വെള്ളംവറ്റിയില്ല; ഇടയാറ്റു പാടശേഖരത്ത് കൃഷി വെള്ളത്തിൽ മുങ്ങുന്നു

തോടിന് ആഴം കൂട്ടാൻ കൊണ്ടു വന്ന ജങ്കാറും മണ്ണുമാന്തിയന്ത്രവും തോടിന് കുറുകെ കിടക്കുന്നു.

പെരുവ ∙ തോടിന് ആഴംകൂട്ടാൻ കൊണ്ടുവന്ന ഹിറ്റാച്ചിയും ജങ്കാറും തോട്ടിൽ കിടക്കുന്നതുമൂലം പാടത്തെ വെള്ളം വറ്റുന്നില്ല. ഇതോടെ ഏക്കറു കണക്കിനു പാടത്തെ കൊയ്യാറായ നെൽക്കൃഷി വെള്ളത്തിൽ മുങ്ങി. മുളക്കുളം ഇടയാറ്റു പാടശേഖരത്തിലെ തലവടി, വാച്ചുനിലം, ഒതളം, വെട്ടുകാട്ടിൽചാൽ പ്രദേശങ്ങളിലെ നൂറോളം ഏക്കർ പാടശേഖരമാണ് വെള്ളത്തിലായത്. തോടിനു കുറുകെ ഹിറ്റാച്ചിയും ജങ്കാറും കിടക്കുന്നതുമൂലം വെള്ളം താഴോട്ട് വറ്റുന്നില്ല. 

തോടിന് ആഴം കൂട്ടി പാടത്തെ വെള്ളം വറ്റിക്കുമെന്ന ഉറപ്പിലാണ് വർഷങ്ങളായി തരിശ് കിടന്ന പാടം ഇപ്രാവശ്യം കൃഷിചെയ്‌തത്. ലക്ഷക്കണക്കിനു രൂപയാണു ചെലവായത്. കൊയ്യാറായതും, നിരക്കാൻ തുടങ്ങിയതുമായ നെല്ലാണ് വെള്ളത്തിൽ. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട ് ഉപയോഗിച്ചാണ് തോടിന് ആഴം കൂട്ടുന്നത്. ഇടയാറ്റുപാടശേഖരത്തിലെ വലിയ തോട് മൂവാറ്റുപുഴയാറിൽ ചേരുന്ന തോട്ടുമുഖം എക്കൽ ഉയർന്നടഞ്ഞതും തോട്ടിലെ വെള്ളം വറ്റാൻ തടസ്സമായി. 

ആശാസ്‌ത്രീയമായ രീതിയിലാണ് തോടിന് ആഴം കൂട്ടുന്നത്. തോട്ടുമുഖം മുതൽ ആഴം കൂട്ടിയാലേ പാടത്തെ വെള്ളം വറ്റുകയുള്ളൂവെന്ന് കർഷകർ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും തോടിന് മുകൾ ഭാഗത്തു നിന്നാണ് ആഴം കൂട്ടുന്നത്. പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും അഞ്ഞൂറ് മീറ്ററോളം മാത്രമേ ജോലി തീർത്തുള്ളു. എത്രയും വേഗം തോടിലെ വെള്ളം വറ്റാൻ നടപടിയില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് കർഷകർ പറഞ്ഞു.