വിലക്കയറ്റത്തിന്റെ ദിനങ്ങൾ

വിപണികളിൽ ഓണം എത്തിയതു വിലക്കയറ്റവുമായി. കാർഷികോൽപന്നങ്ങൾക്കു പൊതുവേ അനുഭവപ്പെട്ട വിലക്കയറ്റത്തിൽനിന്നു വിട്ടുനിന്നവ കുറവ്. എന്നാൽ ഉപഭോക്താക്കളിൽനിന്നു കൂടുതൽ പണം വിപണികളിലേക്ക് ഒഴുകിയെത്തിയതിന് ആനുപാതികമായ നേട്ടം കർഷകർക്കുണ്ടായോ എന്ന പതിവുസംശയം ബാക്കി.

വെളിച്ചെണ്ണ

തിളച്ചുനിന്നതു കേരോൽപന്ന വിപണിതന്നെ. അഞ്ചു ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയതിന്റെ പേരിൽ ജൂലൈയിൽത്തന്നെ വെളിച്ചെണ്ണവില സാമാന്യം ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. സംസ്ഥാനത്തെ നാളികേര ഉൽപാദനസീസൺ അവസാനിച്ചതും തമിഴ്‌നാട്ടിൽ ഉൽപാദനം കുറഞ്ഞതും വിലക്കുതിപ്പിന് ആക്കം കൂട്ടി. ഈ പശ്ചാത്തലത്തിലാണ് ഓണം പ്രമാണിച്ചുള്ള ആവശ്യത്തിലുണ്ടായ വൻ കുതിപ്പ്.

വായിക്കാം ഇ - കർഷകശ്രീ

ജൂലൈയിൽ വെളിച്ചെണ്ണ (മില്ലിങ്) വില ക്വിന്റലിന് 14,600 രൂപയായിരുന്നത് ഓഗസ്റ്റ് മൂന്നാം വാരം അവസാനിക്കുമ്പോൾ 15,200 രൂപയിലെത്തിയിരുന്നു. തയാർ വില 14,000 രൂപയായിരുന്നതു 14,600 രൂപയിലേക്ക് ഉയരുന്നതും കണ്ടു. കൊപ്ര വില ക്വിന്റലിന് 9900 രൂപയിൽനിന്നു 10,300 രൂപയിലേക്കാണ് ഉയർന്നത്. പിണ്ണാക്ക് എക്‌സ്‌പെല്ലർ 2200 രൂപയായിരുന്നതു 2250 രൂപയായി. റോട്ടറി 2500 രൂപയിൽ തുടർന്നു.

കുരുമുളക്

കുരുമുളകു വിപണിയിലും നല്ല കുതിപ്പാണുണ്ടായത്. വിപണിയിലേക്കു കൂടിയ അളവിൽ കുരുമുളക് എത്തിയിട്ടും വില ഗണ്യമായി മെച്ചപ്പെട്ടെന്നതു ശ്രദ്ധേയമായി. ഉത്തരേന്ത്യയിൽനിന്നുള്ള ഡിമാൻഡിൽ വർധനയുണ്ടായതാണു വിലക്കുതിപ്പിനു കാരണമെന്നു വ്യാപാരികൾ പറയുന്നു. അതേസമയം, ഉത്തരേന്ത്യൻ വിപണിയിൽ കേരളത്തിൽനിന്നുള്ള കുരുമുളകിന് കർണാടകയിൽനിന്നുള്ള കുരുമുളക് ഭീഷണിയാകുന്നുണ്ട്. മെച്ചപ്പെട്ട ഗുണനിലവാരം മൂലമാണു കേരളത്തിൽനിന്നുള്ള മുളകിനു ഭീഷണിയെ അതിജീവിക്കാനാകുന്നത്.

വിയറ്റ്നാമിൽനിന്നു ശ്രീലങ്കവഴി ഇന്ത്യയിലേക്കു കുരുമുളകു കടത്തുന്നതിനെതിരെ വാണിജ്യമന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും കള്ളക്കടത്തു പൂർണമായി അവസാനിച്ചെന്നു പറയാൻ വിപണിയുമായി ബന്ധപ്പെട്ടവർ തയാറല്ല.

