Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരീക്ഷിച്ചു നോക്കൂ വാബി സാബി , മാറ്റം അനുഭവിച്ചറിയൂ!

vabi sabi അപൂർണതയുടെ സൗന്ദര്യം അതാണ് വാബി സാബി...

സൗന്ദര്യത്തിന്റെ നിർവചനം പൂർണമായി മാറുന്ന കാലമാണിത്. ത്വക്കിന്റെ നിറമില്ലായ്മയോ ഉയരക്കുറവോ പൊണ്ണത്തടിയോ ഒന്നും സൗന്ദര്യക്കുറവല്ല എന്ന് ലോകം ഒന്നായി വിളിച്ചു പറയുന്ന രീതി. സൗന്ദര്യരംഗത്തെ എല്ലാ ചിന്തകളും അകത്തളങ്ങളിലും പ്രതിഫലിക്കുമല്ലോ. അങ്ങനെ കെട്ടിടങ്ങൾ പരുപരുക്കൻ പ്രതലങ്ങളുടെ സൗന്ദര്യം ഉദ്ഘോഷിച്ചുതുടങ്ങി. അങ്ങനെയിരിക്കെ ജപ്പാൻകാർ അവകാശവാദവുമായെത്തി. ‘ഈ വിദ്യ ഞങ്ങൾ നൂറ്റാണ്ടുകൾക്കു മുൻപേ കണ്ടെത്തിയതാണ്. അതാണ് അപൂർണതയുടെ സൗന്ദര്യം അല്ലെങ്കിൽ വാബി സാബി.’

പരുക്കന്‍ സൗന്ദര്യം

കാലപ്പഴക്കം മൂലം നിറം മങ്ങിയതോ ഉരഞ്ഞും പൊട്ടിയും പൊളിഞ്ഞും ഉപയോഗശൂന്യമാണെന്നു കരുതുന്നതോ ആയ സാധനങ്ങൾ അതി സുന്ദരമാണെന്നു വിശ്വസിക്കുന്ന രീതിയാണ് വാബി സാബി. ആഗോളതലത്തിൽ ഈ ട്രെൻഡിന് നേരത്തേ സ്വീകാര്യതയുണ്ടായിരുന്നെങ്കിലും ഇന്ത്യയിൽ വാബി സാബി ആവേശമായി മാറിയിട്ട് അധികനാളായിട്ടില്ല. കേരളത്തിൽ എത്തിയിട്ടുണ്ടെങ്കിലും ഇത് പലര്‍ക്കും ദഹിക്കുന്നില്ല എന്നതാണ് സത്യം. 

വാബി, സാബി എന്ന രണ്ട് ജാപ്പനീസ് വാക്കുകൾ എളുപ്പത്തിൽ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്യാനാകില്ല. ഒറ്റപ്പെട്ടത് അല്ലെങ്കിൽ ചുറ്റുപാടുകളിൽ നിന്നു മാറി നിൽക്കുന്നത് എന്ന അർഥമാണ് വാബിക്കുളളത്. എല്ലാം നശ്വരമാണ് എന്ന അർഥത്തിൽ സാബിയും ഉപയോഗിക്കുന്നു.

rustic-curtain

മഹായാന ബുദ്ധമതതത്വമാണ് വാബി സാബി. ജീവിതത്തില്‍ ഉയർച്ച താഴ്ചകളെ ഉൾക്കൊളളാനുളള കരുത്തുനൽകുക എന്നതാണ് വാബി സാബിയുടെ ലക്ഷ്യം.

