കാന്തല്ലൂരി‍ലെ വെളുത്തുള്ളിയിൽ കർഷകന്റെ ‘കണ്ണീർത്തുള്ളി’

വിലയിടിവ് കാരണം വെളുത്തുള്ളി വിൽക്കാൻ കഴിയാത്തതിനെ തുടർന്നു കാന്തല്ലൂരിലെ വീട്ടിനുള്ളിൽ കറ്റയായി തൂക്കിയിട്ടിരിക്കുന്നു.

ഇടുക്കി കാന്തല്ലൂരിൽ ലാഭകരമായിരുന്ന വെളുത്തുള്ളി കൃഷിയും നഷ്ടത്തിലേക്ക്. കഴിഞ്ഞ രണ്ടു മാസമായി ഒരു കിലോ വെളുത്തുള്ളിക്ക് 100 മുതൽ 120 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. കുറഞ്ഞത് 250 രൂപയെങ്കിലും ലഭിച്ചാലേ കൃഷി ലാഭകരമാകൂയെന്നു കർഷകർ പറയുന്നു.

വിലക്കുറവിനൊപ്പം രോഗബാധ കൂടിയായതോടെ, വെളുത്തുള്ളി കർഷകരുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. കാന്തല്ലൂരിൽ ലാഭകരമായി നിലനിന്നിരുന്ന ഏക കൃഷിയാണ് വെളുത്തുള്ളി. എന്നാൽ, ഉൽപാദനക്കുറവും സീസണിലെ വിലത്തകർച്ചയും ഒരുമിച്ചെത്തിയതു കർഷകരെ വലയ്ക്കുന്നു.

കാന്തല്ലൂരിലെ വെളുത്തുള്ളിയിൽ ശരാശരി എട്ടു മുതൽ 12 അല്ലികൾ വരെ കാണാറുണ്ട്. എന്നാൽ ഇപ്പോൾ അഞ്ചു മുതൽ എട്ട് അല്ലികൾ വരെ മാത്രമാണു ലഭിക്കുന്നത്. ഇൻഹേലിയം ഗാർലിക്, റെഡ് ഇൻഹേലിയം ഗാർലിക് എന്നിവയാണ് കാന്തല്ലൂരിൽ കൃഷി ചെയ്‌തുവരുന്ന വെളുത്തുള്ളി ഇനങ്ങൾ. വിലയിടിവ് കാരണം വെളുത്തുള്ളി വിൽപന നടത്താതെ വീടിനുള്ളിൽ കറ്റയായി പുകയിൽ തൂക്കിയിട്ടിരിക്കുകയാണ്.