750 സ്ക്വയർ ഫീറ്റില്‍ മൂന്നു ബെഡ്റൂം ഫ്ലാറ്റ്, അകത്തളത്തിലാണ് കാര്യം!

ലഭ്യമായ സ്ഥലത്ത് സൗകര്യപൂർവം, തടസ്സങ്ങളൊന്നുമുണ്ടാക്കാതെ വീട്ടുപകരണങ്ങളും സാധനങ്ങളും ഭംഗിയായി ഒതുക്കിവയ്ക്കുന്ന കലയാണ് സ്പെയ്സ് മാനേജ്മെന്റ്

ഹോ, ഈ സാധനങ്ങളൊക്കെ ഞാൻ എവിടെ ഒതുക്കും? വളരെ പ്ലാൻ ചെയ്ത് ഒരു വീട് വച്ചാലും പലർക്കും പരാതി കൾ തീരില്ല, കാരണം, വീടൊക്കെ കൊള്ളാം. പക്ഷേ, വസ്ത്ര ങ്ങൾ മുതൽ കുട്ടികളും പുസ്തകങ്ങളും അടുക്കള സാധനങ്ങൾ വരെയും മൊട്ടു സൂചി മുതൽ മരുന്നുകളും അരകല്ലു വരെയും ഒരു വീട്ടിൽ ഒതുക്കേണ്ടേ! അങ്ങനെ നോക്കുമ്പോൾ ചെറുതും വലുതുമായ നൂറു നൂറു വസ്തുക്കൾ എങ്ങനെ ഭംഗിയായി ഒതുക്കിവയ്ക്കും. അവിടെയാണ് സ്പെയ്സ് മാനേജ്മെന്റിന്റെ പ്രസക്തി. 

750 സ്ക്വയർഫീറ്റ് കാർപെറ്റ് ഏരിയയുള്ള മൂന്നു ബെഡ്റൂം ഫ്ലാറ്റിന്റെ പ്രധാന ഭാഗങ്ങളാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്

എന്താണ് സ്പെയ്സ് മാനേജ്മെന്റ്?

ലഭ്യമായ സ്ഥലത്ത് സൗകര്യപൂർവം, തടസ്സങ്ങളൊന്നുമുണ്ടാക്കാതെ വീട്ടുപകരണങ്ങളും സാധനങ്ങളും ഭംഗിയായി ഒതുക്കിവയ്ക്കുന്ന കലയാണ് സ്പെയ്സ് മാനേജ്മെന്റ്. കൃത്യമായ പ്ലാനിങ്ങും സജ്ജീകരണങ്ങളും ഇതിനാവശ്യമാണ്. വീടിന്റെ ഡിസൈനിങ് ഘട്ടം മുതൽ സ്പെയ്സ് മാനേജ്മെന്റിനെക്കുറിച്ചു ചിന്തിക്കണം. തയാറാക്കുന്ന പ്ലാനിൽ ഒരു ഇന്റീരിയർ ഡിസൈനറെ കൂടി ഉൾപ്പെടുത്തി പരിശോധിക്കുകയാണ് വേണ്ടത്. വീട്ടുകാരുടെ ആവശ്യങ്ങൾ അറിഞ്ഞ് ഒരു ഇന്റീരിയർ ഡിസൈനർക്ക് ആ പ്ലാനിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കാൻ സാധിക്കും. അങ്ങനെയെങ്കിൽ യൂട്ടിലിറ്റിയും ഭംഗിയും സമന്വയിക്കുന്ന ഒരു സുന്ദര ഭവനം നിങ്ങൾക്കു നിർമിക്കാനാവും. അധികച്ചെലവും റീ കൺസ്ട്രക്ഷനും ഒഴിവാക്കാനുമാവും. 

സ്പെയ്സ് മാനേജ്മെന്റ് എങ്ങനെ?

