Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തൊരു ചൂട്; കേരളത്തിൽ ചൂടപ്പം പോലെ എസി വിൽപ്പന!

ac

കേരളത്തിൽ വേനൽച്ചൂടു കടുക്കുമ്പോൾ ആഹ്ലാദം കൊണ്ട് എരിപൊരി കൊള്ളുന്ന ഒരു വിഭാഗമുണ്ട്. എസി നിർമിക്കുന്ന കമ്പനികളും അവയുടെ ഡീലർമാരും. വേനൽക്കാലത്ത് കേരളത്തിലെ എസി വിൽപനയുടെ കണക്കുകൾ അമ്പരപ്പിക്കുന്നതാണ്.

സംസ്ഥാനത്ത് വർഷം വിൽക്കുന്ന എസികളുടെ എണ്ണം മൂന്നേകാൽ ലക്ഷം കവിയും. അതിന്റെ 60% അതായത് രണ്ടു ലക്ഷത്തോളം എസികൾ വേനൽമാസങ്ങളിലാണു വിൽക്കുന്നത്. എല്ലാ കടകളിലും കൂടി വർഷം കാൽ ലക്ഷം എസി വിൽക്കുന്ന വൻകിട ഡീലർമാർ നിരവധിയുണ്ട്. വേനൽക്കാലത്ത് മാസം 5000 ഏസിയിലേറെ അവർ വിൽക്കുന്നു. ഷോറൂമുകളിൽ ഡിസ്പ്ലേ ചെയ്തിരിക്കുന്നതുതന്നെ നൂറിലേറെ എസികളാണ്.

ഉപഭോഗത്തിൽ ഇന്ത്യയിലെ തന്നെ മുൻനിര സ്ഥാനം ഉറപ്പിക്കുന്നതാണ് കേരളത്തിന്റെ എസി വിൽപനയുടെ കണക്കുകൾ. ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിലാണ് ആദ്യം വേനൽ ആരംഭിക്കുന്നത്. ഫെബ്രുവരിയോടെ ഇവിടെ ചൂടാകുമ്പോൾ എസി വിൽപനയും ചൂടു പിടിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അപ്പോൾ കൊടും തണുപ്പായിരിക്കും. ഇന്ത്യയിലെ ഉത്സവ സീസണുകളിൽ ആദ്യത്തേത് ഓണം എന്നതിനാൽ രാജ്യത്തെ ഉത്സവ ബിസിനസ് തുടങ്ങുന്നതും കേരളത്തിലാണ്. രാജ്യമാകെ ആ വർഷമുള്ള വിൽപനയുടെ സൂചകമായി ഓണക്കാലത്തെ വിൽപനയെ സർവ ഉപഭോക്തൃ കമ്പനികളും കരുതുന്നതു പോലെ കേരളത്തിലെ എസി വിൽപന കാണുമ്പോഴറിയാം, അക്കൊല്ലം വേനലിൽ ഇന്ത്യയിലെ ആകെ വിൽപനയുടെ സൂചന. ഒന്നു കൊണ്ടറിയണം രണ്ടിന്റെ ബലാബലം എന്ന ചൊല്ലു പോലെ കേരളം കൊണ്ടറിയണം എസി ബിസിനസിന്റെ ബലാബലം!

ഇന്ത്യയിലെ ആകെ എസി വിപണി വർഷം 45 ലക്ഷമാണ്. അതിന്റെ 7% കേരളത്തിൽ. വിൽപന ആദ്യം തുടങ്ങുന്നതു കേരളത്തിലായതിനാൽ കമ്പനികൾ വിപണിയിൽ നിന്നു പിൻവലിക്കാൻ വച്ചിരിക്കുന്ന പഴയ മോഡൽ എസികൾ കേരളത്തിൽ കൊണ്ടു വന്നു വിലകുറച്ചു കൊടുക്കുന്ന പതിവുമുണ്ട്. പക്ഷേ വേനലിന്റെ തുടക്കത്തിൽ തന്നെ ഇവ വിറ്റു തീർന്നിരിക്കും. 

