പഴത്തിനെന്താ ഇത്ര വില?

വാഴപ്പഴത്തിന്റെ വിലയാണ് ഇപ്പോൾ ചർച്ചാവിഷയം. കൽപറ്റയൊഴികെ സംസ്ഥാനത്തെ എല്ലാ വിപണികളിലുംതന്നെ നേന്ത്രപ്പഴത്തിന് 60 രൂപയിലധികം വില കിട്ടി. ഉൽപാദനകേന്ദ്രമായ വയനാട്ടിൽ 50 രൂപ മാത്രമായിരുന്നു ഇതേ കാലഘട്ടത്തിലെ വില. കഴിഞ്ഞ വേനലിലുണ്ടായ വിളനാശത്തിന്റെ പരിണിതഫലം കൂടിയാണിതെന്നു കരുതാം. എന്നാൽ നേന്ത്രനെക്കാളും വിലയും ഡിമാൻഡും ഞാലിപ്പൂവനായിരുന്നു. നാടൻ ഞാലിപ്പൂവൻ ആകെ മൂന്നു വിപണികളിൽ മാത്രമാണുണ്ടായിരുന്നത്– കൽപറ്റയിലും മഞ്ചേരിയിലും പാലക്കാട്ടും.

പാലക്കാട് 60 രൂപ വിലയുള്ളപ്പോൾ മറ്റ് രണ്ട് സ്ഥലങ്ങളിലും ഞാലിപ്പൂവന്റെ വില 45 രൂപയായിരുന്നു. അതേസമയം നാടൻ കായ്കൾ കിട്ടാനില്ലാതിരുന്ന മറ്റു വിപണികളിൽ ഈയിനം പഴം  ഉപഭോക്താക്കളെ കണ്ണീരണിയിച്ചു. ആലപ്പുഴ–78, ആലുവ–82, കോട്ടയം–82, എറണാകുളം–78 എന്നിങ്ങനെ പോയി വരവുഞാലിപ്പൂവന്റെ വില. എന്നാൽ വരവ് കായ്കൾക്ക് റിക്കാർഡ് വില കിട്ടിയത് തിരുവനന്തപുരം ചാല വിപണിയിലാണ്– 90 രൂപ. നാടൻ കായ്കളുണ്ടായിരുന്ന കൽപറ്റയിൽ വരവ് ഞാലിപ്പൂവന് ഒരു രൂപ കുറഞ്ഞ് 44 രൂപയായിരുന്നു വില. നാടൻ പാളയൻകോടൻ ആലുവ, കൽപറ്റ, മഞ്ചേരി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ മാത്രമാണുണ്ടായിരുന്നത്. വില 34–36 രൂപ.

പൈനാപ്പിൾ ഉൽപാദനകേന്ദ്രമായ വാഴക്കുളത്ത് 28 രൂപയായിരുന്നു മൊത്തവില. എന്നാൽ സംസ്ഥാനത്തെ ഇതരവിപണികളിൽ ഇത് 32നും 46നും ഇടയിലായിരുന്നു. ഇഞ്ചിയുടെ വിലയിലാണ് സംസ്ഥാനത്ത് ശ്രദ്ധേയമായ സ്ഥലഭേദം പ്രകടമായത്. ആലപ്പുഴയിൽ 30 രൂപ മാത്രം പച്ച ഇഞ്ചിക്കു വിലയുള്ളപ്പോൾ തൊട്ടടുത്ത കൊല്ലത്ത് അതേദിവസം 60 രൂപയാണ് വില രേഖപ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴയുെട മറ്റ് സമീപജില്ലകളായ എറണാകുളത്ത് 55 രൂപയും കോട്ടയത്ത് 52 രൂപയുമായിരുന്നു അന്നത്തെ ഇഞ്ചിവില. പാവയ്ക്കയുെട വില എല്ലാ ജില്ലകളിലും 40–50 രൂപ നിരക്കിലായിരുന്നു. ചേനയ്ക്ക് ഏറ്റവും വില കിട്ടിയത് എറണാകുളത്താണ് – 40 രൂപ. അതേദിവസം പാലക്കാട്ട് ചേനയുടെ വില 27 രൂപ മാത്രവും. കൊല്ലത്ത് 25 രൂപ വില കിട്ടിയ കപ്പയ്ക്ക് എറണാകുളത്ത് 16 രൂപ മാത്രം കിട്ടിയതും ശ്രദ്ധേയമായി.