തെങ്ങിൻതൈകൾക്കും ജാതിതൈയ്ക്കും വളം

മേയിൽ നട്ട തെങ്ങിൻ തൈകൾക്ക് ഈ മാസ വളം ചേർക്കാം. ഓരോ ചുവട്ടിലും ഒരു കുട്ട ഉണങ്ങിപ്പൊടിഞ്ഞ ചാണകം ഇട്ടു കൊടുക്കണം. ഒരാഴ്ച കഴിഞ്ഞ് തെങ്ങിന്റെ കൂട്ടു വളം 250 ഗ്രാം ചുറ്റും വിതറി കൊത്തിച്ചേർക്കണം. കുഴിക്കു ചുറ്റും വരമ്പ് ബലപ്പെടുത്തി ഒഴുക്കു വെള്ളം പ്രവേശിക്കുന്നത് തടയണം. കായ്ക്കുന്ന തെങ്ങുകളുടെ ഓലകൾക്ക് നല്ല പച്ച നിറം കിട്ടാനും എണ്ണയുടെ ഉൽപാദനം കൂട്ടാനും തെങ്ങൊന്നിന് 500 ഗ്രാം വീതം മഗ്നീഷ്യം സൾഫേറ്റ് ചേർക്കുന്നത് നല്ലതാണ്. 

ജാതിതൈയ്ക്ക് വളം

നട്ട് ഒരു വർഷം പ്രായമായ ജാതി തൈയ്ക്ക് യൂറിയ, മസൂറിഫോസ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ യഥാക്രമം 45,90, 90 ഗ്രാം വീതം ചേർക്കാം. രണ്ടു വർഷം പ്രായമായതിന് 90,180,180 ഗ്രാം വീതവും ചേർക്കണം. മൂന്നാം വർഷം വളത്തിന്റെ അളവ് ക്രമമായി വർധിപ്പിച്ച് 15 വർഷം പ്രായമാകുന്നതോടെ മേൽപ്പറഞ്ഞ വളങ്ങൾ ഒരു കിലോ, ഒന്നേകാൽകിലോ, ഒന്നേമുക്കാൽ കിലോ എന്ന തോതിൽ നൽകണം. സ്യൂഡോമോണോസ് പൊടി 200 ഗ്രാം വീതം ഓരോ ജാതിയുടെയും ചുവട്ടിൽ ജൈവവളമായി ചേർത്ത് ചവറിട്ട് മൂടുന്നതും ഒരു ലീറ്റർ വെള്ളത്തിൽ 20 ഗ്രാമെന്ന തോതിൽ വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം മഴയുടെ ശക്തി കുറഞ്ഞ മാസങ്ങളിൽ തളിച്ചു കൊടുക്കുന്നതും രോഗ പ്രതിരോധ ശക്തി കൂട്ടുന്നതിനും കായ് പിടുത്തം വർധിപ്പിക്കുന്നതിനും നല്ലതാണ്.