Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീട് പണിയുന്നവർക്ക് നല്ല കാലം വരുന്നു!

x-default

സ്വാതന്ത്ര്യത്തിന്റെ 75–ാം വർഷത്തിലെത്തുമ്പോൾ എല്ലാ ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളുള്ള കിടപ്പാടം എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി ആവാസ് യോജന എന്ന പദ്ധതി ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും കേന്ദ്രഗവൺമെന്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.

നഗരപ്രദേശങ്ങളിൽ താമസിക്കുന്ന എല്ലാവർക്കും, ചേരികളിൽ താമസിക്കുന്നവർ ഉൾപ്പെടെയുള്ള, വീടില്ലാത്തവർക്ക് വീടു നൽകുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം.

ഈ പദ്ധതി പ്രകാരം, കേരളത്തിലെ എല്ലാ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും താമസിക്കുന്ന വീടില്ലാത്തവർക്ക് വീടുവയ്ക്കാനും വാങ്ങാനും വായ്പ എടുക്കാനും, എടുത്ത വായ്പയ്ക്കും ആനുകൂല്യം ലഭിക്കും. ഭാര്യ, ഭർത്താവ്, അവിവാഹിതരായ മക്കൾ എന്നിവർ ഉൾപ്പെടുന്ന കുടുംബത്തിൽ ആരുടെ പേരിലും വീടുണ്ടാകരുത് എന്നതാണ് നിബന്ധന. 2015 ജൂൺ 17 മുതലുള്ള വായ്പകൾക്ക് ആനുകൂല്യത്തിന് അർഹതയുണ്ട്. 2022 മാർച്ച് 31 വരെയാണ് പദ്ധതിയുടെ കാലയളവ്.

ഗ്രാമവാസികൾക്കും പ്രയോജനം

x-default

ഗ്രാമങ്ങളിൽ താമസിക്കുന്ന ഇടത്തരക്കാർക്കു വേണ്ടി ഇത്തരം പദ്ധതികളൊന്നുമില്ല എന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി ആവാസ് യോജന പോലുള്ള പദ്ധതികൾ നടപ്പായതോടെ ഭവനവായ്പാരംഗത്ത് മത്സരം മുറുകി. കുറഞ്ഞ പലിശയും ആകർഷകമായ പാക്കേജുകളുമായി ബാങ്കുകൾ വീടുവയ്ക്കുന്നവരെ കാത്തിരിക്കുന്നു. ഗ്രാമത്തിൽ താമസിക്കുന്നവർക്കും ഈ നല്ല സമയം പ്രയോജനപ്പെടുത്താം.

ബാങ്ക് ലോൺ എടുത്ത് വീടുപണിയാം എന്ന് തീരുമാനമെടുത്തു കഴിഞ്ഞാല്‍ വിശദമായ പഠനത്തിന്റെ ആവശ്യമുണ്ട്. വാർഷിക വരുമാനം അനുസരിച്ചും നേരത്തേ എടുത്ത വായ്പകൾക്കനുസരിച്ചുമെല്ലാം ഓരോ വ്യക്തിക്കും ലോൺ ആയി ലഭിക്കുന്ന തുകയിലും വ്യത്യാസമുണ്ടാകും.

