ചൂടിലും കുളിരുള്ള വീടിന്റെ രഹസ്യം!

കാലാവസ്ഥയെ പഴിക്കുന്നതിനു മുൻപായി ഏതു ചൂടും താങ്ങാൻ കഴിയുന്ന വിധത്തിൽ വീടിനെ ഒന്ന് ഒരുക്കിയെടുക്കാം.

വേനലിൽ വിയർക്കുന്ന അകത്തളങ്ങളാണ് ഭവനനിർമാണവുമായി ബന്ധപ്പെട്ട് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന്. എങ്ങനെ വീട്ടിൽ നിന്നും ചൂട് നിറഞ്ഞ അന്തരീക്ഷം ഒഴിവാക്കാം എന്നാണ് ഓരോ വ്യക്തിയും ചിന്തിക്കുന്നത്. ഏസി ഘടിപ്പിക്കുന്നതും എയർ കൂളർ വയ്ക്കുന്നതും ഒന്നും ശാശ്വതമായ പരിഹാരമാവില്ല. ആ നിലയ്ക്ക് നോക്കിയാൽ, പ്രകൃതിദത്തമായ മാർഗങ്ങളിലൂടെയും വീട് നിർമാണത്തിലെ ചിട്ടകളിലൂടെയും ചൂട് കുറക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് ഉത്തമം. 

ഈ വേനലിൽ കേരളം ചുട്ടുപൊള്ളുകയാണ്. പലയിടങ്ങളിലും ചൂട് 32 ഡിഗ്രിക്ക് മുകളിലാണ്. സൂര്യതാപം പലർക്കും ഏറ്റുതുടങ്ങി. കാലാവസ്ഥയെ പഴിക്കുന്നതിനു മുൻപായി ഏതു ചൂടും താങ്ങാൻ കഴിയുന്ന വിധത്തിൽ വീടിനെ ഒന്ന് ഒരുക്കിയെടുക്കാം. 

സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന വീടിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് കൂടുതല്‍ ചൂട് അനുഭവപ്പെടുക. അതിനാൽ ഈ ഭാഗത്ത് മുറികൾ വരാതെ വീടിന്റെ കാര്‍പോര്‍ച്ചോ സിറ്റൗട്ടോ വരാവുന്ന രീതിയില്‍ വേണം വീടിന്റെ പ്ലാൻ തയ്യാറാക്കാൻ. ഇതുപോലെ തന്നെ താരതമ്യേന കുറഞ്ഞ വെയിൽ ലഭിക്കുന്ന വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ പരമാവധി വലിയ ജനലുകള്‍ വയ്ക്കാം, ഇതിലൂടെ പരമാവധി ശുദ്ധവായു വീടിനകത്തേക്ക് കയറട്ടെ. വീട്ടിനുള്ളിൽ സ്വാഭാവികമായ കുളിർമ നിലനിർത്തുന്നതിന് ഇത് സഹായിക്കും. 

വീടിനായി സ്ഥലം തെരഞ്ഞെടുക്കുമ്പോൾ മരങ്ങൾ കൂടുതൽ ഉള്ള സ്ഥലങ്ങൾ തെരഞ്ഞെടുക്കുക. ഇതിനു സാധിച്ചില്ല എങ്കിൽ വീട് പണിത ശേഷം എളുപ്പത്തിൽ വളരുന്ന മരങ്ങൾ നട്ടുപിടിപ്പിക്കാം. ഭാവിയിൽ എങ്കിലും ചൂട് കുറയ്ക്കുന്നതിന് ഇത് കാരണമാകും. അടുത്തതായി ശ്രദ്ധിക്കേണ്ടത് റൂഫിംഗിലാണ്. മേൽക്കൂരയ്ക്ക് മുകളിലായി ഷീറ്റ് ഇടുന്നത്കൊണ്ട് നേരിട്ട് പതിക്കുന്ന വെയിലിൽ നിന്നും അല്പം ആശ്വാസം ലഭിക്കും . 

ഇതുപോലെതന്നെ മേൽക്കൂരയ്ക്ക് അകത്തും പുറത്തും ഓട് പതിപ്പിക്കുന്നതും ഫലപ്രദമായ കാര്യമാണ്.  കോണ്‍ക്രീറ്റിന്റെ ചെലവിനത്തില്‍ നല്ലൊരു തുക ലാഭിക്കാനും ഇതുവഴി സാധിക്കും.പരന്ന മേല്‍ക്കൂരകളേക്കാള്‍ ചെരിഞ്ഞ മേല്‍ക്കൂരകളാണ് ചൂടിനെ തടയാന്‍ നല്ലത്. ചെരിഞ്ഞ മേല്‍ക്കൂരയ്ക്ക് മേല്‍ ഓട് പതിക്കുന്നതും നല്ലതാണ്.

വീടിന്റെ മുറ്റത്ത് മണ്ണ് കിടക്കുന്നതിനുമേൽ ഇന്റർലോക്ക് കട്ടകൾ പിടിപ്പിക്കാതിരിക്കുക. ചൂട് വർധിപ്പിക്കാൻ ഇത് കാരണമാകും. വീടിനുള്ളിൽ ഇൻഡോർ പ്ലാന്റുകൾ വയ്ക്കുന്നത് മൂലം വായു ശുദ്ധീകരിക്കപ്പെടുകയും കുളിർമ അനുഭവപ്പെടുകയും ചെയ്യുന്നു. ജനലുകൾക്ക് വീതി കൂടിയ സൺഷേഡുകൾ പണിയുക എന്നതാണ് മറ്റൊരു പ്രതിരോധ രീതി. വീട് നിർമാണത്തിന് കഴിവതും ഇഷ്ടിക തന്നെ ഉപയോഗിക്കുക. കോൺക്രീറ്റ് കട്ടകൾ ചൂട് വർധിപ്പിക്കും. 

അല്പം ഫാഷൻ കുറഞ്ഞാലും റെഡ് ഓക്സൈഡ് ഫ്ലോറുകൾ ചൂട് കുറയ്ക്കുന്നവയാണ്. ചെലവ് അല്പം കൂടുമെങ്കിലും വീട് നിർമാണത്തിന് കൂടുതലായും മരത്തടി ഉപയോഗിക്കുകയാണ് എങ്കിൽ ചൂടിന് അല്പം ശമനം ഉണ്ടാകും. ബൾബുകൾക്ക് പകരം സിഎഫ്എൽ ലാമ്പുകൾ ഉപയോഗിക്കുന്നത് ചൂട് തടയും.