അതിനിടെ, രാജ്യാന്തരവിപണിയിൽ കുരുമുളകിന്റെ വില 4000 ഡോളറിൽനിന്നു 4600 ഡോളറായി വിയറ്റ്നാം ഉയർത്തി. ശ്രീലങ്കയും വില ഉയർത്തി: 5200 ഡോളറിൽനിന്ന് 5400 ഡോളറിലേക്ക്. ഇന്തൊനീഷ്യ 4500 ഡോളർ; ബ്രസീൽ 4200 ഡോളർ. രാജ്യാന്തര നിരക്കുകൾ വർധിച്ചെങ്കിലും ഇന്ത്യയുടെ നിരക്ക് അതിലും ഉയർന്ന നിലവാരത്തിൽത്തന്നെ. രാജ്യാന്തരവിപണിയിൽ ഇന്ത്യൻ കുരുമുളകിനു ടണ്ണിന് 8100 യുഎസ് ഡോളറിനടുത്താണ് ഇപ്പോഴും വില.

ജൂലൈ മൂന്നാം വാരം അവസാനിക്കുമ്പോൾ കൊച്ചി വിപണിയിൽ ഗാർബിൾഡ് ഇനം കുരുമുളകിന്റെ വില ക്വിന്റലിന് 50,100 രൂപ വരെ താഴ്‌ന്നിരുന്നു. എന്നാൽ ഓഗസ്റ്റ് മൂന്നാം വാരത്തിന്റെ അന്ത്യത്തിൽ വില 50,400 രൂപയിലേക്കു കയറി. അൺഗാർബിൾഡ് കുരുമുളകിന്റെ വില ക്വിന്റലിന് 48,100 രൂപയായിരുന്നത് ഓഗസ്റ്റിലെ മൂന്നാം വാരത്തിൽ 48,400 രൂപയിലേക്ക് ഉയർന്നു.

ചുക്ക്, മഞ്ഞൾ

ചുക്കിന്റെ വിലയിലും വർധനയാണു രേഖപ്പെടുത്തിയത്. ഈ അവലോകനം തയാറാക്കുമ്പോൾ ചുക്ക് മീഡിയം ക്വിന്റലിനു വില 10,500 രൂപയാണ്. ബെസ്‌റ്റ് 12,750 രൂപ വരെ ഉയരുന്നതും കണ്ടു. ഉത്തരേന്ത്യയിലെ ഔഷധ നിർമാതാക്കളിൽനിന്ന് ആവശ്യം വർധിച്ചതാണു ചുക്കുവില ഉയരാൻ പ്രധാന കാരണം. പശ്ചിമേഷ്യയിൽനിന്നു ഡിമാൻഡ് വർധിച്ചതും ചുക്കിനു തുണയായി. മഞ്ഞൾ വില സേലം 8700 രൂപ; ഈറോഡ് 9400 രൂപ.

ജാതിക്ക

ജാതിക്കയ്ക്കു ജൂൺ ആദ്യം കിലോയ്ക്ക് 260 രൂപ വരെ വിലയുണ്ടായിരുന്നെങ്കിലും ജൂലൈ പകുതിയോടെ വില ഗണ്യമായി താഴ്‌ന്നു. ജാതിക്കയുടെ അഞ്ചു ശതമാനം നികുതി നിരക്കിൽ വ്യത്യാസമൊന്നും വന്നില്ലെങ്കിലും കൂടുതൽ വ്യാപാരികൾ നികുതിപരിധിയിലേക്കു വരുമെന്ന ആശങ്കയാണ് വിലയിടിവിനു കാരണമായത്. പലരും വ്യാപാരത്തിൽനിന്നു വിട്ടുനിന്നു. ജാതിപത്രിയുടെ ജിഎസ്‌ടി നിരക്ക് നേരത്തെയുണ്ടായിരുന്ന നിരക്കിന്റെ ഇരട്ടിയായതും വിപണിയെ ബാധിച്ചു. ഓഗസ്റ്റ് മൂന്നാം വാരത്തിലും വിലനിലവാരത്തിൽ വലിയ മാറ്റം കണ്ടില്ല.

