Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടും പാടി ഡിസൈൻ നിർമിക്കാം; സിഎൻസി സൂപ്പറാ...

cnc-partition തടിയിലും ഗ്രാനൈറ്റിലുമൊക്കെ എത്ര സങ്കീർണമായ ഡിസൈനും നിഷ്പ്രയാസം സൃഷ്ടിക്കാം.

മനസ്സില്‍ (അല്ലെങ്കിൽ കംപ്യൂട്ടറിൽ) കാണുന്ന ഡിസൈൻ അതേപടി പകർത്താനുള്ള മാർഗമാണ് സിഎൻസി കട്ടിങ്. ‘കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ’ എന്നതാണ് സിഎൻസിയുടെ പൂർണരൂപം.. കംപ്യൂട്ടർ നിയന്ത്രിത സംവിധാനത്തിലൂടെയാണ് ഇവിടെ കട്ടിങ് മെഷീൻ പ്രവർത്തിക്കുന്നത്. അതിനാൽ എത്ര സങ്കീർണമായ ഡിസൈനും അണുവിട വ്യത്യാസം കൂടാതെ സൃഷ്ടിച്ചെടുക്കാം. ഒരേ ഡിസൈൻ തന്നെ ആവർത്തിച്ചു വരുന്ന ഇടങ്ങളിൽ ഇത് ഏറെ പ്രയോജനം ചെയ്യും. ഡിസൈൻ നൽകാൻ വളരെക്കുറച്ച് സമയം മതി എന്നതും സിഎൻസി കട്ടിങ്ങിന്റെ പ്രത്യേകതയാണ്.

cnc-laser-cutting

ആവശ്യമായ ഡിസൈനിന്റെ 2D അല്ലെങ്കിൽ 3D രൂപം കാഡ് (കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ) സോഫ്ട്‌വെയറിന്റെ സഹായത്താൽ തയാറാക്കുകയാണ് സിഎൻസി കട്ടിങ്ങിന്റെ ആദ്യപടി. കട്ടിങ്, കാർവിങ് എന്നിങ്ങനെ രണ്ട് രീതിയിൽ ഡിസൈൻ നൽകാൻ കഴിയും. പ്രതലം മുറിച്ചു മാറ്റുന്ന തരത്തിലുള്ളതാണ് ‘കട്ടിങ്’ ഡിസൈൻ. കടഞ്ഞെടുക്കലിന് സമമാണ് ‘കാർവിങ്’.

റൗട്ടർ, ലേസർ, വാട്ടർജെറ്റ് എന്നിങ്ങനെ മൂന്നുതരം മെഷീനുകളിൽ സിഎൻസി കട്ടിങ് സാധ്യമാകും. കനവും കാഠിന്യവും കൂടിയ മെറ്റീരിയലുകളിൽ ഡിസൈൻ നൽകാനാണ് വാട്ടർജെറ്റ് മെഷീൻ പ്രയോജനപ്പെടുത്തുന്നത്. ലോഹങ്ങളിൽ ഡിസൈൻ നൽകാനാണ് ലേസർ മെഷീൻ അഭികാമ്യം. തടി, പ്ലൈവുഡ്, എംഡിഎഫ് തുടങ്ങിയവയിൽ ഡിസൈൻ നൽകാൻ റൗട്ടർ മെഷീനാണ് ഉപയോഗിക്കുന്നത്.

തടി മുതൽ ഗ്രാനൈറ്റ് വരെ

marble-design

തടി, പ്ലൈവുഡ്, മൾട്ടിവുഡ്, വെനീർ, അക്രിലിക്, സിമന്റ് ബോർഡ്, ഗ്ലാസ് എന്നു തുടങ്ങി ഗ്രാനൈറ്റിലും ഇരുമ്പ് ഷീറ്റിലും വരെ ഡിസൈൻ നൽകാൻ സിഎൻസി കട്ടിങ് സഹായിക്കും.

ഒരു എംഎം മുതൽ നാലിഞ്ച് വരെ കനമുള്ള പ്രതലത്തിൽ ഡിസൈൻ നൽകാം. 8x4 അടി വലുപ്പത്തിലുള്ള ഷീറ്റുകളിൽവരെ ഡിസൈന്‍ നൽകാൻ കഴിയുന്ന മെഷീനുകളാണ് കൂടുതലുള്ളത്. 10x6, 12x8 അടി വലുപ്പമുള്ള ഷീറ്റുകളിൽ വരെ ഒറ്റയടിക്ക് ഡിസൈൻ നൽകുന്ന മെഷീനുകളുമുണ്ട്.

ഏതെങ്കിലും വിലകുറഞ്ഞ മെറ്റീരിയലിൽ ട്രയൽ റൺ നടത്തിയ ശേഷമാണ് ഫൈനൽ കട്ടിങ് നടത്തുക.

