എള്ളോളമില്ല പരിഗണന

കുറത്തികാട് കുഴിയിൽ കിഴക്കതിൽ കെ.സി.എബ്രഹാം എള്ള് പാടശേഖരത്തിൽ

മാവേലിക്കര ∙ ഓണം ഊട്ടിയിരുന്ന കര എന്ന പുകൾപെറ്റ ഓണാട്ടുകര കാർഷികവിളകളുടെ സ്വർണഭൂമിയാണ്. പണിയെടുക്കുന്ന കർഷകന്റെ മനം നിറച്ചു വിളവ് നൽകിയ മണ്ണ്. കാർഷിക വൃത്തിയിൽ നിന്നുള്ള ലാഭവിഹിതം കുറഞ്ഞതോടെ പലരും മേഖലയിൽ നിന്നു പിന്മാറി. മേഖലയിലെ ചെട്ടികുളങ്ങര, തെക്കേക്കര, തഴക്കര പഞ്ചായത്തുകളിൽ ഇന്നും കർഷകർ കിഴങ്ങു വർഗങ്ങൾ, പച്ചക്കറികൾ, ഏത്തവാഴ തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്. 

ചെട്ടികുളങ്ങര, തെക്കേക്കര പഞ്ചായത്തുകളിലാണു നാടിനെ ഭൗമസൂചികാ പട്ടികയിലെത്തിച്ച എള്ള് പ്രധാനമായും കൃഷി ചെയ്യുന്നത്. ഓണാട്ടുകര മേഖലയുടെ ജീവനാഡികളെന്നു പറയുന്നതു പമ്പ, കല്ലട ജലസേചന പദ്ധതികളാണ്. എന്നാൽ കൃഷിക്കാവശ്യമായ സമയങ്ങളിൽ വെള്ളമെത്താത്തതു പലപ്പോഴും കർഷകരെ വലയ്ക്കുന്നു. എള്ള് കൃഷി പ്രധാനമായും നടക്കുന്നതു ചെട്ടികുളങ്ങര, തെക്കേക്കര പഞ്ചായത്തുകളിലാണ്. 

കൃഷി നടക്കുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കനത്ത വരൾച്ച കർഷകരെ ബാധിക്കുന്നുണ്ട്. ഇടമഴ എള്ള് കൃഷിക്കു നല്ലതാണ്. എന്നാൽ മഴ കനത്താൽ കൃഷി നാശമാകും ഫലം. വിളവെടുപ്പ് വൈകുകയും ചെയ്യും. നെല്ലു കൃഷി ചെയ്യാത്ത സ്ഥലങ്ങളിൽ കളകൾ കൂടുതലായിരിക്കും. നിലമൊരുക്കാൻ ഈ മേഖലകളിൽ അധികച്ചെലവുണ്ടാകും.

വിപണി കാര്യക്ഷമമാകണം

ഓണാട്ടുകര എള്ളിനു വളരെയധികം ആവശ്യക്കാരുണ്ടായിട്ടും അതിന്റെ മെച്ചം പൂർണമായി കർഷകരിലേക്കെത്തിക്കാൻ പലപ്പോഴും കഴിയുന്നില്ല. കൂടുതലും ചെറുകിട കർഷകരായതിനാൽ വലിയ തോതിൽ വിപണനം നടത്താൻ സാധിക്കാറില്ല. എണ്ണയാട്ടുന്നവർ അതിനു ഭേദപ്പെട്ട വില ലഭിച്ചാൽ വിൽക്കുകയാണു പതിവ്. ചെട്ടികുളങ്ങരയിൽ മാത്രം 30 ഹെക്ടറോളം സ്ഥലത്ത് എള്ള് കൃഷി ചെയ്യുന്നുണ്ട്. നെൽകൃഷിയിൽ നിന്നു പിന്മാറുന്ന കർഷകരും എള്ളിനെ കൈവിടാറില്ല.

ഇത്തവണ ആദ്യമായാണു എള്ള് കൃഷി ചെയ്തത്. കൃഷിഭവനിൽ അന്വേഷിച്ചെങ്കിലും വിത്ത് ലഭിച്ചില്ല. വിത്തിനായി പലയിടത്തും കറങ്ങി. കായംകുളത്തെ ഓണാട്ടുകര നെൽഗവേഷണ കേന്ദ്രത്തിൽ എള്ള് വിത്ത് തേടിയെത്തിയപ്പോൾ ഫാം സൂപ്രണ്ട് പറഞ്ഞതനുസരിച്ചു എള്ള് കർഷകനായ ചൂനാട് പാലപ്പള്ളിൽ അബൂബക്കറുടെ അടുത്ത് എത്തുകയായിരുന്നു. വിത്ത് വിതരണം പ്രാദേശിക തലത്തിൽ കാര്യക്ഷമമാക്കാൻ സർക്കാർ ഇടപെടണം.

-കെ.സി.എബ്രഹാം, കുറത്തികാട് കുഴിയിൽ കിഴക്കതിൽ.