ഭവനവായ്പ, പരാതി പരിഹാരം എങ്ങനെ?

house-vastu
SHARE

ഭവനവായ്പ നൽകുന്നതിൽ വാണിജ്യ ബാങ്കുകളെക്കാൾ ഹൗസിങ് ഫിനാൻസ് കമ്പനികൾ കൂടുതൽ തൽപരരാണ്. ഇക്കാരണത്താൽ ഹൗസിങ് ഫിനാൻസ് കമ്പനികളിൽ ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചുവരുന്നു. അതോടൊപ്പം തന്നെ ഹൗസിങ് ഫിനാൻസ് കമ്പനികൾക്കെതിരെയുള്ള പരാതികളും കൂടിവരുന്നു. ബാങ്കുകളെ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിനു ശക്തമായ ബാങ്കിങ് ഓംബുഡ്‌സ്മാൻ സംവിധാനം നിലവിലുണ്ടെങ്കിലും ഹൗസിങ് ഫിനാൻസ് കമ്പനികൾക്കെതിരെയുള്ള പരാതികൾ പരിഹരിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചു പൊതുവെ വ്യക്തതയില്ല.

ആഭ്യന്തര പരാതി പരിഹാരം

ഓരോ ഹൗസിങ് ഫിനാൻസ് കമ്പനിയിലും 3 തലങ്ങളിലായി പ്രവർത്തിക്കുന്ന ആഭ്യന്തര പരാതി പരിഹാര സംവിധാനങ്ങളുണ്ട്. കമ്പനികളുടെ ശാഖകളിൽത്തന്നെ പരാതികൾ സ്വീകരിക്കുന്നതിനുള്ള ലെവൽ–1 സംവിധാനങ്ങളിൽ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള അഡ്രസ്സിൽ ഇ-മെയിലായോ നേരിട്ട് കത്ത് മുഖേനയോ പരാതികൾ സമർപ്പിക്കാം. ഈ സംവിധാനങ്ങളിൽനിന്നു പരാതി പരിഹൃതമാകുന്നില്ലെങ്കിൽ സമീപിക്കുന്നതിനായി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ ലെവൽ–2 പരാതി പരിഹാര നോഡൽ ഓഫിസറായി ഓരോ കമ്പനിയും നിയമിച്ചിട്ടുണ്ട്. രണ്ടാം തലത്തിൽനിന്നും നീതി ലഭിച്ചില്ലെങ്കിൽ കമ്പനികളുടെ കേന്ദ്ര ഓഫിസിൽ എക്‌സിക്യൂട്ടിവ് ഡയറക്ടർ നിലവാരത്തിലുള്ള ഒരു ഉദ്യോഗസ്ഥനെ ഇടപാടുകാരുടെ പരാതികൾ പരിഗണിക്കുന്നതിനായി പ്രത്യേകമായി ചുമതലപ്പെടുത്തിയിട്ടുണ്ടാകും. പരാതികൾ ഉണ്ടാകുന്ന അവസരങ്ങളിൽ ആഭ്യന്തര സംവിധാനങ്ങളെ ആദ്യം സമീപിക്കേണ്ടതും മറുപടികൾ രേഖാമൂലം വാങ്ങി സൂക്ഷിക്കേണ്ടതുമാണ്. തൃപ്തികരമായി പരിഹാരം ലഭിക്കാത്ത പക്ഷം ഹൗസിങ് ഫിനാൻസ്  കമ്പനികളുടെ കേന്ദ്ര സ്ഥാപനമായ നാഷണൽ ഹൗസിങ് ബാങ്കിന്റെ പ്രശ്‌ന പരിഹാര പോർട്ടലിന്റെ സഹായം തേടാം. 

നാഷണൽ ഹൗസിങ് ബാങ്ക്

ഹൗസിങ് ഫിനാൻസ് കമ്പനികളുടെ കേന്ദ്ര ഏജൻസി എന്ന നിലയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂർണ ഉടമസ്ഥതയിലാണ് നാഷണൽ ഹൗസിങ് ബാങ്ക് പ്രവർത്തിക്കുന്നത്. ഹൗസിങ് ഫിനാൻസ് കമ്പനികളുടെ മേൽനോട്ടവും മാർഗനിർദ്ദേശങ്ങളും നൽകുന്നതിനു പുറമെ സാമ്പത്തിക സേവനങ്ങളും നാഷണൽ ഹൗസിങ് ബാങ്ക് ലഭ്യമാക്കുന്നു. പരാതി നൽകി 30 ദിവസത്തിനുള്ളിൽ തൃപ്തികരമായ പരിഹാരം ലഭിക്കാത്ത ഇടപാടുകാർക്ക് ഹൗസിങ് ബാങ്കിനെ സമീപിക്കാം. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ഭവന വായ്പാ അപേക്ഷകൾ നിരസിക്കുക, വായ്പ അനുവദിക്കുന്നതിൽ കാലതാമസം വരുത്തുക, ആവശ്യത്തിനു വായ്പ അനുവദിക്കാതിരിക്കുക, ഉയർന്ന പലിശ നിരക്കുകളും മറ്റ് ഫീസുകളും ഈടാക്കുക, വായ്പാ നിബന്ധനകൾ ലംഘിക്കുക തുടങ്ങിയ സന്ദർഭങ്ങളിലൊക്കെ സങ്കടനിവൃത്തിക്കായി ഹൗസിങ് ബാങ്കിനെ സമീപിക്കാം.