ലീവിങ്, ഡൈനിങ്, കിച്ചൻ ഏരിയകളാണ് ഒരു വീട്ടിൽ ഏറെ ശ്രദ്ധിക്കേണ്ട ഇടങ്ങൾ. വീട്ടിൽ അതിഥികൾ എത്തിയാൽ ലിവിങ്, ഡൈനിങ് ഏരിയകളിലാണ് സമയമേറെ ചെലവഴി ക്കുക. ഭക്ഷണമൊരുക്കാനും മറ്റുമായി ഏറെ സമയം സ്ത്രീകൾ ചെലവിടുന്നത് കിച്ചനിലാണ്. അതോടൊപ്പം അനവധി സാധനങ്ങളും അടുക്കളയിൽ ഒന്നിക്കുന്നു. അതിനാൽ, ഈ മൂന്ന് ഏരിയകൾക്കാണ് ഏറെ പ്രാധാന്യം നൽകേണ്ടത്. ഈ സ്പെയ്സുകൾ ഭംഗിയോടെയും സൗകര്യപൂർവവുമായി വേണം ഒരുക്കാൻ. 

ലിവിങ്, ഡൈനിങ് ഏരിയകൾ 

കൈയിലൊതുങ്ങുന്ന ബജറ്റിൽ വീടു വയ്ക്കുമ്പോഴോ ഫ്ളാറ്റ് വാങ്ങുമ്പോഴോ സ്ഥലപരിമിതികൾ പലപ്പോഴും അനുഭവപ്പെടും. ലിവിങ്, ഡൈനിങ് ഏരിയകൾ പലപ്പോഴും ഒരുമിച്ചു മായിരിക്കും. ആവശ്യങ്ങൾക്ക് ഇണങ്ങും വിധം ഡിസൈൻ ചെയ്ത ഒരു പാർട്ടീഷൻ നൽകി ഇവയെ വേർതിരിക്കാം. ഈ പാർട്ടീഷന്റെ ലിവിങ് ഏരിയായോട് അഭിമുഖമായ ഭാഗം ടിവി സ്റ്റാൻഡാക്കി മാറ്റാം. ഇതിൽ ഷെൽഫുകളും ഒരുക്കി പുസ്തകങ്ങളോ മാസികകളോ ഉള്ളിലൊതുക്കിയും വയ്ക്കാം. കൂടാതെ, കാഴ്ചയ്ക്ക് അഴകാകുന്ന ക്യൂരിയോസും ഈ വോളിൽ സ്ഥാപിക്കാം. ലിവിങ് റൂമിന്റെ ഇന്റീരിയറിനോടു ചേർന്നു നില്‍ക്കുന്ന ഡിസൈൻ നല്‍കുകയാണെങ്കിൽ മുറിക്ക് ഏറെ ഭംഗിയേകും ഈ പാർട്ടീഷൻ.

പാർട്ടീഷന്റെ ഡൈനിങ് ഏരിയയോട് അഭിമുഖമായ വശം ക്രോക്കറി ഷെൽഫാക്കി ഉപയോഗിക്കാം. പാത്രങ്ങളും മറ്റും ഭംഗിയായി ഈ സ്പെയ്സിൽ ഒതുക്കാം. പാർട്ടീഷൻ ക്രോക്ക റി ഷെൽഫാക്കുമ്പോൾ ഭക്ഷണ സാധനങ്ങൾ വയ്ക്കാനുള്ള സ്പെയ്സും ഇതോടൊപ്പം ഒരുക്കണം. അങ്ങനെയെങ്കിൽ ഭക്ഷണമെല്ലാം അടുക്കളയിൽ നിന്നും തയാറാക്കി ഒരുമിച്ച് ഇവിടെ വയ്ക്കാമല്ലോ.  അതിഥികളെ  സൽക്കരിക്കുമ്പോൾ പലവട്ടം അടുക്കളിയിലേക്കുള്ള ഓട്ടം ഒഴിവാക്കുകയുമാകാം. 

