പൊതു ബ്രാൻഡിൽ, ഒരേ രുചിയിൽ നീര വരും

കേരളത്തിന്റെ സ്വന്തം നീരയ്ക്ക് ഇനി മുതൽ ഒരു സ്വാദു മാത്രം. നീര ഉൽപാദനവും വിപണനവും ഒരു കുടക്കീഴിലാക്കാൻ കൃഷി വകുപ്പു കർമപദ്ധതി തയാറാക്കുന്നു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഒറ്റ പൊതു ബ്രാൻഡിൽ, ഒരു സ്വാദിൽ നീര വിതരണം ചെയ്യാനാണു കൃഷി വകുപ്പിന്റെ ആലോചന. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നീര ഉൽപാദന കമ്പനികളുടെ യോഗം വിളിച്ചു ചേർത്തിരുന്നു.

നീര ഉൽപാദനം, പായ്ക്കിങ്, വിതരണം എന്നീ മേഖലകളിൽ ഉൽപാദകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാണ് ഒരേ സ്വാദുള്ള ഒരു ബ്രാൻഡ് എന്ന ആശയം നടപ്പാക്കുന്നത്. പൊതു ബ്രാൻഡിൽ നീര പുറത്തിറക്കുന്നതിനോടു യോഗത്തിൽ പങ്കെടുത്ത എല്ലാ കമ്പനികളും യോജിച്ചു.

ഉൽപാദന പ്രക്രിയയിലെ സാങ്കേതികവിദ്യയുടെ മാറ്റം മൂലമാണു വിവിധ കമ്പനികൾ പുറത്തിറക്കുന്ന നീരയ്ക്കു പല സ്വാദും വ്യത്യസ്ത ഗുണനിലവാരവുമായത്. ഈ സാഹചര്യത്തിൽ എല്ലാ കമ്പനികൾക്കും സ്വീകാര്യമായ പൊതു ഉൽപാദന രീതി കൃഷി വകുപ്പു നിർദേശിക്കും. കോടികളുടെ മുതൽമുടക്കുള്ള ടെട്രാ പായ്ക്ക് പ്ലാന്റ് ഇല്ലാത്തതാണു നീര ഉൽപാദന മേഖലയിലെ പ്രധാന ന്യൂനത.

സുരക്ഷിതമായ ടെട്രാ പായ്ക്കിൽ നീര ലഭിച്ചാൽ വാങ്ങാൻ വിദേശത്തുനിന്നു വരെ ആവശ്യക്കാരുണ്ട്. നിലവിൽ കൃഷി വകുപ്പിന്റെ മൂവാറ്റുപുഴ നടുക്കരയിലെ പൈനാപ്പിൾ ടെട്രാ പായ്ക്ക് യൂണിറ്റ് നീരയ്ക്കുകൂടി ഉപയോഗിക്കാമെന്നാണു കൃഷി വകുപ്പിന്റെ നിർദേശം. പാക്കിങ് ശേഷിയുടെ 30 ശതമാനമേ ഇപ്പോൾ നടുക്കര പ്ലാന്റിൽ‌ ഉപയോഗിക്കുന്നുള്ളു.

എന്നാൽ, നീര ടെട്രാ പായ്ക്ക് ചെയ്യാൻ ചില സാങ്കേതിക തടസ്സങ്ങൾ പ്ലാന്റിനുണ്ട്. ഇവ പരിഹരിക്കാനും ആവശ്യമായ ഭേദഗതി വരുത്താനും പ്ലാന്റ് ഡയറക്ടർ ബോർ‍ഡിനു നിർദേശം നൽകിയതായി മന്ത്രി വി.എസ്.സുനിൽ കുമാർ പറഞ്ഞു. എന്നാൽ, വിപണി നിരക്കിന്റെ രണ്ടിരട്ടിയോളം പായ്ക്കിങ് ഫീസാണു സർക്കാർ പ്ലാന്റ് ആവശ്യപ്പെടുന്നതെന്നതു മറ്റൊരു പ്രതിസന്ധിയാണ്.

നാലു വർഷം മുൻപു കേര കർഷകർക്കു വലിയ പ്രതീക്ഷ നൽകിയ നീര ഉൽപാദനം പിന്നീട് കൂപ്പുകുത്തിയിരുന്നു. 29 കമ്പനികൾ 30,000 ലീറ്റർ വരെ നീര പ്രതിദിനം ഉൽപാദിപ്പിച്ചിരുന്നെങ്കിലും നിലവിൽ 5,000 ലീറ്ററിൽ താഴെയാണ് ഉൽപാദനം. ഈ സാഹചര്യത്തിലാണു സർക്കാർ ഇടപെട്ടത്.

പുളിക്കാതിരിക്കാൻ പല വഴി; അങ്ങനെ പല രുചി

ചുണ്ണാമ്പ്, നാളികേര വികസന ബോർഡ് നൽകുന്ന എഎഫ്എസ് മിശ്രിതം (ആന്റി ഫെർമന്റിങ് സൊലൂഷൻ), കോൾഡ് ചെയിൻ സംരക്ഷണം എന്നിവയിലൂടെയാണു വിവിധ കമ്പനികൾ നീര പുളിച്ചു കള്ളാകുന്നതു തടയുന്നത്.

രാസവസ്തു ഉപയോഗിച്ചു നീര പുളിക്കുന്നതു തടയുകയാണു ചുണ്ണാമ്പിലും എഎഫ്എസിലും ചെയ്യുന്നത്. നീര ചെത്തുമ്പോൾ തന്നെ ഐസ് പെട്ടി സ്ഥാപിച്ചു തണുപ്പിച്ചു പുളിക്കുന്നതു തടയുന്ന കോൾഡ് ചെയിൻ സംരക്ഷണ രീതിയുമുണ്ട്. ഇങ്ങനെ ഓരോ രീതിയിലും നീരയ്ക്ക് ഓരോ രുചിയാണുണ്ടാവുക.