പ്രശ്‌ന പരിഹാര പോർട്ടൽ

ഭവന വായ്പാ കമ്പനികളുമായി ഇടപെടുന്ന പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന പരാതികൾ പരിഹരിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനമാണ് ഗ്രിഡ്‌സ്. പരാതികൾ സമയബന്ധിതമായും സുതാര്യമായും പരിഹരിക്കുന്നതിനുള്ള, പരാതിക്കാരനു ചെലവ് ഉണ്ടാകാത്ത ലെവൽ 4 സംവിധാനമായി പോർട്ടലിനെ കണക്കാക്കാം. നാഷണൽ ഹൗസിങ് ബാങ്കിന്റെ നേരിട്ടുള്ള ചുമതലയിലാണ് പോർട്ടൽ പ്രവർത്തിക്കുന്നത്. പോർട്ടലിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി ഒരു പരാതി പരിഹാര സെൽ നാഷണൽ ഹൗസിങ് ബാങ്കിൽ പ്രവർത്തിക്കുന്നു.

പരാതികൾ സമർപ്പിക്കുമ്പോൾ

home-loan-procedure

ഹൗസിങ് ഫിനാൻസ് കമ്പനികൾക്ക് പരാതി നൽകി 30 ദിവസത്തിനുശേഷമാണ് ഗ്രിഡ്‌സ് പോർട്ടലിൽ പരാതി സമർപ്പിക്കേണ്ടത്. പോർട്ടലിൽ പരാതികളോടൊപ്പം അനുബന്ധ രേഖകളുടെ സോഫ്റ്റ് കോപ്പികൾ സമർപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. പരമാവധി 4 ഫയലുകൾ വരെ സമർപ്പിക്കാം. പരാതി സ്വീകരിച്ചുകൊണ്ട് ഒരു കംപ്‌ളെയ്ൻറ് നമ്പർ പോർട്ടൽ തന്നെ നൽകുകയും പരാതിയുടെ പുരോഗതി ഈ നമ്പർ ഉപയോഗിച്ച് പരിശോധിക്കുന്നതിനുള്ള സൗകര്യവും പോർട്ടലിലുണ്ട്. പോർട്ടലിലൂടെ പരാതി സമർപ്പിക്കാൻ സാധിക്കാത്തവർക്ക് നാഷണൽ ഹൗസിങ് ബാങ്കിന്റെ ഡൽഹിയിലുള്ള കേന്ദ്ര ഓഫിസിലേക്ക് നേരിട്ടു തപാലിൽ പരാതികൾ അയയ്ക്കുകയുമാകാം. ഗ്രിഡ്‌സ് സംവിധാനത്തിലൂടെയും തൃപ്തികരമായി പ്രശ്‌ന പരിഹാരം കിട്ടാത്തവർക്ക് നാഷണൽ ഹൗസിങ് ബാങ്കിന്റെ ചീഫ് ഗ്രീവൻസ് റിഡ്രസൽ ഓഫിസർക്ക് അപ്പീൽ നൽകാം. ഗ്രിഡ്‌സിൽ പരാതി നൽകി 30 ദിവസം കഴിഞ്ഞെങ്കിൽ മാത്രമേ ഗ്രീവൻസ് റിഡ്രസൽ ഓഫിസറെ സമീപിക്കാൻ സാധിക്കുകയുള്ളൂ. 

നിയമ നടപടികളുമാകാം

ഹൗസിങ് ഫിനാൻസ് കമ്പനികളിൽനിന്നു നേരിട്ടു പരിഹാരം ലഭിക്കാത്ത സന്ദർഭങ്ങളിൽ ഉപഭോക്തൃ തർക്ക പരിഹാര സംവിധാനങ്ങളെയോ സിവിൽ കോടതികളെയോ സമീപിക്കുന്നതിനു പൊതുജനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ട്. ഇപ്രകാരം കോടതികളുടെയോ അർദ്ധ നിയമ സ്ഥാപനങ്ങളുടെയോ പരിഗണനയിലിരിക്കുന്ന പരാതികളിന്മേൽ ഗ്രിഡ്‌സ് പോർട്ടലിൽ സമാന്തരമായി പരിഹാരം തേടുന്നതു നിയമപരമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEST
SHOW MORE
FROM ONMANORAMA