മഴ കനത്തു; തേയില ഉൽപാദനം നിലയ്ക്കുന്നു

ഗൂഡല്ലൂർ ∙ മഴ ശക്തമായതോടെ തേയില ഉൽപാദനം നിലച്ചു. തേയിലയുടെ തളിരിലകളിൽ വെളുത്ത കുമിൾ രോഗം വന്ന് അഴുകിയ നിലയിലാണ്. തോട്ടങ്ങളിൽ തേയിലക്കൊളുന്ത് എടുക്കാനില്ലാതായതോടെ തൊഴിലാളികൾക്കും ജോലിയില്ലാതായി.15 ദിവസത്തെ ഇടവേളയിലാണ് കൊളുന്ത് എടുക്കുന്നത്. എന്നാൽ ഈ മാസം ഒരുതവണ പോലും ഉൽപാദനം ലഭിച്ചിട്ടില്ല. മഴക്കൂടുതലും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ് കുമിൾ രോഗത്തിന്റെ വ്യാപനത്തിന് കാരണം.

കാലാവസ്ഥ മാറിയാൽ മാത്രമേ തേയിലക്കൊളുന്ത് തോട്ടങ്ങളിൽ ഉണ്ടാകുകയുള്ളു. കുമിളിനെ പ്രിതിരോധിക്കുന്നതിനായി കുമിൾ നാശിനികൾ ചെടികളിൽ തളിക്കാറുണ്ട് .എന്നാൽ ഇത്തവണ മഴക്കൂടുതൽ കാരണം മരുന്നു പ്രയോഗം പ്രയോജനപ്പെട്ടിട്ടില്ല. ഉൽപാദനം കുറഞ്ഞിട്ടും തേയിലക്ക് വിലവർധന ഉണ്ടായിട്ടില്ല. ജൂൺ മാസം പച്ചത്തേയില കിലോഗ്രാമിന് 10 രൂപ അൻപത് പൈസയാണ് ലഭിച്ചത്. ജൂലൈ മാസം ഉൽപാദനത്തിൽ 30 ശതമാനം കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ മാസം ചില ഫാക്ടറികൾ പച്ചത്തേയില നൽകിയതിന്റെ തുക പൂർണമായും കർഷകർക്ക് നൽകിയിട്ടില്ല. 

ഉൽപാദനം കുറയുമ്പോൾ വില വർധനവ് ഉണ്ടാകാറുള്ളതാണ്. എന്നാൽ വില ത്തകർച്ചയാണ് ഉണ്ടാകുന്നത്. വിലത്തകർച്ച രൂക്ഷമായപ്പോൾ താലൂക്കുകളിൽ പല കർഷകരും തോട്ടം ഉപേക്ഷിച്ചിട്ടുമുണ്ട്. ചിലർ തേയില പിഴുതു മാറ്റി മറ്റ് കൃഷിയിലേക്ക് മാറിത്തുടങ്ങി. പച്ചത്തേയില പറിക്കുന്ന തൊഴിലാളിക്ക് കൂലി നൽകാൻ പോലും കർഷകർക്ക് കഴിയുന്നില്ല.വിലത്തകർച്ചയും ഉൽപാദന ക്കുറവും കീടബാധയും തേയിലക്കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.