Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി വീടിനകം അടിപൊളിയാക്കാം! 35 നിറങ്ങളിൽ ഓക്സൈഡ് ഫ്ലോറിങ്

oxide-flooring-room ഒരു കാലത്ത് ഫ്ലോറിങ്ങെന്നാൽ റെഡ് ഓക്സൈഡ് അല്ലെങ്കിൽ ബ്ലാക്ക് ഓക്സൈഡ് ആയിരുന്നു. ഇപ്പോൾ കറുപ്പും ചുവപ്പും മാത്രമല്ല, വ്യത്യസ്തമായ 35 നിറങ്ങളുമായി തിരിച്ചു വന്നിരിക്കുകയാണ് ഓക്സൈഡ്

കാവി പൂശിയ തറകളോടു കൂടിയ വീടുകൾ‍ നമ്മുടെ ഗൃഹാതുരത്വം ഉണർ‍ത്തുന്ന ഓർമകളാണ്‌. മാർ‍ബിളും ടൈൽ‍സുമെല്ലാം കടന്നു വന്നതോടെ കാവി അഥവാ ഓക്‌സൈഡുകൾ‍ നമ്മുടെ വീടുകളിൽ‍നിന്നു പടിയിറങ്ങി. എന്നാൽ‍ ഓക്‌സൈഡുകൾ‍ വീണ്ടും ഭവനങ്ങളിലേക്കു വൻ തിരിച്ചുവരവു നടത്തിയിരിക്കുകയാണ്. വിദേശത്തുനിന്നാണ്‌ ഓക്‌സൈഡുകൾ‍ ഇപ്പോൾ‍ നമ്മുടെ അടുത്തേക്ക്‌ എത്തുന്നത്‌. പഴയതിൽ‍നിന്നു വ്യത്യസ്‌തമായി കെമിക്കലുകൾ‍ ചേർത്ത് ഇപ്പോൾ‍ ഓക്‌സൈഡുകൾ‍ നിർമിക്കുന്നു.

പല നിറങ്ങൾ‍

oxide-floor-dining

പണ്ടു കാലത്ത്‌ രണ്ടു നിറങ്ങളിലുള്ള ഓക്‌സൈഡുകൾ‍ മാത്രമേ ലഭ്യമായിരുന്നൊള്ളൂ. ചുവപ്പും കറുപ്പും. എന്നാൽ‍ ഇപ്പോൾ‍ പല വർ‍ണങ്ങളിലുള്ള ഓക്‌സൈഡുകൾ‍ ലഭ്യമാണ്‌. മുപ്പത്തഞ്ചോളം വ്യത്യസ്‌ത നിറങ്ങളിലുള്ള ഓക്‌സൈഡുകൾ‍ മാർ‍ക്കറ്റിലുണ്ട്‌. ചുവപ്പിൽ‍ മാത്രം ഒൻപതോളം വ്യത്യസ്‌ത ഓക്‌സൈഡുകൾ‍ ലഭ്യമാണ്‌. 

കടും പച്ച, പീക്കോക്ക്‌ നീല, കരിവണ്ടിന്റെ നീല ഇങ്ങനെ വ്യത്യസ്‌തതരം ഓക്‌സൈഡുകൾ‍ ഉണ്ട്‌. ഇതു കൂടാതെ രണ്ടും മൂന്നും ഓക്‌സൈഡുകൾ‍ കലർ‍ത്തി നമുക്ക്‌ ഇഷ്ടമുള്ള ഒട്ടേറെ കളറുകൾ‍ നിർമിക്കുകയും ആവാം. അതിനു വൈദഗ്‌ദ്ധ്യമുള്ള ഒരാളുടെ സഹായം വേണം എന്നു മാത്രം. 

ഓരോ ഓക്‌സൈഡും ഓരോ നമ്പറിലാണ്‌ അറിയപ്പെടുന്നത്‌. 110 പച്ച, 130 ചുവപ്പ്‌, 910 ചുവപ്പ്‌, 4100 ചുവപ്പ്‌ എന്നിങ്ങനെയാണ്‌ ഓരോ നിറത്തിലുമുള്ള ഓക്‌സൈഡുകൾ‍ അറിയപ്പെടുന്നത്‌. 

പ്രത്യേകതകൾ‍

നല്ല തിളക്കമാണ്‌ ഇപ്പോഴത്തെ ഓക്‌സൈഡുകളുടെ ഏറ്റവും വലിയ പ്രത്യേകത. മാത്രമല്ല പുതിയ ഓക്‌സൈഡുകൾ‍ ഉപയോഗിച്ച്‌ നിർമിച്ച തറയുടെ മിനുസം അത്ര പെട്ടെന്നൊന്നും പോവുകയുമില്ല. പൊട്ടലുകൾ‍ ഒന്നും ഇല്ലാതെ വർ‍ഷങ്ങളോളം നിലനിൽ‍ക്കുമെന്നതും പ്രത്യേകതയാണ്‌. ഇപ്പോൾ ഓക്‌സൈഡുകൾ‍ക്ക്‌ ഉന്നത നിലവാരമാണെന്നാണ്‌ ഇത്‌ ഉപയോഗിച്ചവരുടെ സാക്ഷ്യപത്രം. 

