പൈനാപ്പിൾ വില കർഷകന് 17 രൂപ, കടയിൽ 50 രൂപ...

ഒരേ സമയം ഏറ്റവും കുറഞ്ഞ വിലയും കൂടുതൽ വിലയും ലഭിക്കുന്ന പൈനാപ്പിൾ വിലയിലെ മാജിക്ക് കാണണമെങ്കിൽ മൂവാറ്റുപുഴയ്ക്കടുത്തു വാഴക്കുളത്തേക്കു വരണം. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ കർഷകരെത്തിക്കുന്ന പൈനാപ്പിളിനു വിലിയിപ്പോൾ കിലോഗ്രാമിന് 17 രൂപയിൽ താഴെയാണ്. അതേസമയം ഇവിടുത്തെ ഒരു ചില്ലറ വിൽപ്പനശാലയിൽ പൈനാപ്പിളിനു വില 50 രൂപയും.

വിലയിലെ ഈ പൈനാപ്പിൾ മാജിക്കിന്റെ രഹസ്യം എന്തെന്നു ചോദിച്ചാൽ പാവം പൈനാപ്പിൾ കർഷകർ പലരുടെ നേർക്കും വിരൽ ചൂണ്ടും. പൈനാപ്പിളിനു ഒരു വർഷത്തിൽ ആറു തവണയെങ്കിലും വിലയിടിയും . വില ഉയരുന്നത് രണ്ടോ മൂന്നോ തവണയും. കഴിഞ്ഞ വർഷം ആറു മാസത്തോളം പൈനാപ്പിൾ വില ഇടിഞ്ഞു തന്നെ നിന്നു. ഉൽപ്പാദനം വർധിക്കുകയും മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ശൈത്യകാലാവസ്ഥ ഉണ്ടാകുകയുമൊക്കെ ചെയ്യുമ്പോഴാണ് വിലിയിടിവു സംഭവിക്കുന്നതെന്നാണു പറയുക. 

എന്നാൽ ചില്ലറ വിലയിൽ പൈനാപ്പിളിനു വലിയ ഇടിവൊന്നും ഇതുവരെ സംഭവിച്ചിട്ടില്ലെന്നതാണു വാസ്തവം. വിലയിടി‍ഞ്ഞുവെന്നാൽ ‍നഷ്ടം കർഷകനു മാത്രമുള്ളതാണ്. നേട്ടം ഇടനിലക്കാർക്കും. 

കർഷകന് ഇത്തിരി, ഇടനിലക്കാരന് ഒത്തിരി

ഓണകാലത്തു 36 രൂപ വരെയായി വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ വില ഉയർന്നിരുന്നു. ഓണം പിന്നിട്ടു പത്തു ദിവസം കഴിഞ്ഞപ്പോഴേക്കും പൈനാപ്പിൾ വില 17 രൂപയിൽ താഴെയെത്തി. പക്ഷെ സൂപ്പർമാർക്കറ്റുകളിലും ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും പൈനാപ്പിളിനു വില കിലോഗ്രാമിന് 50 രൂപയ്ക്കു മുകളിലാണ്. വിലിയിടിഞ്ഞാൽ അതിന്റെ കുറവു വിപണിയിൽ ഉണ്ടാകാത്തതെന്താണെന്നന്വേഷിക്കുമ്പോഴാണു വിലിയിടിവിലെ തന്ത്രങ്ങൾ വെളിവാകുന്നത്. എന്നാലിതു കർഷകർ പോലും പുറത്തു പറയാറില്ല. കാരണം വീണ്ടും മാർക്കറ്റിൽ പൈനാപ്പിളുമായെത്തിയാൽ വ്യാപാരികൾ തിരിഞ്ഞു നോക്കാതെ അതിവിടെ കി‍ടന്നു ചീഞ്ഞുപോകത്തേയുള്ളു.

പൈനാപ്പിളിന്റെ ഏറ്റവും വലിയ ഉൽപ്പാദന കേന്ദ്രമാണ് മഞ്ഞളളൂർ ഗ്രാമപഞ്ചായത്തിലെ വാഴക്കുളം. പൈനാപ്പിളിന്റെ ആഗോള വില നിർണയിക്കുന്നതും ഈ കൊച്ചുപട്ടണമാണ്. ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്ര, കർണാടക തുടങ്ങി മിക്ക സംസ്ഥാനങ്ങളിലേക്കും വാഴക്കുളത്തുനിന്നാണു പൈനാപ്പിൾ കയറ്റി അയയ്ക്കുന്നത്. ഇവിടെയൊക്കെ പൈനാപ്പിളിനു വലിയ വില ലഭിക്കുന്നുണ്ട്. സംസ്ഥാനത്തിനു പുറത്തെത്തിയാൽ പൈനാപ്പിളിനു കിലോ 80 രൂപയ്ക്കു മുകളിലാണ് വില. കർഷകന് ഇക്കാര്യത്തിൽ വലിയ റോളൊന്നുമില്ല.

ഉൽപ്പാദനച്ചെലവിലും കുറഞ്ഞ വില.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് 13000 ഹെക്ടറിലായി വിളഞ്ഞ മൂന്നേകാൽ ലക്ഷം ടൺ പൈനാപ്പിളിൽ മൂന്നു ലക്ഷം ടണ്ണും വിളഞ്ഞത് വാഴക്കുളത്തായിരുന്നു. ചെറുകിട കർഷകർ ഇടവിളയായും പാട്ടത്തിനു സ്ഥലമെടുത്ത് വിപുലമായും കൃഷി ചെയ്യുന്നുണ്ട്. 15000 രൂപ വരെയാണ് പ്രതിവർഷ പാട്ടത്തുക. നടാനുപയോഗിക്കുന്ന കാനി എന്ന് വിളിക്കുന്ന തൈകൾ കർഷകർക്കു ലഭിക്കുന്നത് ഏഴു രൂപ നിരക്കിലാണ്. വളവും പണിക്കൂലിയും മറ്റു ചെലവുകളും ചേർത്തു പൈനാപ്പിളിനു 20 രൂപയെങ്കിലും ലഭിച്ചാലേ ഉൽപ്പാദനച്ചെലവെങ്കിലും കർഷകനു ലഭിക്കുകയുള്ളൂവെന്നിരിക്കെയാണു എ ഗ്രേഡ് പൈനാപ്പിൾ വില 17രൂപയിലേക്കെത്തിയിരിക്കുന്നത്. ചില വ്യാപാരികൾ സമ്മർദ്ദം ചെലുത്തി ഓരോ ദിവസവും വിപണി വിലയെക്കാൾ ഒരോ രൂപ കുറച്ചു കുറച്ചാണിപ്പോൾ പൈനാപ്പിൾ വില 17ൽ എത്തിച്ചത്. ബി ഗ്രേഡിനു 15 രൂപയിൽ താഴെയാണു വില. കിലോഗ്രാമിന് 35 രൂപ വരെ ഇടനിലക്കാർ കൊണ്ടുപോകുന്നു. പൈനാപ്പിൾ കർഷകരുടെ പ്രശ്ന പരിഹാരങ്ങൾക്കായി സ്ഥാപിച്ച പൈനാപ്പിൾ കമ്പനിയാകട്ടെ പ്രശ്നങ്ങളിൽനിന്നു മോചിക്കപ്പെട്ടിട്ടുമില്ല. 

∙ ടി.എസ്.ദിൽരാജ്