ഹാവൂ എന്തൊരു ചൂട്! എസി വാങ്ങാനോടുമ്പോൾ ഇതൊന്നു ശ്രദ്ധിക്കുക

നമുക്ക് എസി വാങ്ങാൻ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് സ്റാർ റേറ്റിങ്. 2018 മുതൽ എല്ലാ എസികളിലും അവയുടെ വൈദ്യുതോപയോഗം എത്ര യൂണിറ്റ് ആണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

ഹാവൂ എന്തൊരു ചൂട് ! എന്തായാലും വീട്ടിലേക്കൊരു എസി വാങ്ങുക തന്നെ.  അങ്ങനെ എസി വാങ്ങാനായി ഷോപ്പിൽ എത്തിയാലോ... ദൈവമേ മൊത്തം കൺഫ്യൂഷൻ .. ഇൻവേർട്ടർ എസി, നോൺ ഇൻവേർട്ടർ  എസി, ഫൈവ് സ്റാർ എസി, ത്രീ സ്റ്റാർ എസി, കോപ്പർ കണ്ടൻസർ, അലൂമിനിയം കണ്ടൻസർ ... ദൈവമേ ഇതിലും  ഭേദം ചൂട് സഹിക്കുകയായിരുന്നു. എസി വാങ്ങാൻ പോകുന്ന എല്ലാവരുടെയും ധർമസങ്കടങ്ങൾ ആണിതെല്ലാം .. 

എസി വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? 

ആദ്യമായി എസി എത്ര ടണ്ണിന്റെ വേണം എന്നു നോക്കാം. വയ്ക്കുന്ന റൂമിന്റെ വിസ്തീർണം അറിഞ്ഞാൽ നമുക്ക് ഇത് മനസ്സിലാക്കാവുന്നതേ ഉള്ളു. സാധാരണ കേരളത്തിന്റെ കാലാവസ്ഥ കണക്കിലെടുക്കുമ്പോൾ 120 sqft മുതൽ 140 sqft വരെ 1 ടൺ, 140-180 sqft വരെ 1.5  ടൺ, 180-240 വരെ 2 ടൺ എന്നിങ്ങനെ കണക്കാക്കാം. റൂമിന്റെ ഉയരം, ജനൽ ഗ്ലാസുകൾ, സ്ഥാനം ഒക്കെ എസി യുടെ ടണ്ണേജിനെ സ്വാധീനിക്കുമെങ്കിലും പൊതുവെ ഈ രീതിയിൽ ടണ്ണേജ് കണക്കാക്കാം.  

അടുത്ത പ്രശ്നം ഇൻവേർട്ടർ എസി വേണോ നോൺ ഇൻവേർട്ടർ ഏസി വേണോ എന്നതാണ്. 

എന്താണ്  ഇൻവേർട്ടർ എസി– സാധാരണ എസിയിൽ തണുപ്പ് ക്രമീകരിക്കപ്പെടുന്നത് കംപ്രസർ ഓൺ ഓഫ്‌ ക്രമീകരണത്തിലൂടെ ആണ്. അതായത് 23 ഡിഗ്രി തണുപ്പ് നമ്മൾ സെറ്റ് ചെയ്യുകയാണെങ്കിൽ ആ താപനില എത്തുംവരെ കംപ്രസർ വർക്ക് ചെയ്യുകയും അതിനു ശേഷം ഓഫ് ആവുകയും ചെയ്യും. പിന്നീട് താപനില ഉയരുമ്പോൾ കംപ്രസർ  വീണ്ടും ഓണാവുകയും ചെയ്യുന്നു. എന്നാൽ ഇൻവേർട്ടർ എസി യിൽ സെറ്റ് ചെയ്ത താപനിലയിൽ എത്തുമ്പോൾ  കംപ്രസർ ഓഫ്‌ ആകുന്നില്ല, മറിച്ച് വൈദ്യുത ഉപയോഗം കുറച്ചു കംപ്രസർ വേഗം കുറയ്ക്കുകയാണു ചെയ്യുന്നത്. ഇതുമൂലം താപനില കൃത്യമായി നിലനിർത്തുകയും വൈദ്യുത ഉപയോഗം കുറയുകയും ചെയ്യുന്നു. 

നമുക്ക് എസി വാങ്ങാൻ ഏറ്റവും ഉപകാരപ്രദമായ ഒന്നാണ് സ്റാർ റേറ്റിങ്. 2018 മുതൽ എല്ലാ എസികളിലും അവയുടെ വൈദ്യുതോപയോഗം എത്ര യൂണിറ്റ് ആണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. സ്റാർ റേറ്റിങ് ഉയരുന്നതിനനുസരിച്ചു വൈദ്യുത ഉപയോഗം കുറയുന്നത് അതിൽനിന്നും നിങ്ങൾക്കു മനസ്സിലാക്കാം. ഒരു യൂണിറ്റിന് 5 രൂപ വച്ചു കണക്കാക്കിയാൽ ഒരു വർഷത്തെ ഏകദേശ വൈദ്യുത ചാർജും മനസ്സിലാക്കാം. ഉയർന്ന സ്റാർ റേറ്റിങ്ങിന് അധികമായി നിങ്ങൾ മുടക്കുന്ന തുക എത്ര നാളുകൾക്കുള്ളിൽ മുതലാവും എന്ന് അങ്ങനെ അറിയാം.

എസിയിൽ  ഉപയോഗിക്കുന്ന ഗ്യാസ് പ്രധാനമാണ്. സാധാരണയായി R22 വും R410 ആണ് ഉപയോഗിക്കുന്നത്. ഇതിൽ R410  പൊതുവെ പരിസ്ഥിതി മലിനീകരണം കുറഞ്ഞതും താപചാലകത കൂടിയതും ആണ്. പൊതുവെ പുതിയ എസികളിൽ ഒക്കെ ഇതു തന്നെയാണ് ഉപയോഗിച്ചു വരുന്നത്. 

ചില വിലകുറഞ്ഞ എസികളിൽ കോപ്പറിനു പകരം അലൂമിനിയം കണ്ടൻസർ ഉപയോഗിക്കുന്നുണ്ട്. നിങ്ങൾക്കറിയാവുന്നതു പോലെ കോപ്പേർ കണ്ടൻസർ ഉള്ള എസിക്ക് തന്നെ ആവും  കുറഞ്ഞ പരിപാലന ചെലവ്.