ഇഷ്ടക്കാർ ഏറെയാണ് ഈ ടൈലുകൾക്ക്, കാരണം...

മുറിയുടെ മധ്യഭാഗം ഹൈലൈറ്റ് ചെയ്യാനുള്ള ഡിസൈനർ ടൈലുകൾ പ്രത്യേകം ലഭിക്കുന്നുണ്ട്. നേരത്തേ പല കഷണങ്ങൾ ഉപയോഗിച്ച് ടൈൽ പതിക്കുന്നവർ അവരുടെ മനോധര്‍മത്തിനനുസരിച്ചു ചെയ്തിരുന്ന ഡിസൈനുകൾ ഒറ്റപീസ് ആയോ നാലു ടൈലുകൾ ചേർന്ന പീസ് ആയോ വരുന്നു എന്നതാണ് പ്രത്യേകത. വലിയ മുറികളിലാണ് ഇത് കൂടുതൽ ഉപയോഗിക്കുന്നത്. കട്ടിലോ കസേരയോ ഇട്ട് മറയുന്ന ഭാഗങ്ങളിൽ ഉപയോഗിച്ചിട്ടു കാര്യമില്ല. തിളങ്ങുന്ന നിറങ്ങളും ഇന്ത്യൻ, അറേബ്യൻ പ്രിന്റുകളുമൊക്കെയായതിനാൽ കന്റെംപ്രറി വീടുകളിൽ ഇവയുടെ സാന്നിധ്യമില്ല. വലിയ വില നൽകേണ്ടിവരുമെന്നതിനാൽ വളരെ ജനകീയമല്ല.

ലെപോത്രോയുടെ ആരാധകർ

മാറ്റ്, ഗ്ലോസി, റസ്റ്റിക് ഫിനിഷുകളെല്ലാം വളരെക്കാലമായി ഉണ്ടെങ്കിലും ലെപോത്ര ഫിനിഷിന് കുറച്ചുകാലമായി ഇഷ്ടക്കാര്‍ ഏറെയാണ്. കാഴ്ചയ്ക്ക് അല്‍പം പരുക്കനാണെങ്കിലും തൊട്ടുനോക്കുമ്പോൾ മിനുസമാർന്നതാണ്. അതുകൊണ്ടുതന്നെ റസ്റ്റിക് ഫിനിഷ് പോലെ വൃത്തിയാക്കാൻ പ്രയാസമില്ല ലെപോത്ര. ടൈലും ഗ്രാനൈറ്റും കോട്ടയുമെല്ലാം ലെപോത്ര ഫിനിഷിൽ ലഭിക്കും. ഗോവണിപ്പടികൾ, സിറ്റ്ഔട്ട്, ബാൽക്കണി എന്നിവിടങ്ങളിലെല്ലാം ലെപോത്ര ഫിനിഷ് യോജിക്കും.

ഇപ്പോക്സി എടുത്തുകാണണം

ടൈൽ വിരിച്ചിട്ടുണ്ടെന്ന് മനസ്സിലാകാത്ത വിധത്തിൽ വേണം നിലം എന്ന നിർബന്ധമുള്ളവർക്കിടയിൽ ഇപ്പോക്സി വേറിട്ട് നിൽക്കണം എന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. കറുപ്പോ വെളുപ്പോ മാത്രമല്ല ഏതു നിറവും (സിൽവർ, ഗോൾഡൻ ഉൾപ്പെടെ) ഇപ്പോക്സിയില്‍ ലഭിക്കും. വെള്ള ടൈലിനു കറുപ്പ് ഇപ്പോക്സി എന്നതുപോലെ കോൺട്രാസ്റ്റിങ് ആയാണ് പലരും ടൈൽ വിരിക്കുന്നത്. ഇപ്പോക്സി കൊണ്ടുമാത്രം നിലമൊരുക്കുന്ന രീതിയുണ്ടെങ്കിലും വലിയ പ്രചാരമില്ല. ത്രീഡിയുടെ പ്രതീതി ജനിപ്പിക്കുമെന്നതാണ് ഇതിന്റെ മേന്മ.