പ്രളയം കഴിഞ്ഞപ്പോൾ വിൽപ്പനയിൽ ഉണർവ്

x-default
SHARE

പ്രളയ ശേഷം ഗൃഹോപകരണ വിൽപ്പനയിൽ ഉണർവ്. ഓണം കഴിഞ്ഞ് സാധാരണ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കേണ്ട വിൽപ്പനയേക്കാൾ 10% അധികം വിൽപ്പന വലുതും ചെറുതുമായ ഗൃഹോപകരങ്ങുടെ എല്ലാ ബ്രാൻഡുകൾക്കും  അനുഭവപ്പെടുന്നു.

വാഷിങ് മെഷീനാണ് ഏറ്റവും ആവശ്യം. വെള്ളം കയറി നശിച്ചവയിൽ മുന്നിൽ ഇതാണ്. എൽഇഡി ടിവികൾ പൊതുവേ പ്രളയത്തിൽ നിന്നു രക്ഷപ്പെട്ട വിഭാഗത്തിലാണ്. അവ മാറ്റിവയ്ക്കാനും എളുപ്പമായിരുന്നു. അതിനാൽ ടിവികൾക്ക് അത്തരമൊരു അധികവിൽപ്പനയില്ല. അതേ സമയം ഫ്രിഡ്ജിനും മിക്സി, സ്റ്റൗവ് എന്നിവയ്ക്കും  ആവശ്യം കൂടി. 

ഇലക്ട്രിക് സാധനങ്ങൾക്കും അത്തരം വർധന വിൽപ്പനയിൽ ചിലയിടത്ത് അനുഭവപ്പെടുന്നുണ്ട്. വെള്ളം കയറി നശിച്ചവർ മറ്റു നഗരങ്ങളിൽ പോയിട്ടാണു വാങ്ങുന്നതത്രെ. നാട്ടിലെ കടകളിൽ ഇവ വെള്ളത്തിൽ മുങ്ങിപ്പോയോ എന്ന സംശയമാണു കാരണം. ഇലക്ട്രിക് വയർ, സ്വിച്ച് ബോർഡ്, സർകീട്ട് ബ്രേക്കർ, സ്വിച്ചുകൾ തുടങ്ങിയവ ഇതിലുൾപ്പെടും.

നഗരങ്ങളിലെ ഫ്ളാറ്റ് നിർമ്മാതാക്കൾക്ക്  ഡിമാൻഡിൽ ഉണർവുണ്ടായി. വീടുകൾ മുങ്ങിപ്പോയവർ ഫ്ലാറ്റുകളിലേക്കു മാറാൻ താൽപ്പര്യപ്പെടുന്നു. 

വെള്ളം കയറിയ സ്ഥലങ്ങളിലെ വീടുകളിൽ  പ്രായമായ മാതാപിതാക്കൾ ഉള്ളവർ അവരെ ഫ്ലാറ്റുകളിലേക്കു മാറ്റാൻ നോക്കുന്നു. തുടക്കമെന്ന നിലയിൽ അനേകം ഫ്ളാറ്റുകൾ ഇങ്ങനെ വാടകയ്ക്കെടുത്തിട്ടുണ്ട്. സ്വന്തമായി വാങ്ങുന്നതിനെക്കുറിച്ച് അന്വേഷണങ്ങളും തകൃതിയായി.

വെള്ളത്തിൽ മുങ്ങിപ്പോയ മെത്തകൾക്കു പകരം പുതിയ മെത്തകൾ വാങ്ങുന്നതിനാൽ ഈ രംഗത്ത് ആവശ്യം 10% വർധിച്ചിട്ടുണ്ട്. കട്ടിലുകളും ടീപോയികളും സോഫകളും അതോടൊപ്പം വിൽപ്പനയുണ്ട്. 

പക്ഷേ എല്ലാ തരം ഉത്പന്നങ്ങളുടേയും പ്രീമിയം ബ്രാൻഡുകൾക്ക് ആവശ്യക്കാർ കുറവ്. നഷ്ടപ്പെട്ടതിനു പകരം വാങ്ങുന്നത് അടിസ്ഥാനവിലയുള്ള മോഡലുകളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME DECOR
SHOW MORE
FROM ONMANORAMA