വില ഉയർന്നു; പൈനാപ്പിൾ കർഷകന് ആശ്വാസം

വാഴക്കുളം മാർക്കറ്റിൽ കൂട്ടിയിട്ടിരിക്കുന്ന പൈനാപ്പിൾ

റമസാൻ തുണച്ചു. പ്രതികൂല കാലാവസ്ഥയിലും പൈനാപ്പിളിനു ഇപ്പോൾ നല്ല വിലയുടെ കാലമാണ്. 30 മുതൽ 35 രൂപ വരെയായി പൈനാപ്പിൾ വില ഉയർന്നിട്ടുണ്ട്.റമസാൻ വ്രതത്തിന്റെ കാലത്ത് പൈനാപ്പിൾ പ്രധാന നോമ്പുതുറ വിഭവമാണ്. സംസ്ഥാനത്തിനകത്തും പുറത്തും പൈനാപ്പിളിന് കൂടുതൽ ആവശ്യക്കാരുണ്ടായതോടെയാണ് പൈനാപ്പിൾ വില ഉയർന്നത്. ശക്തമായ മഴയായതിനാൽ പൈനാപ്പിൾ വില സാധാരണ നിലയിൽ താഴേക്കു പതിക്കേണ്ടതായിരുന്നു.

എന്നാൽ അനുകൂല കാലാവസ്ഥയിൽ പോലും വിലതകർച്ചയിൽ നട്ടം തിരിയുകയായിരുന്ന പൈനാപ്പിൾ കർഷകർക്ക് ആശ്വാസമായിരിക്കുകയാണ് പൈനാപ്പിൾ‌ വിലയിലെ വർധന. മഴയെ പേടിച്ചു പൈനാപ്പിൾ മാർക്കറ്റിലേക്ക് കൂടുതൽ പൈനാപ്പിൾ എത്താതിരുന്നതും കൃഷിയിൽ കുറവു വന്നതും വിലവർധനവിനു സഹായിച്ചിട്ടുണ്ട്. പൈനാപ്പിൾ കിട്ടാനില്ലാതെ വന്നതിനാൽ കൂടിയാണ് വില ഉയർന്നത്.

രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലേക്കൊക്കെ ധാരാളം ലോഡ് പൈനാപ്പിളാണ് വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ നിന്നു കയറ്റി അയക്കുന്നത്.ഈന്തപ്പഴത്തോടൊപ്പം തന്നെ നോമ്പുതുറ വിഭവത്തിൽ പൈനാപ്പിളും സ്ഥാനം പിടിച്ചതോടെ വിദേശ വിപണികളിലേക്കും പൈനാപ്പിൾ കയറ്റി അയക്കുന്നുണ്ട്.