കന്നുകുട്ടി പരിപാലനപദ്ധതിയിൽ ഉൾപ്പെടുത്തിക്കിട്ടാന്‍ ചെയ്യേണ്ടത്

തദ്ദേശ സ്വയംഭരണ സ്ഥാപനം, ക്ഷീരസംഘം എന്നിവയുടെ സഹകരണത്തോ‌ടെ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്നതാണ് ഈ പദ്ധതി. ഗ്രാമസഭവഴി തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കൾക്ക് അവരുടെ നാല്, ആറ് മാസം പ്രായമുള്ള പൈക്കിടാക്കൾക്ക് ആദ്യ പ്രസവംവരെ പകുതിവിലയ്ക്കു കാലിത്തീറ്റ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഒരു പഞ്ചായത്തിലെ എല്ലാ ക്ഷീര കർഷകർക്കും അപേക്ഷിക്കാം. ഗ്രാമസഭ വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. കാലിത്തീറ്റ വിലയുടെ പകുതി തുകമാത്രം കർഷകർ നൽകിയാൽ മതി. ബാക്കി തുക മൃഗസംരക്ഷണവകുപ്പും പഞ്ചായത്തും തുല്യമായി നൽകുന്നു.

തിരഞ്ഞെടുത്ത കർഷകരുടെ പൈക്കിടാക്കളുടെ ചെവിയിൽ കമ്മൽ അടിച്ച് അതിന്റെ നമ്പർ തിരിച്ചറിയലിനും ഇൻഷുറൻസിനുമായി രേഖപ്പെടുത്തുന്നു. ഇവ രേഖപ്പെടുത്തിയ പാസ്ബുക്ക് കർഷകർക്കു നൽകുന്നത്, മാസംതോറും നിശ്ചിത ദിവസം ക്ഷീരസംഘത്തിൽ നൽകി പകുതിവില അടച്ചു കാലിത്തീറ്റ കൈപ്പറ്റണം. 

കാലിത്തീറ്റ ശരിയായ അളവിൽ നൽകുമ്പോൾ കന്നുകുട്ടിക്ക് ശരിയായ ശരീരവളർച്ച ഉണ്ടാകുന്നു. അതുവഴി അതിനു നേരത്തേ ചെനയേൽപിക്കാനാകും. ഇവയ്ക്കാവശ്യമായ വിരമരുന്നുകൾ യഥാസമയം നൽകുന്ന പദ്ധതി സംബന്ധിച്ചു തൊട്ടടുത്ത മൃഗാശുപത്രിയിൽനിന്നു കൂടുതൽ അറിയാം.

ഗുണഭോക്താക്കൾക്കു കന്നുകുട്ടിപരിപാലനത്തിൽ ഏകദിന പരിശീലനം ലഭിക്കും. പൈക്കിടാക്കൾക്ക് ഇൻഷുറൻസ് പരിരക്ഷയും.