ഏത് ബാങ്കിൽനിന്ന് ലോൺ എടുക്കണം എന്നതാണ് അടുത്ത ചോദ്യം. ഭവനവായ്പാ വിപണിയിൽ മത്സരം കനത്തതോടെ എല്ലാ ബാങ്കുകളും മികച്ച ഓഫറുകൾ നൽകുന്നുണ്ട്. 8.25% ൽ തുടങ്ങുന്നു ബാങ്കുകൾ ഈടാക്കുന്ന പലിശ. എല്ലാ ബാങ്കുകളുടെയും പലിശ നിരക്ക് പരിശോധിച്ച് ഏറ്റവും കുറഞ്ഞത് തിരഞ്ഞെടുക്കാം. പക്ഷേ, പലിശനിരക്ക് മാത്രം നോക്കുമ്പോൾ ഒളിഞ്ഞിരിക്കുന്ന പല ചാർജുകളും കാണാനാകില്ല. സർവീസ് ചാർജ്, പ്രോസസിങ് ചാർജ് എന്നീ പേരുകളില്‍ 0.5 മുതൽ ഒരു ശതമാനം വരെ തുക ഈടാക്കുന്ന ബാങ്കുകളുണ്ട്. ചില ബാങ്കുകളാകട്ടെ, ലോൺ എടുത്ത തുകയുടെ 0.5–1 ശതമാനമാണോ, 10,000 രൂപയാണോ കൂടുതൽ അത് ഈടാക്കും.

സ്വന്തം വരുമാനവും ചെലവും കണക്കാക്കിവേണം വായ്പയെടുക്കാൻ എന്നു പറഞ്ഞല്ലോ. എത്ര വായ്പ ലഭിക്കും, അതിന് എന്ത് തിരിച്ചടവ് വരും എന്നു കണക്കാക്കാന്‍ ബാങ്കുകളുടെതന്നെ ആപ്പുകളുടെ ഭാഗമായും, അല്ലാതെയും ഓൺലൈൻ കാൽക്കുലേറ്ററുകൾ ഉണ്ട്.

ഫിക്സഡോ ഫ്ലോട്ടിങോ

x-default

പലിശ രണ്ട് വിധത്തിലുള്ളവയുണ്ട്, ഫിക്സഡും ഫ്ലോട്ടിങ്ങും. 8.5% പലിശ എന്ന കണക്കിൽ ലോൺ എടുത്താൽ റിസർവ്ബാങ്ക് പലിശ കുറച്ചാലും ഈ നിരക്കിൽ മാറ്റമുണ്ടാകാത്തതാണ് ഫിക്സഡ് റേറ്റ്. എന്നാൽ ഭവനവായ്പ ദീർഘകാലത്തേക്കായതിനാൽ ബാങ്കുകൾ എല്ലാം ഇടയ്ക്കിടെ ഈ നിരക്ക് പുതുക്കും. തുക നേരത്തേ തിരിച്ചടച്ചാൽ പിഴയടക്കേണ്ടിവരികയും ചെയ്യും.

റിസർവ് ബാങ്ക് നിരക്കുകളിൽ വ്യത്യാസം വരുന്നതനുസരിച്ച് പലിശനിരക്കിലും വ്യത്യാസം വരുന്നതാണ് ഫ്ലോട്ടിങ് പലിശകൊണ്ടുദ്ദേശിക്കുന്നത്. പലിശ തുക ആടി നിൽക്കുന്ന ഈ സാഹചര്യത്തിൽ ഫ്ലോട്ടിങ് വായ്പയാണ് ലാഭകരം. പലിശ നിരക്ക് കുറച്ചാൽ മാസഗഡു കുറയും. നേരത്തേ തിരിച്ചടച്ചാൽ പിഴയടക്കേണ്ടിവരികയുമില്ല.

ഫ്ലോട്ടിങ് റേറ്റ് ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ പലിശ ഭാവിയിൽ ഉയരാൻ സാധ്യതയുണ്ട്. അപ്പോൾ സ്വാഭാവികമായും മാസം തിരിച്ചടയ്ക്കേണ്ട തുക (ഇഎംഐ) കൂടും. കൂടുതൽ ഇഎംഐ ബാധ്യതയാകുമെങ്കിൽ തിരിച്ചടയ്ക്കാനുള്ള കാലയളവ് കൂട്ടിയെടുക്കാം. കാലയളവ് നീട്ടും തോറും ഇഎംഐ കുറയും. എന്നാൽ മൊത്തത്തിൽ തിരിച്ചടയ്ക്കുന്ന പണത്തിൽ വർധനവുണ്ടാകും. ഇതിൽ വലിയൊരു ശതമാനവും പലിശയായിരിക്കും.