ഇത്തരത്തിൽ വസ്തുക്കളെല്ലാം ഉൾക്കൊള്ളുന്ന പാർട്ടീഷന്‍ ഭാരമേറിയതായിരിക്കും. പാർട്ടീഷന് ഭാരം കുറവാണെങ്കിൽ ചുവട്ടിൽ വീലുകൾ കൊടുത്ത് പാർട്ടീഷനെ ഒരു വശത്തേക്കു നീക്കിമാറ്റാനുമാകും. 

വേ വിൻഡോ ആണെങ്കിൽ അതിനു കീഴിൽ സ്റ്റോറേജ് സ്പെയ്സ് സൃഷ്ടിക്കാം. ലിവിങ് ഏരിയയിൽ തിങ്ങി നിറഞ്ഞ വിധമായിരിക്കരുത് ഫർണിച്ചറുകളുടെ സ്ഥാനം. ഇഷ്ടപ്പെട്ട ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ അവ മുറിയുടെ അളവിന് ഇണങ്ങുന്നവിധമുള്ളതായിരിക്കാൻ ശ്രദ്ധിക്കണം. അതിനായി മുറിയുടെ അളവുകൾ ഫർണിച്ചർ തിരഞ്ഞെടുക്കു മ്പോൾ കരുതണം. സ്റ്റോറേജ് സൗകര്യമുള്ള സോഫകളും മറ്റും വിപണിയിൽ ലഭ്യമാണ്. കൂടാതെ, സോഫാ കം ബെഡുകളുമുണ്ട്. പകൽ സോഫയായും രാത്രിയിൽ ബെഡായും ഇത് ഉപയോഗിക്കാം. ഇനി, ഗസ്റ്റുകളുണ്ടെങ്കിൽ മറ്റൊരു മുറി വേണമെന്നില്ലല്ലോ. ഇന്ന് ഉപഭോക്താവിന്റെ അഭിരുചികൾക്കും ആവശ്യങ്ങൾക്കും ഇന്റീരിയറിനും അനുസരിച്ചുള്ള കസ്റ്റമൈസ്ഡ് ഫർണിച്ചറുകളും വിപണിയിൽ ലഭ്യമാണ്. അതിനാൽ, ആവശ്യങ്ങളും മുറിയുടെ സ്പെയ്സും മനസ്സിലാക്കി  യൂട്ടിലിറ്റിയും സൗന്ദര്യവും ഒത്തിണങ്ങിയ ഫർണിച്ചറുകൾ സ്വയം ഡിസൈൻ ചെയ്യാൻ സാധിക്കും. 

ഡൈനിങ് ഏരിയായിൽ സ്ഥലപരിമിതിയുണ്ടെങ്കിൽ സ്ക്വയർ ഡൈനിങ് ടേബിളിനു പകരം റൗണ്ട് ടേബിൾ ഉപയോഗിക്കാം. റൗണ്ട് ടേബിൾ സ്പെയ്സ് മാനേജ് ചെയ്യാൻ ഉചിതമായ മാർഗമാണ്. ടേബിളിന്റെ വശങ്ങളിലൂടെ തിങ്ങി ഞെരുങ്ങാതെ സുഗമമായി നടന്നു പോകാൻ സാധിക്കും. ഇതോടൊപ്പം റൗണ്ട് ടേബിളിൽ കറങ്ങുന്ന ഫുഡ് സ്റ്റാൻഡുമുണ്ടെങ്കിൽ അതു കറക്കി ഭക്ഷണം ഓരോരുത്തർക്കും സുഗമമായി എടുക്കാനും സാധിക്കും. കൂടാതെ, വാഷ് ബേസിന് താഴെ കബോർഡ് സ്ഥാപിച്ച് അതിനുള്ളിലും സ്പെയ്സ് സൃഷ്ടിക്കാം.  