ജാതിക്ക (തൊണ്ടൻ) വില കിലോയ്ക്ക് 150 – 180 രൂപ. തൊണ്ടില്ലാതെ 270 – 310 രൂപ. ജാതിപത്രി ചുവപ്പ് 400 രൂപയും മഞ്ഞ 550 രൂപയും. ഗ്രാമ്പൂ 700 രൂപ.

തേയില

ഓണം ഡിമാൻഡ് തേയിലവിപണിയിലും പ്രകടമായിരുന്നു. എന്നാൽ ഡിമാൻഡിലെ വർധന വിലയിൽ പ്രതിഫലിക്കുകയുണ്ടായില്ല.

ഇലത്തേയില ഓർത്തഡോക്‌സ് ഹൈഗ്രോൺ ബ്രോക്കൺ: 233 – 245 രൂപ. ഹൈഗ്രോൺ ഫാന്നിങ്‌സ്: 182 – 188 രൂപ. മീഡിയം ബ്രോക്കൺ: 96 – 104 രൂപ. മീഡിയം ഫാന്നിങ്‌സ്: 82 – 87 രൂപ.

സിടിസി ബെസ്‌റ്റ് ബ്രോക്കൺ: 108 – 119 രൂപ. ബെസ്‌റ്റ് ഫാന്നിങ്‌സ്: 99 – 104 രൂപ. മീഡിയം ബ്രോക്കൺ: 82 – 88 രൂപ. മീഡിയം ഫാന്നിങ്‌സ്: 73 – 78 രൂപ.

പൊടിത്തേയില ഓർത്തഡോക്‌സ് മീഡിയം ബ്രോക്കൺ ഡസ്‌റ്റ്: 100 – 105 രൂപ. സിടിസി ബെസ്‌റ്റ് സൂപ്പർ ഫൈൻ ഡസ്‌റ്റ്: 127 – 148 രൂപ. ബെസ്‌റ്റ് റെഡ് ഡസ്‌റ്റ്: 119 – 128 രൂപ. കടുപ്പം കൂടിയ ഇടത്തരം: 110 – 117 രൂപ. കടുപ്പം കുറഞ്ഞ ഇടത്തരം: 99 – 105 രൂപ. താഴ്ന്ന ഇനം: 70–76 രൂപ.

തേയില ഉൽപാദനത്തിൽ ഇക്കഴിഞ്ഞ ജനുവരി – ജൂൺ കാലയളവിൽ 2016 ജനുവരി – ജൂൺ കാലയളവിലേതിനെ അപേക്ഷിച്ചു 4.5 ശതമാനം വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. 2016 ജനുവരി – ജൂൺ കാലയളവിൽ ഉൽപാദനം 42.4 കോടി കിലോ ആയിരുന്നത് ഇക്കഴിഞ്ഞ ജനുവരി – ജൂൺ കാലയളവിൽ 44.3 കോടി കിലോയിലെത്തി.

റബർ

ഈ റിപ്പോർട്ട് തയാറാക്കുമ്പോൾ കൊച്ചിയിൽ ആർഎസ്‌എസ് നാലിന്റെ വില ക്വിന്റലിന് 13,000 രൂപയും ആർഎസ്‌എസ് അഞ്ചിന്റെ വില 12,450 രൂപയുമാണ്. രാജ്യാന്തരവിപണിയിൽ ചൈന ആർഎസ്‌എസ് നാലിന്റെ വില കിലോയ്ക്ക് 135 രൂപയിലേക്ക് ഉയർത്തി. ബാങ്കോക്ക്, ടോക്കിയോ വിപണിവില 118 രൂപ.