കുരുമുളകില്‍ വിയറ്റ്നാം ഒളിപ്പോര്

കുരുമുളക്

കുരുമുളകു വിപണിയിൽ ഇന്ത്യയെ തകർക്കുന്ന തന്ത്രവുമായി വിയറ്റ്‌നാം. ഇന്ത്യയിൽ നിന്നുള്ള കുരുമുളകിന്റെ പകുതി വിലയ്‌ക്കാണു രാജ്യാന്തര വിപണിയിൽ വിയറ്റ്‌നാമിന്റെ വിൽപന. വിയറ്റ്‌നാമിൽനിന്നു ശ്രീലങ്ക വഴി മുംബൈയിലേക്കു വൻതോതിൽ കുരുമുളക് എത്തിക്കുന്നതു മൂലം ആഭ്യന്തര വിപണിയിലും ഇന്ത്യയ്‌ക്കു തിരിച്ചടി. ഇടുക്കിയിലെയും വയനാട്ടിലെയും കുരുമുളകു കർഷകരെ കടുത്ത പ്രയാസത്തിലാക്കിയിരിക്കുന്ന വിയറ്റ്‌നാം തന്ത്രം തീരുവ ഇനത്തിൽ കേന്ദ്ര സർക്കാരിനു കോടികളുടെ നഷ്‌ടം വരുത്തുന്നുമുണ്ട്.

രാജ്യാന്തര വിപണിയിൽ ഇന്ത്യൻ കുരുമുളകിനു ടണ്ണിന് 8000 യുഎസ് ഡോളറിനടുത്താണു വില. വിയറ്റ്‌നാമിന്റെ വിൽപനയാകട്ടെ 4000 ഡോളറിനും. ശ്രീലങ്ക വഴി എത്തിച്ചിട്ടും ഇന്ത്യൻ വിപണിയിൽ കിലോഗ്രാമിനു 170 രൂപയോളം കുറഞ്ഞ നിരക്കിലാണു വിയറ്റ്നാം കുരുമുളകിന്റെ വിൽപന. ശ്രീലങ്ക വഴിയുള്ള വരവുമൂലം തീരുവ ഇനത്തിൽ സർക്കാരിനു വർഷം 200 കോടിയോളം രൂപയാണു നഷ്‌ടം.

വിയറ്റ്‌നാമിൽ കുരുമുളക് ഉൽപാദനം റെക്കോർഡ് നിലവാരത്തിലാണ്. അതേസമയം, വിയറ്റ്‌നാം കുരുമുളകിൽ കീടനാശിനിയുടെ അംശമുള്ളതിനാൽ യൂറോപ്പിൽ ഇതിന് ആവശ്യക്കാർ കുറഞ്ഞതായാണു സൂചന. അമേരിക്കയാകട്ടെ ബ്രസീലിൽ നിന്നാണു കൂടിയ അളവിൽ ഇപ്പോൾ കുരുമുളകു വാങ്ങുന്നത്. ഈ പശ്‌ചാത്തലത്തിലാണ് ഇന്ത്യൻ വിപണിയിലേക്കുള്ള വിയറ്റ്‌നാമിന്റെ കടന്നുകയറ്റം.

വിയറ്റ്‌നാമിൽ നിന്ന് ഇന്ത്യയിലേക്കു നേരിട്ട് ഇറക്കുമതി ചെയ്‌താൽ 50 ശതമാനത്തിലേറെ തീരുവ നൽകണം. അതേസമയം, ശ്രീലങ്കയിൽ നിന്നാണെങ്കിൽ തീരുവ 10 ശതമാനത്തിൽ താഴെ മതി. അതിനാൽ ശ്രീലങ്കയിൽനിന്ന് എന്ന വ്യാജേനയാണു വിയറ്റ്‌നാം കുരുമുളകിന്റെ  ഇറക്കുമതി. ഇക്കഴിഞ്ഞ ജനുവരി–മാർച്ച് കാലയളവിൽ വിയറ്റ്‌നാമിൽനിന്ന് 960 ടൺ കുരുമുളക് ശ്രീലങ്കയിൽ എത്തുകയുണ്ടായി. ഇതു മുഴുവൻ ഇന്ത്യയിലേക്കു കടത്തിയിട്ടുണ്ടാകുമെന്നാണു കരുതുന്നത്.

ഗുണമേന്മയിൽ ഏറ്റവും മികച്ചത് ഇടുക്കിയിൽ നിന്നും വയനാട്ടിൽ നിന്നുമുള്ള കുരുമുളകാണ്. കർണാടകയിൽ നിന്നുള്ള മുളകിനു മുഴുപ്പു കൂടും. വിയറ്റ്‌നാം മുളകും മുഴുപ്പു കൂടിയതാണ്. അതിനാൽ കർണാടകയിൽ നിന്നുള്ള ഉൽപന്നം എന്ന വ്യാജേനയാണു വിയറ്റ്‌നാം മുളക് ആഭ്യന്തര വിപണിയിൽ വിൽക്കുന്നത്. മുഴുപ്പും വിലക്കുറവും കൂടിയാകുമ്പോൾ അതിനാണു പ്രിയം കൂടുതൽ.

കുരുമുളകിന്റെ വിലത്തകർച്ച കർഷകർക്കു താങ്ങാനാവാത്ത നിലയിലാണ്. ക്വിന്റലിന് 72,000 രൂപ വരെയുണ്ടായിരുന്ന വില ഇപ്പോൾ 49,000–51,000 രൂപ നിലവാരത്തിലേക്കാണു താഴ്‌ന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ സമയത്ത് വില 70,000 രൂപയോളമായിരുന്നു.

വിയറ്റ്‌നാം കുരുമുളകിന്റെ അനിയന്ത്രിതമായ വരവു തടയാൻ കേന്ദ്ര സർക്കാർ ശ്രീലങ്കയുടെ മേൽ സമ്മർദം ചെലുത്തുകയാണ് ആവശ്യമെന്ന് ഇന്ത്യൻ പെപ്പർ ആൻഡ് സ്‌പൈസസ് ട്രേഡ് അസോസിയേഷൻ (ഇപ്‌സ്‌റ്റ) മുൻ പ്രസിഡന്റും കയറ്റുമതി രംഗത്തെ പ്രമുഖനുമായ കിഷോർ ഷാംജി നിർദേശിക്കുന്നു. വിയറ്റ്‌നാം മുളക് മൂല്യവർധിത ഉൽപന്നങ്ങളാക്കി കയറ്റുമതി ചെയ്യുമ്പോൾ കീടനാശിനിയുടെ സാന്നിധ്യം പ്രശ്‌നമാകുമെന്നും അതു രാജ്യാന്തര വിപണിയിൽ ഇന്ത്യയ്‌ക്കു ചീത്തപ്പേരുണ്ടാക്കുമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്.