കബോർഡ് വയ്ക്കുവാൻ പാകത്തിന് ഭിത്തി പുറത്തേക്കു തള്ളി പണിയുകയാണെങ്കിൽ ഭിത്തിയോടു ചേർന്നു തന്നെ അതിന്റെ ഡോർ വരികയും അങ്ങനെ സ്പെയ്സ് ലാഭിക്കു കയും ചെയ്യാം. ഫ്ളാറ്റുകളിൽ പൊതുവേ ഭിത്തികൾക്കു കട്ടി കുറവായതിനാൽ വോൾ റാക്കുകൾ സ്ഥാപിക്കാൻ സാധിക്കണമെന്നില്ല. ഫ്രണ്ട് ഡോറിന്റെ ബാക്കിൽ കോറിഡോർ പോലെയുണ്ടെങ്കിൽ നെഞ്ചിന്റെ ഉയരത്തിലുള്ള റാക്കുകൾ സ്ഥാപിക്കാം. അത്യാവശ്യം സാധനങ്ങൾ ഇതിൽ വയ്ക്കാം. ഷൂ റാക്കായും മറ്റും ഇതിനെ ഉപയോഗിക്കാം. ഡോറിന്റെ പിന്നിലായതിനാൽ സ്ഥലനഷ്ടവുമുണ്ടാകില്ല. 

ശ്രദ്ധയോടെ കിച്ചൻ ഒരുക്കാം

ഉപ്പു മുതൽ പച്ചക്കറികൾ വരെയും കടുകു മുതൽ ഫ്രിഡ്ജു വരെയും നീളുന്ന അതിവിശാലമായ ലോകമാണ് അടുക്കള. എത്രയെത്ര വസ്തുക്കൾ. അവയെല്ലാം പരിമിതമായ സ്ഥല ത്ത് ഒതുക്കിവയ്ക്കുകയെന്നത് ഏതൊരു വീട്ടമ്മയും നേരിടു ന്ന വെല്ലുവിളിയാണ്. മികച്ച രീതിയിലാണ് അടുക്കളയെങ്കിൽ വീട്ടമ്മമാർക്ക് സന്തോഷത്തോടെയും ഊർജസ്വലതയോടെ യും ജോലികൾ ചെയ്യാൻ സാധിക്കും. ഫ്രിഡ്ജിനെയും കൂടി ഉൾക്കൊള്ളിക്കുന്ന വിധമായിരിക്കണം അടുക്കളയുടെ ഡിസൈൻ.

മോഡുലാർ കിച്ചനാണെങ്കിൽ ചെറിയ അടുക്കളയാണെങ്കിലും നിരവധി സാധനങ്ങൾ ഒതുക്കി വയ്ക്കാൻ സാധിക്കും. ഒപ്പം, വീട്ടമ്മമാർക്കു സൗകര്യപ്രദവുമാണ്. കബോർഡ് അക്സസ റീസായ പുൾ ഔട്ട്, ഓയിൽ പുൾ ഔട്ട്, കട് ലറി പുൾ ഔട്ട്, പ്ലെയ്റ്റ് പുൾ ഔട്ട് തുടങ്ങിയവ സജ്ജീകരിച്ചാൽ അടുക്കള സാധനങ്ങൾ ഉള്ളിൽ ഒതുക്കി വയ്ക്കാനും ആവശ്യത്തിന് എളുപ്പത്തിൽ എടുത്ത് ഉപയോഗിക്കാനും സാധിക്കും. കോറി ഡോർ രീതിയിലാണ് കിച്ചനെങ്കിൽ കൂടുതൽ കബോർഡുകൾ സജ്ജീകരിക്കാനാവും. ഡിസൈൻ മുൻകൂട്ടി പ്ലാൻ ചെയ്താൽ അടുക്കളയുടെ പ്ലഗ്, സ്വിച്ച്, വാട്ടർ പോയിന്റ് എന്നിവയൊക്കെ എവിടെ വരണമെന്നും അതനുസരിച്ച് ഏതൊക്കെ ഉപകരണ ങ്ങൾ എവിടെ സ്ഥാപിക്കണമെന്നും നിശ്ചയിക്കാൻ സാധി ക്കും. തീയുടെയും വെള്ളത്തിന്റെയും സാമീപ്യം അവന് പാടില്ല ല്ലോ.  അതനുസരിച്ച് അവൻ അടുക്കളയിൽ സെറ്റ് ചെയ്യണമെ ങ്കിൽ ഇത്തരത്തിൽ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതു നല്ലതായി രിക്കും. 