ബഹുവിധ ഉപയോഗം

cnc-hall-design

മുറികൾ തമ്മിൽ വേർതിരിക്കാനുള്ള പാർട്ടീഷൻ സ്ക്രീനുകൾ ആകർഷകമാക്കാനാണ് സിഎൻസി കട്ടിങ് ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത്. ഇവിടെ സാധ്യതകൾക്ക് അതിർവരമ്പുകളില്ല എന്നതാണ് വാസ്തവം. കന്റെംപ്രറി, ട്രഡീഷനൽ, ആന്റിക് എന്നിങ്ങനെ ഏത് ശൈലിയിലുള്ള ഇന്റീരിയറിനും ഇണങ്ങുന്ന വിധത്തിലുള്ള ഡിസൈനുകൾ സിഎൻസി കട്ടിങ് വഴി സൃഷ്ടിച്ചെടുക്കാനാകും.

പാർട്ടീഷന്‍ കൂടാതെ സ്റ്റെയർകെയ്സിന്റെ കൈവരി, ഫോൾസ് സീലിങ് എന്നിവയിലും സിഎൻസി കട്ടിങ് ഡിസൈന്‍ നൽകുന്നവരേറെയാണ്. ലൈറ്റിങ്ങിന്റെ സാധ്യതകള്‍ കൂടി മുതലാക്കുന്ന രീതിയിലുള്ള ഡിസൈനുകൾക്കാണ് ഇവിടെ ഡിമാൻഡ് കൂടുതൽ.

ഹൈലൈറ്റര്‍ ഡിസൈൻ

marble-designs

ഫ്ലോറിങ്ങിന്റെ സെന്റർപീസ് ഡിസൈൻ തയാറാക്കാനും സിഎൻസി കട്ടിങ് സഹായിക്കും. മാർബിൾ, ഗ്രാനൈറ്റ്, വിട്രിഫൈഡ് ടൈൽ എന്നിവയെല്ലാം ഉദ്ദേശിക്കുന്ന രീതിയിൽ മുറിച്ചെടുക്കാനാകും. ഇത് ഡിസൈൻ അനുസരിച്ച് കൂട്ടിയോജിപ്പിച്ചാണ് സെന്റര്‍പീസ് തയാറാക്കുന്നത്. വാട്ടർജെറ്റ് കട്ടിങ് മെഷീൻ വഴിയാണ് മാർബിളും ഗ്രാനൈറ്റുമൊക്കെ മുറിക്കുന്നത്.

ഇന്റീരിയറിന്റെ അതേ ‘തീം ഡിസൈൻ’ സിഎൻസി കട്ടിങ് വഴി ഗെയ്റ്റിൽ നൽകുന്നതും ട്രെൻഡ് ആണ്. തടി, എംഡിഎഫ്, മെറ്റൽ ഷീറ്റ് എന്നിവയൊക്കെ ഉപയോഗിച്ച് നിർമിക്കുന്ന ഗെയ്റ്റുകളിൽ ഇത് സാധ്യമാകും.

മതിലിൽ വീട്ടുപേര് എഴുതാനും സിഎൻസി കട്ടിങ് പ്രയോജനപ്പെടുത്താം. ഏത് ഫോണ്ടിലുമുള്ള അക്ഷരങ്ങൾ മുറിച്ചെടുത്തോ പ്രതലങ്ങളിൽ രേഖപ്പെടുത്തിയോ വീട്ടുപേര് വേറിട്ട രീതിയിൽ പ്രദർശിപ്പിക്കാനാകും.

മെറ്റീരിയലിന്റെ കനവും ഡിസൈനും അനുസരിച്ച് ചതുരശ്രയടിക്ക് 50 രൂപ മുതൽ 2,000 രൂപ വരെയാണ് സിഎൻസി കട്ടിങ്ങിനുള്ള ചെലവ്.

സിഎൻസി ഒറ്റനോട്ടത്തില്‍

cnc-machine

∙ തടി, പ്ലൈവുഡ്, എംഡിഎഫ്, വെനീർ, ഗ്ലാസ്, അക്രിലിക്, മെറ്റൽ, ഗ്രാനൈറ്റ് എന്നിവയിലെല്ലാം ഡിസൈൻ നൽകാം.

∙ സിഎൻസി കട്ടിങ് വഴി കട്ടിങ്, കാർവിങ് എന്നിങ്ങനെ രണ്ട് രീതിയിൽ ഡിസൈൻ നൽകാം.

∙ മെറ്റീരിയലിന്റെ കനവും ഡിസൈനും അനുസരിച്ച് ചതുരശ്രയടിക്ക് 50 മുതൽ 2,000 രൂപ വരെയാണ് ചെലവ്.

∙ അണുവിട വ്യത്യാസം കൂടാതെ എത്ര സങ്കീർണമായ ഡിസൈനും സൃഷ്ടിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.

∙ 8x4 അടി അളവിലുള്ള ഷീറ്റിൽ രണ്ട് മണിക്കൂർ കൊണ്ട് ഡിസൈൻ നൽകാൻ കഴിയും.

∙ പാർട്ടീഷൻ, ഫോൾസ് സീലിങ്, സ്റ്റെയർ റെയ്‌ലിങ്, ഗെയ്റ്റ്, ഫ്ലോറിങ് എന്നിവിടങ്ങളിലെല്ലാം പ്രയോജനപ്പെടുത്താം.