Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിന്റെ ഉള്ളിലിരിപ്പ് അറിയാൻ വഴിയുണ്ട്!

Cozy loft interior

ഇന്റീരിയർ ഭംഗിയാക്കുന്നതിനിടയിൽ സ്റ്റോറേജ് സ്പേസിന്റെ കാര്യം മറന്നു പോകരുത്. സ്റ്റോറേജിന്റെ അഭാവം മൂലം സാധനങ്ങൾ പലയിടത്തും കുത്തിത്തിരുകിവയ്ക്കേണ്ടിവരും. അലക്ഷ്യമായി ഇട്ടിരിക്കുന്ന വസ്തുക്കൾ ഇന്റീരിയറിന്റെ ശോഭ കെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. 

∙ വീടുനിർമാണ സാമഗ്രികളുടെ വിലയും തൊഴിലാളികളുടെ കൂലിയുമെല്ലാം മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ്. അതിനാൽ ബജറ്റിനെക്കാൾ അല്പം തുക കൂടുതൽ കരുതുക. 

∙ നല്ലൊരു ഇന്റീരിയറിന് ആദ്യം വേണ്ടത് നല്ല ഫ്ലോർ പ്ലാനാണ്. ഓരോയിട ത്തും ഇടേണ്ട ടൈലുകളും ഗ്രാനൈറ്റും തീരുമാനിച്ചുറപ്പിച്ചു വേണം പണി തുടങ്ങാൻ. ബാത്റൂമിൽ മിനുസമുള്ള ടൈലുകൾ വേണ്ട. മാറ്റ് ഫിനിഷ് ആണ് നല്ലത്. വില കൂടിയ ടൈലുകൾ കോമൺ ഏരിയയിൽ മാത്രമാക്കിയാൽ പണം ലാഭിക്കാം. 

cnc-hall-design

∙ലൈറ്റിങ്ങിന് വളരെ പ്രാധാന്യമുള്ളൊരു റോൾ ഉണ്ട്. വാം ടോൺ എൽഇഡി ലൈറ്റുകൾ മുറിക്ക് പ്രത്യേക മൂഡ് നല്കും. ഭിത്തിയിലെ നിറങ്ങൾക്ക് കൂടുതൽ ശോഭ പകരുന്നതാകണം ലൈറ്റിങ്. വോൾ ആർട്, ക്യൂരിയോസ് എന്നിവയെ എടുത്ത് കാണിക്കാൻ സ്പോട് ലൈറ്റിങ് ഉപയോഗിക്കാം. കേരളത്തിൽ ലഭ്യമായതിനേക്കാൾ നല്ല മോഡലുകൾ വിലക്കുറവിൽ ബാംഗ്ലൂരിൽ ലഭിക്കും. 

∙ മുറികൾക്ക് സാധാരണ നല്കുന്ന ഉയരം 10 അടിയാണ്. ഇത് 13 അടിയാക്കിയാൽ നേട്ടങ്ങളേറെയാണ്. പുറംകാഴ്ച മെച്ചപ്പെടുന്നു എന്നതിനോടൊപ്പം ചൂട് കുറയ്ക്കാനും കൂടുതൽ സ്ഥലം തോന്നിക്കാനും സഹായിക്കും. 

Mascot on pillows

∙ എല്ലാ മുറിയും ഒരു പോലെ തോന്നിക്കാതെ വ്യത്യസ്ത തീം മുകളിൽ ഒരുക്കാൻ ശ്രദ്ധിക്കുക. ഒരു മുറിയിലെ കർട്ടൻ, വോൾപേപ്പർ, പെയിന്റിങ്ങു‌കൾ , കിടക്കവിരി, ക്യൂരിയോസ് തുടങ്ങിയവയിലെല്ലാം ഏകതാനത കൊണ്ടു വരാൻ ശ്രമിക്കുക. 

∙കോണിപ്പടിക്കടിയിലെ സ്ഥലം വെറുതേയിട്ടാൽ പൊടി പിടിച്ച് നാശമാകും. ഒരു കംപ്യൂട്ടർ ടേബിൾ സ്ഥാപിച്ച് ഓഫിസ് സ്പേസ് ആക്കിയെടുക്കാം. പെബിൾകോർട്, വാഡ്രോബ് തുടങ്ങിയവയും പരീക്ഷിക്കാവുന്നതാണ്. 

∙ വെള്ള നിറത്തിലുള്ള മുറിയാണെങ്കിൽ ആക്സസറികളിലൂടെ നിറം നല്കാം. ഫർണിഷിങ്, ഫ്ലോറിങ്, ജനാലകൾ, കർട്ടൻ തുടങ്ങിയവയിൽ വിവിധ നിറങ്ങൾ പരീക്ഷിക്കാം. 

∙ ഹോട്ടൽ മുറികളിലെ ആഡംബരവും സൗകര്യങ്ങളും വീടിനകത്ത് കൊണ്ടു വരാൻ ശ്രമിക്കരുത്. ഇവിടെ പ്രാധാന്യം ഉപയുക്തതയ്ക്കായിരിക്കണം. 

∙ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് കയറുമ്പോൾ കാണുന്ന നിറങ്ങൾ തമ്മിൽ ചേർച്ചയുണ്ടാകണം.