ഹണി മിഷൻ സഹായപദ്ധതികൾ

സംസ്ഥാനത്തു തേനീച്ചവളർത്തൽ വ്യാപിപ്പിക്കുക, കൂടുതൽ കാര്യക്ഷമമാക്കുക, തേനീച്ചക്കർഷകർക്കു കൂടുതൽ സഹായങ്ങൾ ലഭ്യമാക്കുക, തേനധിഷ്ഠിത മൂല്യവർധിത ഉൽപന്നങ്ങൾ പ്രചാരത്തിലെത്തിക്കുക എന്നിവയാണ് ഹണി മിഷനിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന ഹോർട്ടികൾചർ മിഷൻ ഹോർട്ടികോർപു വഴിയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. 180 ലക്ഷം രൂപയാണ് ഇതിലേക്കായി വകയിരുത്തിയിരിക്കുന്നത്. പദ്ധതികൾ ഒറ്റനോട്ടത്തിൽ:

ചെറുതേനീച്ചകളുടെ വർധനയ്ക്കുള്ള സഹായം (300 കോളനികൾ, 50 ശതമാനം ധനസഹായം)

ഉന്നത നിലവാരമുള്ള 300 ചെറുതേനീച്ചക്കോളനികൾ, ഒരു ജില്ലയ്ക്കു ശരാശരി 21 കോളനികൾ വീതം വീട്ടുവളപ്പിലോ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കോ ആയി വിതരണം ചെയ്യും.

വായിക്കാം ഇ - കർഷകശ്രീ

ഇന്ത്യൻ തേനീച്ചകളുടെ വർധനയ്ക്കും വ്യാപനത്തിനുമുള്ള സഹായം (3750 കോളനികൾ, 40 ശതമാനം ധനസഹായം)

പദ്ധതിയിൽ ഉൾപ്പെടുത്തി ഓറിയന്റേഷൻ പരിശീലനം ലഭിക്കുന്ന 40 കർഷകരുൾപ്പെടുന്ന ഒരു യൂണിറ്റിന് പരമാവധി 93 ഇന്ത്യൻ തേനീച്ചക്കോളനികൾ ലഭ്യമാക്കും. ഇത്തരത്തിൽ 40 ഓറിയന്റേഷൻ പരിശീലനങ്ങൾ നടത്തി 3750 കോളനികൾ വിതരണം ചെയ്യും.

പരിശീലന പരിപാടികൾ

പുതുതായി തേനീച്ചക്കൃഷിയിലേക്കു കടന്നുവരാൻ ആഗ്രഹിക്കുന്നവർക്കായി നാലു ദിവസം നീളുന്ന 40 ഓറിയന്റേഷൻ പരിശീലന ക്ലാസ്സുകൾ കേരളത്തിലുടനീളം സംഘടിപ്പിക്കും. ഇങ്ങനെ പരിശീലനം നേടുന്നവർക്കായി വീണ്ടും നാലു ദിവസം നീളുന്ന 40 റിഫ്രഷർ പരിശീലന ക്ലാസ്സുകളുമുണ്ടാവും. കാലങ്ങളായി തേനീച്ചക്കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്കായി 40 ഫോളോ അപ് ക്ലാസ്സുകളും സംഘടിപ്പിക്കും.

പ്രചാരണ പരിപാടികൾ

ആരോഗ്യ പരിപാലനത്തിൽ തേനിന്റെ പ്രാധാന്യം, തേൻ–തേനധിഷ്ഠിത ഉൽപന്നങ്ങളുടെ അനന്ത സാധ്യതകൾ എന്നിവ പൊതുസമൂഹത്തിനു പരിചയപ്പെടുത്തുന്നതിനായി 60 പ്രചാരണ പരിപാടികൾ നടപ്പിലാക്കും. താൽപര്യമുള്ളവർക്കു ഹോർട്ടികോർപുമായി ബന്ധപ്പെടാം.

വിലാസം: ഡിസ്ട്രിക്ട് മാനേജർ, സംസ്ഥാന തേനീച്ച വളർത്തൽ പരിശീലനകേന്ദ്രം, ഹോർട്ടികോർപ്, കല്ലിമേൽ, മാവേലിക്കര.
ഫോൺ
: 9447398085, 0479– 2356695

കൂടുകളിൽ കോഴിവളർത്തൽ (നഗരപ്രദേശങ്ങളിൽ)

മൃഗസംരക്ഷണവകുപ്പിന്റെ ആഭിമുഖ്യത്തിൽ കോർപറേഷൻ, മുനിസിപ്പാലിറ്റി പ്രദേശങ്ങളിൽ കൂടുകളിൽ കോഴിവളർത്തൽ പദ്ധതി നടപ്പിലാക്കി വരുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിലാണ് നിലവിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. കൂട്, മുട്ടക്കോഴി (5 എണ്ണം) എന്നിവയുൾപ്പെടെ 5,000 രൂപയുടെ സഹായം ഒരു ഗുണഭോക്താവിനു ലഭിക്കും. പദ്ധതി ആനുകൂല്യത്തിനായി അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടാം.