അടുക്കളയ്ക്കൊപ്പം ഒരു വർക്ക് ഏരിയ കൂടി സജ്ജീകരിച്ചാൽ വർക്കിങ് കിച്ചൺ, മിക്സി, യൂട്ടിലിറ്റി സിങ്ക്, അരകല്ല് തുടങ്ങി യവയൊക്കെ ഇതിൽ ഉൾപ്പെടുത്തുകയും ചെയ്യാം. വാഷിങ് മെഷീനും കൂടി വർക്ക് ഏരിയയിൽ ഒരുക്കിയാൽ അടുക്കള യിൽ ജോലി ചെയ്യുന്നതിനൊപ്പം വസ്ത്രങ്ങൾ അലക്കുകയും ചെയ്യാം. 

ബെഡ്റൂമിൽ ഒരുക്കാം സ്പെയ്സ്

വിശ്രമത്തിനുള്ള സ്പെയ്സാണ് ബെഡ്റൂം. അതിനനുസരിച്ചു വേണം ബെഡ്റൂം സജ്ജീകരിക്കാൻ. സ്റ്റോറേജ് സ്പെയ്സു ള്ളതും ഒതുങ്ങിയതുമായ ഫർണിച്ചറുകൾ ഉപയോഗിക്കുന്ന താണ് ഉചിതം. മുറി ചെറുതെങ്കിൽ ആർഭാടം കൂടിയ വലിയ കട്ടിലിനു പകരം രണ്ട് സിംഗിൾ കട്ടിലുകൾ ഒരുമിച്ചും ഇടാം. ആവശ്യമെങ്കിൽ ഇതിനെ രണ്ടാക്കി മാറ്റുകയും ചെയ്യാമല്ലോ. ഡ്രോയറുള്ള കട്ടിലാണെങ്കിൽ ധാരാളം സ്റ്റോറേജ് സ്പെയ്സും ലഭിക്കും. ഹെഡ്റെസ്റ്റിന്റെ ഭാഗത്ത് കബോർഡു കൾ വയ്ക്കാം. മുറിയുടെ അളവിന് അനുസരിച്ച് ഒതുങ്ങിയ അലമാരകൾ ഉപയോഗിക്കുന്നതാണ് ഉചിതം. ഫർണിച്ചറുൾ എല്ലാം തിങ്ങി നിറഞ്ഞപോലുള്ള തോന്നൽ ഉണ്ടാകരുത്. വസ്ത്രങ്ങൾ തേക്കാൻ കബോർഡുള്ള ഫർണിച്ചർ ഉപയോഗി ക്കാം. തേച്ച വസ്ത്രങ്ങളും മറ്റും ഇതിനുള്ളിൽ വയ്ക്കാമല്ലോ. 

ബാത്റൂം

ബാത്റൂമില്‍ വാഷ് ബെയ്സിൻ, ടോയിലറ്റ്, ബാത്തിങ് ഏരിയ എന്നിങ്ങനെ ക്രമത്തിൽ ഒരുക്കുകയാണെങ്കിൽ നന്ന്. ഒപ്പം സൗകര്യവും ലഭിക്കും. ബോക്സോട് കൂടിയ മിറർ വയ്ക്കുക യാണെങ്കിൽ ഷേവിങ്, ബാത്തിങ് വസ്തുക്കൾ അതിനുള്ളിൽ വയ്ക്കാം. കോർണർ സ്റ്റാൻഡ് ഗ്ലാസിന്റേതാണെങ്കിൽ വൃത്തിയാക്കാനും എളുപ്പമായിരിക്കും. 

വിവരങ്ങൾക്കു കടപ്പാട്:

രാജേഷ് എ.ബി.,

ഇന്റീരിയർ ഡിസൈനർ, കൊച്ചി   

Read more on : Home Decoration, Magazine Malayalam