ഇവിടെ വിൽക്കപ്പെടുന്നവയിൽ 60% ഒരു ടൺ ശേഷിയുടേതാണ്. ഒന്നര ടൺ ശേഷിയുടേത് 20–25%. അതിലേറെ ശേഷിയുള്ള എസികൾ ബാക്കി 15% മാത്രം. ഇക്കൊല്ലം എസിയുടെ വിൽപനയിൽ കുറവില്ലെന്ന് കടക്കാർ പറയുന്നു. മുൻ വർഷത്തേക്കാൾ 15% വളർച്ചാ നിരക്കുണ്ട്. എന്നാൽ വിലയിലെ വർധന മൂലം വലിയൊരു കുതിച്ചുചാട്ടവുമില്ല. 

മുൻപ് 20,000 രൂപയ്ക്കടുത്തു വിലയുണ്ടായിരുന്ന എസികൾക്ക് ഇപ്പോൾ 30,000 രൂപയ്ക്കടുത്താണു വില. ആധുനിക ഇൻവെർട്ടർ എസികൾക്കാണു വിപണിയിൽ മേൽക്കൈ. സ്വാഭാവികമായും വിലയും കൂടുതൽ. 28% ജിഎസ്ടിയും ചേരുമ്പോൾ 28,000–31,000 രൂപയിലെത്തുന്നു. ശരാശരി വില 25,000 രൂപ എന്ന് അനുമാനിച്ചാൽ മൂന്നേകാൽ ലക്ഷം എസികൾക്കു വില 800 കോടി. വേനൽക്കാലത്തു മാത്രം രണ്ടു ലക്ഷം എസി വിൽക്കുമ്പോൾ 500 കോടിയുടെ മുതലാണ്. എസിയേക്കാൾ ചെലവു കുറവുള്ള കൂളറുകൾ ഉത്തരേന്ത്യയിൽ വൻ വിൽപനയാണെങ്കിലും കേരളത്തിൽ വലിയ താൽപര്യമില്ല.

എസി സ്റ്റാറുകളുടെ രഹസ്യം

air condition

എസിക്ക് ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ റേറ്റിങ് കണ്ടിട്ടുണ്ടല്ലോ. വൈദ്യുതി ഉപഭോഗം കുറയുന്നതനുസരിച്ചുള്ള റേറ്റിങ്ങാണിത്. ഏറ്റവും കുറഞ്ഞ വൈദ്യുത ഉപഭോഗം അടിസ്ഥാനത്തിലാണ് ത്രീ, ഫോർ, ഫൈവ് സ്റ്റാറുകൾ കിട്ടുന്നത്.

കേന്ദ്ര ഗവ. ഊർജ മന്ത്രാലയം ഇക്കൊല്ലം മുതൽ ഇന്ത്യൻ സീസണൽ എനർജി എഫിഷ്യൻ റേറ്റിങ് (ഐഎസ്ഇഇആർ) നിർബന്ധമാക്കിയിട്ടുണ്ട്. അതനുസരിച്ച് വർഷം എസിയുടെ ഉപയോഗം 1600 മണിക്കൂർ കണക്കാക്കിയാൽ എത്ര യൂണിറ്റ് വൈദ്യുതി ഉപഭോഗം എന്നു രേഖപ്പെടുത്തണം. 

നിശ്ചിത യൂണിറ്റ് ഉപഭോഗത്തിൽ കുറഞ്ഞിരിക്കുന്നതിന്റെ അളവനുസരിച്ച് റേറ്റിങ് ലഭിക്കുന്നു. ഏറ്റവും ഉപഭോഗം കുറഞ്ഞതിന് ഫൈവ് സ്റ്റാർ ലഭിക്കും. സ്റ്റാർ റേറ്റിങ് ഉയരുന്നതനുസരിച്ച് വില കൂടുമെങ്കിലും മാസം തോറുമുള്ള വൈദ്യുതിച്ചെലവു കുറയും.