താറാവു വളർത്തൽ പദ്ധതി

മൃഗസംരക്ഷണവകുപ്പിന്റെ താറാവു വളർത്തൽ പദ്ധതിപ്രകാരം ഒരു ഗുണഭോക്താവിന് രണ്ടുമാസം പ്രായമായ 10 താറാവുകുഞ്ഞുങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി. 1,200 രൂപയുടെ ധനസഹായം നൽകുന്ന പദ്ധതി നടപ്പിലാക്കി വരുന്നു. 1,608 ഗുണഭോക്താക്കൾക്ക് ഇതുവരെ ആനുകൂല്യം ലഭിച്ചു. 2017–’18 വർഷം 3,900 ഗുണഭോക്താക്കൾക്ക് ആനുകൂല്യം നൽകാൻ ലക്ഷ്യമിടുന്നു. പദ്ധതി ആനുകൂല്യത്തിനായി അടുത്തുള്ള മൃഗാശുപത്രിയിൽ ബന്ധപ്പെടേണ്ടതാണ്.

പുഷ്പക്കൃഷി

വെട്ടുപൂക്കളുടെ കൃഷിക്ക് ഹെക്ടറൊന്നിന് മൊത്തം പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 40,000 രൂപയും ലൂസ് പൂക്കളുടെ കൃഷിക്ക് പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 16,000 രൂപയും സഹായമായി നൽകുന്നു. ഒരു ഗുണഭോക്താവിന് പരമാവധി രണ്ടു ഹെക്ടറിൽ കൃഷി ചെയ്യുന്നതിനാണ് ധനസഹായം. ഇക്കൊല്ലം 161 ഹെക്ടറിൽ വെട്ടുപൂക്കളുടെയും 50 ഹെക്ടറിൽ ലൂസ് പൂക്കളുടെയും കൃഷിയാണ് ലക്ഷ്യമിടുന്നത്.

സുഗന്ധവ്യഞ്ജനക്കൃഷി

ഇഞ്ചി, മഞ്ഞൾ എന്നിവയുടെ കൃഷിക്ക് ഹെക്ടറൊന്നിന് മൊത്തം പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 12,000 രൂപയും കുരുമുളകുകൃഷിക്ക് ഹെക്ടറൊന്നിന് മൊത്തം പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 20,000 രൂപയും സഹായമായി നൽകുന്നു. ഒരു ഗുണഭോക്താവിന് പരമാവധി നാലു ഹെക്ടറിലേക്കാണ് ധനസഹായം. ഇക്കൊല്ലം 1500 ഹെക്ടറിൽ ഇഞ്ചി, മഞ്ഞൾ എന്നിവയും 1000 ഹെക്ടറിൽ കുരുമുളകും കൃഷി ചെയ്യുകയാണ് ലക്ഷ്യം.

സുഗന്ധതൈല വിള

പച്ചോളി, റോസ്മേരി, ജെറേനിയം തുടങ്ങിയ സുഗന്ധതൈലവിളകൾ കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 40,000 രൂപ സഹായം നൽകും. ഒരു ഗുണഭോക്താവിന് പരമാവധി നാലു ഹെക്ടറിലേക്കാണ് ധനസഹായം. ഇക്കൊല്ലം 10 ഹെക്ടറാണ് ലക്ഷ്യമിടുന്നത്.

തോട്ടവിള

കശുമാവ്, കൊക്കോ എന്നിവ സൂക്ഷ്മജലസേചന സംവിധാനമില്ലാതെ കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് പദ്ധതിച്ചെലവിന്റെ 40 ശതമാനമായ 20,000 രൂപ 60:20:20 (ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങളിലായി) എന്ന അനുപാതത്തിൽ നൽകുന്നു. ഒരു ഗുണഭോക്താവിന് പരമാവധി നാലു ഹെക്ടറിലേക്കാണ് സഹായം. 100 ഹെക്ടർ വീതം കൊക്കോയും കശുമാവും കൃഷി ചെയ്യുകയാണ് ഇക്കൊല്ലത്തെ ലക്ഷ്യം.

മരംവളർത്താൻ സർക്കാർ സഹായം

സ്വകാര്യ ഭൂമിയിലെ മരംവളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മരംവെട്ടുന്നതിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചുവരികയാണ്. മാത്രമല്ല, പറമ്പുകളിൽ മരം നടുന്നതിനു പണം നൽകി പ്രോത്സാഹിപ്പിക്കാനും വനം വകുപ്പിനു പദ്ധതിയുണ്ടിപ്പോൾ. ഈ പദ്ധതിപ്രകാരമുള്ള പട്ടികയിലെ വൃക്ഷത്തൈകൾ നട്ടു പരിപാലിക്കുന്നവർക്കാണ് ധനസഹായം. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിൾ, കുന്നിവാക, തേമ്പാവ് എന്നീ ഇനങ്ങളാണ് പട്ടികയിലുള്ളത്. അമ്പതു മുതൽ 200 വരെ തൈകൾ നടുന്നവർക്ക് തൈ ഒന്നിന് 50 രൂപ നിരക്കിലും 201 മുതൽ 400 വരെ തൈകൾ നടുന്നവർക്ക് തൈ ഒന്നിന് 40 രൂപാ നിരക്കിലും 401 മുതൽ 625 വരെ തൈകൾ നടുന്നവർക്ക് 30 രൂപ നിരക്കിലുമായിരിക്കും ധനസഹായം. പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും അപേക്ഷാഫോറവും സോഷ്യൽ ഫോറസ്ട്രി ഓഫിസുകളിലും വനംവകുപ്പിന്റെ വെബ്സൈറ്റിലും (www.forest.kerala.gov.in) കിട്ടുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ഒക്ടോബർ പതിനഞ്ചിനകം ലഭിക്കേണ്ടതാണ്.