ക്കുക. ഏറ്റവുമൊടുവിൽ ഓരോന്നും ഉപയോഗിക്കുന്ന മുറിയിൽ കൃത്യസ്ഥാനങ്ങളിൽ, ഒരുപോലുള്ളത് ഒരുമിച്ചു വയ്ക്കുക. ഓരോ സാധനവും എടുത്ത് ഉപയോഗിച്ച ശേഷം യഥാസ്ഥാനത്ത് വയ്ക്കുക.

കോൻമാരി ഫോൾഡിങ്ങ്

വസ്ത്രങ്ങൾ മടക്കിവയ്ക്കാനും കോൻമാരിയിൽ പ്രത്യേക ശൈലിയുണ്ട്. ഷർട്ടിനും പാന്റ്സിനും സോക്സിനുമെല്ലാം പ്രത്യേകം പ്രത്യേകം രീതിയാണ്. കോൻമാരി ശൈലിയാണെന്ന് അറിയില്ലെങ്കിൽപോലും, പലരും വസ്ത്രങ്ങൾ മടക്കുന്നത് കോൻമാരി ശൈലിയിലാണ്.

വസ്ത്രങ്ങൾ ഒന്നിനു മുകളിൽ മറ്റൊന്നായി അടുക്കി വയ്ക്കുന്നതിനു പകരം പെട്ടെന്ന് എടുക്കാൻ കഴിയുന്ന വിധത്തിൽ ട്രേയിൽ ക്രമീകരിക്കാനാണ് കോൻമാരി പറയുന്നത്. ഷൂ ബോക്സുകളാണ് ഇതിനു യോജിക്കുന്നതെന്നാണ് മാരി കോൻ‍ഡോയുടെ അഭിപ്രായം.

ഏറ്റവും കുറവ് സ്ഥലം ഉപയോഗപ്പെടുത്തുന്ന വിധത്തിൽ സാധനങ്ങള്‍ സൂക്ഷിക്കുക. ഒരു പോലുള്ള സാധനങ്ങൾ ഒരുമിച്ച് ക്രമീകരിക്കുക, എളുപ്പത്തിൽ കാണുന്ന വിധത്തിൽ എളുപ്പത്തിൽ എടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കുക ഇതെല്ലാം കോൻഡോയുടെ രീതിയാണ്. ജീവിതച്ചെലവ് കുറയ്ക്കാൻ വരെ കോൻമാരി സഹായിക്കുമെന്നാണ് മാരി കോൻഡോ അവകാശപ്പെടുന്നത്.

കോൻമാരി ശൈലിക്ക് ആരാധകർ മാത്രമല്ല, വിമർശകരും ഉണ്ട്. മുറിയിലെ സാധനങ്ങളൊന്നും പുറത്തു കാണാതെയിരിക്കുന്നത് അറുബോറൻ രീതിയാണെന്നാണ് അവരുടെ വാദം. ഭിത്തിയിൽ ചിത്രങ്ങളും പെയിന്റിങ്ങുകളുമൊന്നും വയ്ക്കാത്ത, മേശപ്പുറത്ത് അത്യാവശ്യം വേണ്ട സാധനങ്ങൾ മാത്രം കാണുന്ന മിനിമലിസ്റ്റിക് ശൈലി മുറിയുടെ ഭംഗി നഷ്ടപ്പെടുത്തുമെന്ന് ഇവർ പറയുന്നു. എന്തു തന്നെയായാലും പുതുവർഷം മുതൽ വീട് അടുക്കോടെയും വൃത്തിയോടെയും ഇരിക്കട്ടെ!

ഇന്ത്യൻ കോൻമാരി

ഷർട്ട്, പാന്റ്സ്, കമ്പിളി വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, സോക്സ്, കുട്ടികളുടെ ഉടുപ്പുകൾ ഇവയ്ക്കെല്ലാമുള്ള കോൻമാരി ശൈലിയാണ് പൊതുവേയുള്ളത്. ഇന്ത്യൻ വസ്ത്രങ്ങളും കോൻമാരി ശൈലിയിൽ മടക്കാം. ഷർട്ടും ടോപ്പുകളും മടക്കുന്ന അതേശൈലിയാണ് കുർത്തയ്ക്കും ചുരിദാറിനുമെല്ലാം പിൻതുടരുന്നത്.

വസ്ത്രങ്ങൾ മാത്രമല്ല, ബാഗുകളും കിടക്കവിരികളുമെല്ലാം മടക്കാനും കോൻമാരിയില്‍ പ്രത്യേക രീതിയുണ്ട്. പേന, പെൻസിലുകൾ, മേക്കപ്പ് സാധനങ്ങൾ ഇവയെല്ലാം കപ്പുകളിൽ ഇട്ടുവയ്ക്കുന്നത് സ്ഥലനഷ്ടം കുറയ്ക്കാനും സാധനങ്ങൾ അങ്ങിങ്ങു ചിതറിക്കിടക്കാതിരിക്കാനും സഹായിക്കും.