കർഷകന്റെ നെഞ്ചുനീറ്റി ചെറിയഉള്ളി വില

തെന്മല ∙ ഓണം മുന്നിൽക്കണ്ടു തമിഴ്നാട്ടിൽ ചെറിയ ഉള്ളി വിളവെടുപ്പു തുടങ്ങി; എന്നാൽ ഉള്ളിക്കു വിലയില്ലാതെ കർഷകർ. ഒരു മാസം മുൻപുവരെ കിലോയ്ക്ക് 70 രൂപയ്ക്കു മുകളിലായിരുന്നു വില. ശനിയാഴ്ച കർഷകർക്കു ലഭിച്ചതു 30 രൂപ മാത്രം. പാടം ഒരുക്കൽ മുതൽ വിളവെടുപ്പുവരെയുള്ള ചെലവ് ഇതിലും കൂടുതലായതിനാൽ വൻ നഷ്ടത്തിലാണ് ഇപ്പോൾ കർഷകർ ചെറിയ ഉള്ളി വിൽക്കുന്നത്.

ഓണത്തിനു നല്ല ലാഭം കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു ഇവർ. കഴിഞ്ഞവർഷം മഴയില്ലാത്തതിനാൽ ഉള്ളിക്കൃഷി നിർത്തിയ പല കർഷകരും ഇക്കുറി മഴ കനിഞ്ഞതോടെ രംഗത്തെത്തിയിരുന്നു.വിളവിറക്കിയ സമയം മഴ അൽപം കൂടിയതിനാൽ പ്രതീക്ഷിച്ച വിളവും ലഭിച്ചിട്ടില്ല. മഴ കൂടിയാൽ വളർച്ചയെ ബാധിക്കുകയും വലുപ്പം കുറയുകയും ചെയ്യും.കർഷകർക്കു 30 രൂപയാണ് ലഭിക്കുന്നതെങ്കിലും കേരളത്തിലെ മാർക്കറ്റുകളിൽ ഇപ്പോഴും കിലോയ്ക്ക് 50 രൂപയ്ക്കു മുകളിലാണ് വില. ഇടനിലക്കാരാണ് എല്ലാക്കൊല്ലവും ഓണത്തിന്റെ പേരിൽ ലാഭം കൊയ്യുന്നത്.