ഓക്‌സൈഡ്‌ ഫ്ലോറിങ് 

oxide-floor

വീടുനിർ‍മാണത്തിന്റെ അവസാന ഘട്ടത്തിൽ‍ മാത്രമേ ഓക്‌സൈഡ്‌ ഫ്ലോറിങ്ങിനായി ഒരുങ്ങാവൂ. തറ നന്നായി കഴുകി വൃത്തിയാക്കി കുഴികളിൽ‍ ബേബി മെറ്റൽ‍ ഇട്ടു നിറച്ച്‌ വാട്ടർ‍ ലെവലിന്‌ അനുസരിച്ചു തറയെ പരുവപ്പെടുത്തി എടുക്കുന്നതാണ്‌ ആദ്യ ഘട്ടം. അതിനു ശേഷം പരുക്കന്‍ ഇടും. ഇത്‌ മുക്കാൽ‍ ഇഞ്ചിൽ‍ കൂടരുത്‌. ഏറ്റക്കുറച്ചിലുകൾ‍ ഇല്ലാതെ വൃത്തിയായി വേണം പരുക്കനിടാൻ.

പരുക്കനിട്ട്‌ ഒരാഴ്‌ച ഉണക്കണം. അതിനുശേഷം മണലും സിമന്റും ഉപയോഗിച്ചു ചെറിയൊരു കോട്ടിങ് കൂടി ചെയ്യണം. ഇതിനു മുകളിൽ‍ ആണ്‌ ഓക്‌സൈഡ്‌ ഇടുന്നത്‌. തുടർ‍ന്ന്‌ അതു പോളിഷ്‌ ചെയ്‌ത്‌ മിനുസവും തിളക്കവും ഉള്ളതാക്കും. 

oxide-floor-bed

മാൻഷൻ പോളിഷും പെട്രോളും ലയിപ്പിച്ച മിശ്രിതം കോട്ടൺ തുണി ഉപയോഗിച്ച്‌ ഓക്‌സൈഡിന്‌ മുകളിൽ തേച്ചുപിടിപ്പിക്കും. ചില സമയങ്ങളിൽ ബ്രഷ്‌ ഉപയോഗിച്ചും ഇതു ചെയ്യും. തുടർന്നാണ്  മിനുസപ്പെടുത്തൽ. ആദ്യകാലങ്ങളിൽ നിന്നു വ്യത്യസ്‌തമായി ഇപ്പോൾ മോട്ടോർ ഉപയോഗിച്ചാണു പോളിഷ്‌ ചെയ്യുന്നത്‌. നാലും അഞ്ചും തവണ മിനുസപ്പെടുത്തൽ തുടരും. ഇതോടെ ഓക്‌സൈഡിന്‌ നല്ല തിളക്കവും ഭംഗിയും ആകും.

വില

ഓരോ ഓക്‌സൈഡിനും വ്യത്യസ്‌ത വിലകളാണ്‌. കിലോയ്‌ക്ക്‌ 120 രൂപ മുതൽ‍ 360 രൂപവരെ വിലയുള്ള ഓക്‌സൈഡുകൾ‍ വിപണിയിലുണ്ട്‌. നീല ഓക്‌സൈഡുകൾ‍ക്കാണ്‌ ഏറ്റവും കൂടുതൽ‍ വില. ഉപയോഗിക്കുന്ന പദാർഥങ്ങൾ‍ കൂടുതൽ‍ വേണം നീല നിറം ലഭിക്കാൻ എന്നതാണ്‌ ഇതിന്റെ കൂടിയ വിലയ്‌ക്കു കാരണം. ഒരു കിലോ നീല ഓക്‌സൈഡിന്‌ 380 രൂപയാണു വില. വ്യത്യസ്‌ത ചുവപ്പ്‌ ഓക്‌സൈഡുകൾ‍ക്കു വ്യത്യസ്‌ത വിലയാണ്‌. ഓരോ കമ്പനിക്ക്‌ അനുസരിച്ച്‌ ഓക്‌സൈഡുകളുടെ വിലയിൽ‍ നേരിയ വ്യത്യാസം ഉണ്ടാകും.  

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ‍

വീട്‌ ഭംഗിയായി സൂക്ഷിക്കുന്നതിനുള്ള മനസ്സും പക്വതയും ഉണ്ടെങ്കിൽ‍ മാത്രമേ ഓക്‌സൈഡ്‌ ഫ്‌ളോറിങ് തിരഞ്ഞെടുക്കാവൂ.  ഡിറ്റർ‍ജന്റ്‌ ഉപയോഗിച്ച്‌ ഒരിക്കലും ഓക്‌സൈഡ്‌ ഫ്ലോറിങ്  ചെയ്‌ത തറ വൃത്തിയാക്കരുത്‌. ഇത്‌ ഫ്ലോറിന്റെ തിളക്കം നഷ്ടപ്പെടാൻ കാരണമാകും. 

വെള്ളം ഉപയോഗിച്ചു കഴുകാൻ മാത്രമേ പാടുള്ളൂ. നാരങ്ങാ നീരോ പുൽ‍ത്തൈലമോ ചേർ‍ത്താൽ നല്ല ഗന്ധവും ലഭിക്കും. മേശയും കസേരയും ഒന്നും തറയിലിട്ട്‌ വലിക്കരുത്‌. 

കടപ്പാട്

കെ. എ. ജോയ്‌ പാവറട്ടി

www.oxideflooring.com

തയാറാക്കിയത്

നിഷാന്ത് കാളികാവ്