കോൺക്രീറ്റിങ്, ഫ്ളോറിങ്...ചെലവ് കുറയ്ക്കാം

കോൺക്രീറ്റിങ്

∙ കോൺക്രീറ്റിന് കമ്പി കെട്ടുന്നതിന് സ്റ്റിറപ്പുകൾ/ റിങ്ങുകൾ ആവശ്യമാണ്. ഈ റിങ്ങുകൾ റെഡിമെയ്ഡ് ആയി ലഭിക്കും. ഒരു പണിക്കാരൻ ഒരു റിങ് വളച്ചെടുക്കുന്നതിന് ഒരു കിലോയ്ക്ക് 10 രൂപ വരെ ചെലവ് വരും. എന്നാൽ റിങ്ങുകൾ വളച്ചെടുത്ത് വർക് സൈറ്റിൽ എത്തിച്ചു തരുന്നതിന് കിലോയ്ക്ക് ഒരു രൂപയാണ് കമ്പനികൾ വർക്കിങ് ചാർജായി ഈടാക്കുന്നത്. ഈയിനത്തിൽ കിലോയ്ക്ക് ഒൻപത് രൂപയോളം ലാഭിക്കാം.

∙ കോൺക്രീറ്റിൽ കമ്പി ഇടുന്നതിനുള്ള കണക്ക് ഒരു സ്ട്രക്ചറൽ എൻജിനീയറെക്കൊണ്ട് ചെയ്യിച്ചാൽ കമ്പി ലാഭിക്കാം. കോൺക്രീറ്റിൽ എത്ര കമ്പി ഇടണമെന്ന് ഉടമസ്ഥനും ജോലിക്കാർക്കും അറിയില്ല. ബലത്തിനായി കുറച്ചധികം കമ്പി ഇടുന്നവരുമുണ്ട്. ഇത് വീടിനു ദോഷവും നഷ്ടവും ഉണ്ടാക്കുന്നു.

∙ തേപ്പിനും വാർക്കയ്ക്കും പുഴമണലിനേക്കാൾ വില കുറവുള്ള മാനുഫാക്ചേർഡ് സാൻഡ് ഉപയോഗിക്കാം.

∙ വാർക്കുമ്പോൾതന്നെ വെള്ളം പുറത്തേക്ക് പോകാനുള്ള പൈപ്പിന് ദ്വാരം ഇട്ടുവച്ചാൽ വീണ്ടും കുത്തിപ്പൊട്ടിക്കാതിരിക്കാം. ദ്വാരം വേണ്ടിടത്ത് വാഴപ്പിണ്ടിവച്ച് കൃത്യം വലുപ്പം ഉണ്ടാക്കുന്നത് ഒരു മാർഗമാണ്.

ഫ്ലോറിങ്

∙ ഫ്ലോറിങ് ചെയ്യുന്നതിനു മുൻപുതന്നെ തറ വേണ്ടരീതിയിൽ നിരപ്പാക്കാത്തത് ചെലവ് കൂട്ടും. തറ ഒരേ നിരപ്പിലാണെങ്കിൽ ഒരിഞ്ച് കനത്തിൽ മതി പരുക്കൻ ഇടുന്നത്. നിലം നിരപ്പാക്കുന്നതിനുവേണ്ടി പല വീടുകളിലും മൂന്ന് ഇഞ്ച് വരെ പരുക്കൻ ഇടേണ്ടി വരാറുണ്ട്. പരുക്കന്റെ ഉപയോഗം കൂടുന്നതനുസരിച്ച് മണലിന്റെ ഉപയോഗവും കൂടും. ലേബർ ചാർജ് ഇനത്തിലും വർധനവുണ്ടാവും.‌

∙ ഓരോ മുറിയുടെയും നീളവും വീതിയും ടൈൽ വലുപ്പമനുസരിച്ച് ഇരട്ടസംഖ്യയായി പ്ലാൻ ചെയ്താൽ ടൈൽ മുറിച്ച കഷണങ്ങൾ ബാക്കി വരുന്നത് ഒഴിവാക്കാം.

∙ സ്കർട്ടിങ് ആണ് ഫ്ലോറിങ്ങിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. അടിവരെ പ്ലാസ്റ്റർ ചെയ്ത് അവസാനം സ്കർട്ടിങ് വേണ്ട ഭാഗത്ത് കുത്തിപ്പൊട്ടിച്ച് ടൈൽ ഉള്ളിലാക്കുന്നത് വലിയ നഷ്ടമാണ്. ഇതൊഴിവാക്കാൻ ആദ്യം തന്നെ സ്കർട്ടിങ്ങിനുള്ള സ്ഥലം ഒഴിച്ചിടാം.

∙ താഴെ വരെ പ്ലാസ്റ്റര്‍ ചെയ്ത് അതിനു മുകളില്‍ ടൈൽ ഒട്ടിക്കുകയാണെങ്കില്‍ ടൈലിന്റെ അരിക് ഉരുട്ടേണ്ടിവരും. ഇതിന് റണ്ണിങ് ഫീറ്റ് ചാർജ് ആണ് ഈടാക്കുന്നത്. ഒരു വീട്ടിൽ കുറഞ്ഞത് 1000 റണ്ണിങ് ഫീറ്റെങ്കിലും സ്കർട്ടിങ് വരുമെന്നതിനാൽ ചാർജ് കൂടും. ടൈൽ ഇടാൻ ചതുരശ്രയടി കണക്കാണ് പലരും ചിന്തിക്കുകയെന്നതിനാൽ ഈ തുക ചിലപ്പോള്‍ ഞെട്ടിച്ചേക്കാം.

∙ ചില വിട്രിഫൈഡ് ടൈലുകൾ, ഗ്രാനൈറ്റ്, മാർബിൾ പോലെയുള്ള വലിയ സ്ലാബുകളായി വരുന്ന മെറ്റീരിയൽ ചെറിയ ഇടങ്ങളിലേക്ക് ഉപയോഗിച്ചാൽ കൂടുതൽ മുറിക്കേണ്ടിവരും. മെറ്റീരിയൽ പാഴാകുന്നതിന് ഇത് ഇടവരുത്തും. മുറികളുടെ വലുപ്പം അനുസരിച്ച് ഫ്ലോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കാം.