കാലം കടന്നുപോകുമ്പോൾ ഒാരോ വസ്തുവിനും സ്വാഭാവികമായി സംഭവിക്കുന്ന മാറ്റങ്ങൾ അംഗീകരിക്കുകയും അതിന്റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യുന്നത് മനസ്സിന്റെയും ശരീരത്തിന്റെയും സന്തോഷത്തിനു സഹായിക്കുമെന്ന് വാബി സാബി പറയുന്നു. ഇന്ത്യൻ സംസ്കാരത്തോടും ചിന്തകളോടും അടുത്തുനിൽക്കുന്ന ചിന്തയായതിനാൽ ഇന്ത്യൻ ശൈലിയിലുളള ഇന്റീരിയറുകളിലേക്ക് ഇത് പെട്ടെന്ന് ഇണങ്ങും.

x-default

പെയിന്റ് പോയതെന്നു തോന്നിക്കുന്ന തടി ഫർണിച്ചർ, തുരുമ്പു പിടിച്ചതെന്ന തോന്നലുണ്ടാക്കുന്ന ലോഹപ്പെട്ടികൾ, പെയിന്റ് പോയ ലോഹ ഫര്‍ണിച്ചർ, കാലപ്പഴക്കം മൂലം മങ്ങിയെന്നു തോന്നിക്കുന്ന സെറാമിക് പാത്രങ്ങള്‍ ഇവയെല്ലാം വാബി സാബിയുടെ സ്ഥായിയായ ഭാവം. പൊരുത്തമില്ലായ്മ, തുന്നിച്ചേർത്തതുപോലുളള ഭാഗങ്ങൾ, പ്രകൃതിദത്തമായുണ്ടാകുന്ന വിള്ളലുകളും ആകൃതിവ്യത്യാസങ്ങളും ഇതെല്ലാം വാബി സാബി ശൈലി തിരിച്ചറിയാൻ സഹായിക്കുന്നു. സിമന്റ് തേക്കാതെ പരുക്കനായോ നിരപ്പാക്കാതെയോ വിടുന്ന ഭിത്തികളും തട്ടുപലകയുടെ പാടുമായ്ക്കാത്ത കോണ്‍ക്രീറ്റ് സീലിങ്ങുമെല്ലാം വാബി സാബിയുടെ ഭാഗമാണ്. 

rustic-interior-flat-grinder

സൗന്ദര്യരംഗത്തും ഫാഷൻ രംഗത്തുമെല്ലാം ഇന്ന് വാബി സാബി സ്വാധീനം കാണാം. സോൾട്ട് ആൻഡ് പെപ്പര്‍ സ്റ്റൈലിലുളള മുടി തന്നെ ഉദാഹരണം. മുൻധാരണകൾ വലിച്ചെറിഞ്ഞ് എന്തും അംഗീകരിക്കാൻ പഠിക്കാം. സന്തോഷം കണ്ടെത്താം.

വാബി സാബി വീട്ടിൽ 

വാബി സാബി എന്ന ആശയം വീട്ടിനുളളില്‍ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. ഇന്ത്യൻ, കേരള, വിക്ടോറിയൽ ശൈലികളിൽ വാബി സാബി നടപ്പാക്കാൻ എളുപ്പമാണ്. കന്റെംപ്രറി ശൈലിയോട് ഇത് ചേര്‍ക്കുമ്പോൾ പൊതുവായ ശൈലിയിൽ നിന്ന് വഴുതിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം.

2. മുറിയിലെ എല്ലാ സാധനങ്ങളും തമ്മിൽ ബന്ധം വേണം. ചില സാധനങ്ങള്‍ വാബി സാബി ശൈലിയിൽ പരുക്കനാക്കുമ്പോൾ ഒപ്പമുളളവ വളരെ ഗ്ലോസിയായിരിക്കരുത്.

Apartment with sofa, armchair and table

3. മുറിയിലെ എല്ലാം വാബി സാബിയിൽ ഒരുക്കാതെ, ഹൈലൈറ്റ് ചെയ്യുന്ന ഭിത്തിയോ ഫർണിച്ചറോ മാത്രം തിരഞ്ഞെടുക്കുക. 

4. പരുക്കനാക്കിയ ഭിത്തികളും പെയിന്റടിക്കാത്ത സീലിങ്ങും ഡിസ്ട്രസ്ഡ് ഫിനിഷിലുളള ഫർണിച്ചറും വുഡൻ ഫ്ലോറും വാബി സാബി സ്റ്റൈലിനായി തിരഞ്ഞെടുക്കാം.