പാടപ‌ാഠം പഠിക്കാൻ വിദ്യാർഥികൾ

പാടത്തെ ചെളിയിലിറങ്ങി, മണ്ണിന്റെ നനവറിഞ്ഞ്, നാടൻപാട്ടുകളുടെ ഈരടികൾ മൂളി നിർമല കോളജിലെ വിദ്യാർഥികൾ നെൽകൃഷിക്കായി രണ്ടാർ പാടശേഖരം ഒരുക്കിയെടുത്തു. ഇനി കൃഷിയാണ്. കോളജിലെ പാഠ്യവിഷയങ്ങൾക്കൊപ്പം വിത്തറിഞ്ഞു വിതയ്ക്കാനും ഞാറു പറിച്ചുനടാനും ആവശ്യമറിഞ്ഞു വളമിടാനുമൊക്കെയുള്ള പാരമ്പരാഗത നെൽകൃഷിയുടെ ആദ്യപാഠങ്ങളും ഇവർ പഠിക്കും. രണ്ടാറിലെ ഒരേക്കറോളം വരുന്ന പാടശേഖരത്തിൽ കോളജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണു കൃഷി ആരംഭിച്ചിരിക്കുന്നത്. 

പരമ്പരാഗത കൃഷിരീതിയുടെ സംസ്കാര‌ം ഉൾക്കൊള്ളാനും പുതിയ തലമുറയിലേക്കു പകർന്നുനൽകാനും കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനുമൊക്കെ ലക്ഷ്യമിട്ടുകൊണ്ടാണു കോളജ് വിദ്യാർഥികൾ നെൽകൃഷിക്കായി പാടത്തിറങ്ങിയത്. കൃഷിക്കായി പാടമൊരുക്കുന്നതു മുതൽ എല്ലാം വിദ്യാർഥികൾ തന്നെയാണ്. ഏറെനാളായി തരിശു കിടന്നിരുന്ന പാടമാണു കൃഷിക്കായി അൻപതോളം വിദ്യാർഥികൾ ചേർന്നു രണ്ടുദിവസം കൊണ്ട് ഒരുക്കിയത്. എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഡോ. നിബു തോംസൺ, ഷൈമോൻ ജോസഫ്, സീമ ജോസഫ് എന്നിവർ വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നു.