പാട്ടഭൂമിയിൽ താമിയുടെ പച്ചക്കറി തോട്ടം

താമിയുടെ പച്ചക്കറിത്തോട്ടം

കുമരനല്ലൂർ ∙ പാട്ട ഭൂമിയിൽ കനകം വിളയിച്ചു താമി. മല പാതിരിക്കാട്ടിൽ താമിയാണു ഭൂമി പാട്ടത്തിനെടുത്തു തുടർ കൃഷി നടത്തുന്നത്. വിവിധ തരം കൃഷികൾ ചെയ്യുമ്പോഴും താമിയുടെ ഒരു പ്രത്യേകത. എല്ലാ കാലത്തും പച്ചക്കറി ഉത്പാദിപ്പിച്ചു വിപണിയിലെത്തിക്കുക എന്നതാണ്. ഭൂരിഭാഗം പേരും വേനൽ കാലം ഓണക്കാലം എന്നിവ മാത്രം കണക്കിലെടുത്തു വിളയിറക്കുമ്പോൾ താമിയുടെ കൃഷിയിടത്തിൽ തുടർച്ചയായ വിളവെടുപ്പു നടക്കും. ഇതിന് അനുസരിച്ചാണു കൃഷിയിടം ഒരുക്കുന്നത്. അതുകൊണ്ടു തന്നെ മികച്ച വിലയും ലഭിക്കുന്നതായി ഇൗ അറുപതുകാരൻ പറയുന്നു.

പട്ടിത്തറ കൃഷിഭവന്റെ പ്രോത്സാഹനവും പിന്തുണയും താമിക്കുണ്ട്. പയർകൃഷിയാണു മുഖ്യമായും ഇടവേളയില്ലാതെ ചെയ്യുന്നത്. ഇടവേളയില്ലാതെ ഉൽപന്ന ലഭ്യത കച്ചവടക്കാരും പ്രതീക്ഷിക്കുന്നതിനാൽ താമിക്കു തന്റെ വിളകൾക്കു വിൽപ്പനയ്ക്കായി അലയേണ്ടി വരുന്നില്ല. വിവിധ കൃഷി പദ്ധതികൾ പട്ടിത്തറ കൃഷിഭവൻ ഇതിനകം താമിക്ക് അനുവദിച്ചിട്ടുണ്ട്. പട്ടിത്തറ കൃഷി അസിസ്റ്റന്റുമാരായ ഗീരീഷ് അയിലക്കാട്, സനൽ, രതീഷ് എന്നിവർ കൃഷിയിടം സന്ദർശിച്ച് ഉപദേശ നിർദേശവും നൽകുന്നുണ്ട്.