ഉൽപാദനം കുറഞ്ഞു, ഡിമാൻഡ് ഉയർന്നു; മറയൂർ ശർക്കരയ്ക്ക് ആശ്വാസവില

മറയൂർ ശർക്കരയുടെ വില 3600–ലേക്ക് ഉയർന്നതു കർഷകർക്ക് ആശ്വാസമായി. മൂന്നുമാസം മുൻപുവരെ 60 കിലോയടങ്ങുന്ന ഒരു ചാക്ക് ശർക്കരയ്‌ക്ക് 2800 മുതൽ 3000 വരെ മാത്രമായിരുന്നു ലഭിച്ചിരുന്നത്. മഴ ലഭിക്കാതെ വന്നതോടെ ഉൽപാദനം കുറഞ്ഞതു പെട്ടെന്നുള്ള വില വർധനയ്ക്കിടയാക്കി. ഉൽപാദനം കുറയുകയും ഡിമാൻഡ് കൂടുകയും ചെയ്തതിനാൽ വില ഉയർന്നു. ഒരു കിലോ മറയൂർ ശർക്കരയ്ക്ക് 65 രൂപ വരെയാണ് ചില്ലറ വില.

വില ഇനിയും കൂടുമെന്ന പ്രതീക്ഷയും കർഷകരിലുണ്ട്. മുൻ കാലങ്ങളിൽ മാർക്കറ്റിൽ മറയൂർ ശർക്കരയ്‌ക്ക് ഉയർന്ന വില ലഭിച്ചിരുന്നെങ്കിലും കർഷകർക്കു ന്യായവില ലഭിച്ചിരുന്നില്ല. മറയൂർ ശർക്കരയ്ക്കൊപ്പം വ്യാജൻ കലർത്തിയതും വിലക്കുറവുണ്ടാക്കി. മറയൂർ ശർക്കരയ്‌ക്കു ന്യായവില ലഭിക്കാതായതിനെ തുടർന്നു പല കർഷകരും കവുങ്ങ്, കാപ്പി, തെങ്ങ് തുടങ്ങിയ കൃഷികളിലേക്കു മാറിത്തുടങ്ങി. ശർക്കരയ്ക്കു വില ഉയർന്നതോടെ, ഇവർ കൃഷിയിലേക്കു തിരിച്ചുവന്നിരിക്കുകയാണ്.