മിക്കവരും ജോലിയില്‍ കയറി അധികം കഴിയാതെ വായ്പയെടുത്ത് വീടുവയ്ക്കാൻ തീരുമാനിക്കും. അത്തരക്കാർക്ക് വേണമെങ്കിൽ സ്റ്റെപ് അപ് വായ്പയെടുക്കാം. വർഷാവർഷം ഇഎംഐ വർധിക്കുന്ന തരം വായ്പയാണിത്. ആദ്യഘട്ടത്തിൽ ആശ്വാസമാകുമെങ്കിലും വരവ് കൂടുന്നതനുസരിച്ച് ഇഎംഐയും കൂടും. വീടുപണികഴിഞ്ഞ് കുറച്ചു നാൾ ഒന്നു കഷ്ടപ്പെട്ടാലും മൂന്നോ നാലോ കൊല്ലം കഴിഞ്ഞാല്‍ സാമ്പത്തികഞെരുക്കം കുറയും എന്നതാണ് സാധാരണ വായ്പയുടെ ഗുണം. അതേസമയം പെൻഷനാകുന്ന സമയത്തോടടുത്താണ് വായ്പയെടുക്കുന്നതെങ്കിൽ വായ്പ സ്റ്റെപ് ഡൗൺ ചെയ്യുകയുമാകാം.

ഫ്ലോട്ടിങ് റേറ്റ് ആണെങ്കിൽ റിസർവ് ബാങ്ക് പലിശ കുറയ്ക്കുമ്പോൾ ഓട്ടമാറ്റിക് ആയി പുതിയ പലിശനിരക്കിലേക്കു മാറില്ല. 2016 ഏപ്രിലിനു മുൻപ് വായ്പയെടുത്തവർ ബാങ്കിൽ അപേക്ഷയും പ്രോസസിങ് ചാർജും നൽകി മാറ്റിയെടുക്കണം. പഴയ കസ്റ്റമേഴ്സിന് റീസെറ്റ് പിരീഡും കഴിയണം. ചില ബാങ്കിന് റീസെറ്റിങ് പിരീഡ് ഒരു വർഷം വരെയാണ്. കുറഞ്ഞ റീസെറ്റിങ് പിരീഡ് ഉള്ള ബാങ്കാണെങ്കിൽ പലിശ കുറഞ്ഞാൽ നേട്ടം പെട്ടെന്നു കിട്ടും. പക്ഷേ, പലിശ കൂടിയാൽ അതും പെട്ടെന്ന് ബാധിക്കും.

ആർക്കെല്ലാം കിട്ടും

x-default

മൂന്ന് ലക്ഷത്തില്‍ താഴെ വാർഷികവരുമാനമുള്ളവർ, മൂന്നു മുതൽ ആറു വരെ ലക്ഷം വാർഷികവരുമാനമുള്ള വിഭാഗം, മിഡിൽ ഇൻകം ഗ്രൂപ്പ് ഇങ്ങനെ മൂന്ന് വിഭാഗമായാണ് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ആനുകൂല്യം ലഭിക്കുന്നത്. ഇതിൽ മിഡിൽ ഇൻകം ഗ്രൂപ്പിനെ രണ്ടായി തിരിച്ചിട്ടുണ്ട്. 12 ലക്ഷത്തിനു താഴെ വാർഷികവരുമാനമുള്ളവരും 18 ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവരും. കൂടാതെ, അവിവാഹിതരായ സ്ത്രീകൾ, വിധവകൾ, സംവരണ വിഭാഗങ്ങൾ ഇവർക്കും സ്വന്തമായ വീട് നിർമിക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ വായ്പ ഇളവു ലഭിക്കും. 30–110 സ്ക്വയർമീറ്റർവരെ വിസ്തീർണമുള്ള വീടു വയ്ക്കുന്നവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.