അമ്മച്ചിക്കൊട്ടാരത്തിൽ ഫഹദ് ഫാസിൽ

തിരുവിതാംകൂർ രാജ്ഞിയുടെ വേനൽക്കാല വസതിയായിരുന്നു അമ്മച്ചിക്കൊട്ടാരം.

ഫഹദ് ഫാസിൽ നായകനായി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന കാർബൺ എന്ന സിനിമയിൽ ഏവരും ശ്രദ്ധിച്ചത് കോടമഞ്ഞിന്റെ കുപ്പായം പുതച്ചു മയങ്ങുന്ന ആ കൊട്ടാരത്തിന്റെ ഭംഗിയാണ്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി അഭിനയിച്ചത് പീരുമേടിനു സമീപം കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരമാണ്.

തിരുവിതാംകൂർ രാജ്ഞിയുടെ വേനൽക്കാല വസതിയായിരുന്നു അമ്മച്ചിക്കൊട്ടാരം. തിരുവിതാംകൂറിൽ തായ്‌വഴി ഭരണം നിലനിന്ന കാലത്ത് രാജാവിന്റെ സഹോദരിക്കാണ് റാണി എന്ന പദവി നൽകിയിരുന്നത്. അതിനാൽ രാജാവിന്റെ ഭാര്യക്ക് 'അമ്മച്ചി' എന്ന പദവി നൽകി. അങ്ങനെയാണ് രാജാവിന്റെ പത്നി താമസിക്കുന്ന കൊട്ടാരത്തിനു 'അമ്മച്ചി കൊട്ടാരം' എന്ന വിളിപ്പേര് കിട്ടിയത്. ജെ ഡി മൺറോ സായിപ്പാണ്‌ കൊട്ടാരം നിർമിച്ചതെന്ന് പറയപ്പെടുന്നു. 

ചെറുതെങ്കിലും പഴമയുടെ മണവും പ്രൗഢിയും നിലനിൽക്കുന്ന അകത്തളങ്ങൾ. മൂന്ന് കിടപ്പുമുറികൾ, രണ്ട് ഹാളുകൾ, വിശാലമായ സ്വീകരണമുറി, ഊണുമുറി, അടുക്കള, സ്‌റ്റോർ റൂം,, രണ്ട് രഹസ്യ ഇടനാഴികൾ എന്നിവയാണ് കൊട്ടാരത്തിലുള്ളത്. ഇടനാഴികളിൽ ഒരെണ്ണം കൊട്ടാരത്തിലെ വിവിധ ഭാഗങ്ങളിലേക്കും രണ്ടാമത്തേത് പീരുമേട്ടിലെ ക്ഷേത്രത്തിലേക്കും നയിക്കുന്നു എന്നാണ് പറയപ്പെടുന്നത്.

സന്ദർശക മുറിയിൽ തീകായാനായി ഉരുപയോഗിച്ചിരുന്ന നെരിപ്പോട് കാണാം. പ്രധാന ഹാളിലായിരുന്നു രാജാവ് ഇവിടം സന്ദർശിക്കുന്ന വേളയിൽ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നത്. വെളിച്ചത്തെ സ്വാഗതം ചെയ്യാനായി രണ്ട് ഫ്രഞ്ച് ജനാലകളും ഇവിടെ കാണാം. അടുത്ത ഇടനാഴിയുടെ വശത്തായി നടുമുറ്റം.

രാജാവിനും രാജ്ഞിക്കും തോഴിമാർക്കുമായി മൂന്ന് കിടപ്പുമുറികളാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതിൽ ഒരു മുറി ഇപ്പോൾ സെക്യൂരിറ്റി ഗാർഡ് ഉപയോഗിക്കുന്നു. മറ്റു മുറികളിൽ പഴയ ഫർണിച്ചറുകളും സാധനങ്ങളുമൊക്കെ സൂക്ഷിക്കുന്നു. രാത്രിയിൽ മഞ്ഞവിളക്കുകളുടെ പ്രഭയിൽ കോടമഞ്ഞിന്റെ പുതപ്പണിഞ്ഞു കൊട്ടാരം നിശബ്ദം ഉറങ്ങുന്നു.