തടി- ചെലവ് ചുരുക്കാം

തടി

∙ പഴയ ജനലും വാതിലും വാങ്ങിയാൽ തടിയുടെ ചെലവ് 50 ശതമാനത്തോളം കുറയ്ക്കാൻ സാധിക്കും. പഴയ തടിയിലെ പെയിന്റ് ചുരണ്ടിക്കളയാൻ പണിക്കൂലി കൂടുതലാണ്. അതിന് കുമ്മായവും കാരവും പകുതി അളവിലെടുത്ത് ഒരു ലെയർ തേച്ചാൽ മതി.

∙ തടികൾ പോളിഷ് ചെയ്യുന്നതിനു പകരം ലിൻസീഡ് ഓയിൽ അടിക്കാം. പ്രകൃതിദത്തമാണ്; ചെലവും കുറവാണ്.

∙ എല്ലാ ഉപയോഗത്തിനും ഒരേ ഇനം മരം തന്നെ ഉപയോഗിക്കുകയാണെങ്കിൽ ചെലവ് ക്രമാതീതമായി കൂടും. ഉദാഹരണത്തിന് പലകയ്ക്ക് വേണ്ടി ഉപയോഗിക്കേണ്ട മരത്തിൽനിന്ന് ഫ്രെയിം വർക്കിനുവേണ്ട ചട്ടങ്ങൾ എടുക്കരുത്. കാരണം ഫ്രെയിം ഉണ്ടാക്കാൻ അത്രയും ചെലവു കൂടിയ മരം വേണ്ട. അതുപോലെ കർട്ടന്റെ ഉൾഭാഗത്ത് വരുന്ന ജനൽ കട്ടിള ഉണ്ടാക്കാൻ വണ്ണം കൂടിയ വില കൂടിയ മരം ഉപയോഗിക്കാതെ മൂപ്പുള്ള, വണ്ണം താരതമ്യേന കുറവുള്ളവ ഉപയോഗിക്കുന്നതിലൂടെ െചലവ് കുറയ്ക്കാൻ സാധിക്കും. ഒരേ ഇനം മരം വാങ്ങാൻ ഉദ്ദേശിച്ചാൽ പല വിലയിലുള്ള, പല വണ്ണത്തിലുള്ള രണ്ടോ മൂന്നോ തരം തടി വാങ്ങുന്നതാണ് നല്ലത്. ഫോറസ്റ്റ് തേക്ക് വാങ്ങാനാണ് ഉദ്ദേശ്യമെങ്കിൽ പലകയ്ക്ക് ബി 2 ഇനവും കട്ടിളയ്ക്ക് ബി 3 യും ഫ്രെയിം വർക്കിനുവേണ്ടി ബി 4 ഉം എടുക്കുക. ഈ പറഞ്ഞ മൊത്തം ആവശ്യങ്ങൾക്കും ബി 2 ഉപയോഗിച്ചാൽ 40 ശതമാനം ചെലവ് കൂടും.

∙ തൊലിക്ക് എവിടെയും പൈസ കൊടുക്കേണ്ടതില്ല. അതുകൊണ്ട് തൊലി വെട്ടിക്കളഞ്ഞുവേണം ഏതു തടിയായാലും അളക്കാൻ. വീട്ടിത്തടിയാണെങ്കിൽ വെള്ളയുള്ള ഭാഗങ്ങൾ വരെ കളഞ്ഞതിനു ശേഷമാണ് വിൽപന നടത്താറ്.

∙ വാഡ്രോബുകൾ, അടുക്കള കാബിനറ്റുകൾ എന്നിവയ്ക്ക് തടിക്കു പകരം ഫെറോസിമന്റ് സ്ലാബുകൾ ഉപയോഗിക്കാം. ചിതൽ വന്നോ വെള്ളം വീണോ നശിക്കുമെന്ന പേടി വേണ്ട. ഷെൽഫുകളുടെ തട്ടുകൾ ഫെറോസിമന്റ് ഉപയോഗിച്ചും കതകുകൾ മരമോ പ്ലൈവുഡോ ചേർത്തും നിർമിച്ചാൽ ഷെൽഫിന്റെ ചെലവിന്റെ 50 ശതമാനം വരെ കുറയ്ക്കാം. പ്ലൈവുഡ് ഉപയോഗിക്കുമ്പോൾ ഗുണനിലവാരമുള്ളത് തിരഞ്ഞെടുക്കണം.

∙ തടി വാതിലുകൾക്കു പകരം റെഡിമെയ്ഡ് വാതിലുകൾ ഉപയോഗിക്കാം. നല്ല ബ്രാൻഡഡ് റെഡിമെയ്ഡ് വാതിലിന് തടി വാതിലിനേക്കാൾ നാലിലൊന്ന് ചെലവേ വരൂ.

∙ കൊത്തുപണികൾ ഒഴിവാക്കുക. ഫർണിച്ചറിന്റെ ഡിസൈൻ ലളിതമാക്കുന്നതും ചെലവ് കുറയ്ക്കും

∙ പാനലിങ് പോലെ തടികൊണ്ടുള്ള ധൂർത്ത് ഒഴിവാക്കാം.

∙ ഇരൂൾ, ഇരുമ്പകം, വേങ്ങ തുടങ്ങിയ നാടൻ മരങ്ങൾ ചെലവു കുറഞ്ഞതും ഗുണമേന്മയുള്ളതുമാണ്.

വാതിലും ജനലും

∙ കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിൽ ജനാലകൾ നൽകിയാൽ ഫാനിന്റെയും ലൈറ്റിന്റെയും ഉപയോഗം കുറയ്ക്കാം.

∙ വീടിനകത്ത് കാറ്റും വെളിച്ചവും കയറാൻ ജനാലകൾ ആവശ്യമാണ്. പക്ഷേ, തുറക്കാൻ സാധ്യതയില്ലാത്ത ജനാലകൾ ഒഴിവാക്കാം.

∙ രണ്ടു പാളി വാതിലാണോ ഒറ്റപ്പാളി വാതിലാണോ എന്നത് ആദ്യമേ ഉറപ്പിക്കണം. രണ്ടുപാളി വാതിലിന് വേണ്ടവിധത്തിൽ സ്പാൻ കൂടുതൽ ഇട്ട് ഒറ്റ പാളി വാതിൽ പിടിപ്പിച്ചാല്‍ നഷ്ടമായിരിക്കും ഫലം. രണ്ടുപാളി ജനലുകൾക്കും വാതിലുകൾക്കും പണിക്കൂലി കൂടുതലായിരിക്കും.

∙ ജനല്‍ കമ്പികളിൽ അലങ്കാരപ്പണികൾ ഒഴിവാക്കാം. തിരശ്ചീനമായോ ലംബമായോ ഏതെങ്കിലും ഒരു രീതിയിൽ മാത്രം കമ്പികൾ കൊടുത്താൽ കാറ്റും വെളിച്ചവും കൂടുതൽ കയറുകയും ചെലവു കുറയുകയും ചെയ്യും.

∙ കട്ടിയുള്ള കർട്ടനുകളും സ്കാലപ്പുകളും ഒഴിവാക്കി ബ്ലൈൻഡ് തിരഞ്ഞെടുത്താൽ മെറ്റീരിയൽ ചാർജ് കുറയ്ക്കാം.