കുട്ടനാട് പാക്കേജ് നേരേചൊവ്വേ നടപ്പാക്കിയിരുന്നെങ്കിൽ

കുട്ടനാടിന്റെ പുനരുജ്ജീവനം ചർച്ചയാകുമ്പോള്‍ പാക്കേജ് നടത്തിപ്പിന് എന്താണ് സംഭവിച്ചതെന്ന് ഒരു തിരിഞ്ഞുനോട്ടം

കുട്ടനാട് പാക്കേജിന്റെ പുനരുജ്ജീവനത്തിനു സംസ്ഥാനം ശ്രമിക്കുമെന്ന്  ആദ്യഘട്ട പ്രളയത്തിനു ശേഷം ആലപ്പുഴയില്‍ നടന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുട്ടനാടന്‍ ജനതയാകെ ആഗ്രഹത്തിന്റെ പ്രതിഫലനമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ദുരിതകാലത്തും ശേഷവും കുട്ടനാട്ടില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കുന്ന വാക്കുകളും ഇതു തന്നെ. ‘‘കുട്ടനാട് പാക്കേജ് നേരേ ചൊവ്വേ നടപ്പാക്കിയിരുന്നെങ്കില്‍.’’

എങ്കില്‍ കുട്ടനാട്ടിലെ വെള്ളപ്പൊക്കം  ഒഴിവാക്കാമായിരുന്നു എന്നു പാക്കേജ് തയാറാക്കിയ സ്വാമിനാഥന്‍ കമ്മിഷന്റെ അധ്യക്ഷനായിരുന്ന  ഡോ. എം.എസ്. സ്വാമിനാഥന്‍പോലും പറയുന്നില്ല. എന്നാല്‍  കുട്ടനാട്, ഇടുക്കി  പാക്കേജുകള്‍ ശരിയായി നടപ്പാക്കിയിരുന്നെങ്കില്‍ മഴയും പ്രളയവും  ഇത്ര  രൂക്ഷവും വ്യാപകവുമായ നാശനഷ്ടം വരുത്തില്ലായിരുന്നു എന്നതില്‍ അദ്ദേഹത്തിനു സംശയമേതുമില്ല. 

കേരളത്തിന്റെ നെല്ലറകളിലൊന്നായ കുട്ടനാട്ടില്‍ സുസ്ഥിരകൃഷിയും കര്‍ഷകർക്കു സുസ്ഥിര വരുമാനവും ഉറപ്പാക്കുന്നതിനു   െവെദ്യനാഥന്‍ കമ്മിഷന്‍ മുതല്‍ സ്വാമിനാഥന്‍ കമ്മിഷൻവരെ സമര്‍പ്പിച്ച റിപ്പോ ര്‍ട്ടുകള്‍ നടപ്പാകാതെ പോയതിനു പ്രധാനകാരണം നാഥനില്ലായ്മതന്നെയെന്നു കർഷകശ്രീക്ക് അനുവദിച്ച അഭിമുഖത്തില്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ ചൂണ്ടിക്കാട്ടുന്നു. മങ്കൊമ്പിലെ പ്രമുഖ കര്‍ഷക കുടും ബത്തില്‍ ജനിച്ച് വിശ്വവിശ്രുത കൃഷിശാസ്ത്രജ്ഞനായി വളര്‍ന്ന, കുട്ടനാടിനെ അടിമുടി അറിയുന്ന സ്വാമിനാഥന്‍ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ തത്വശാസ്ത്രവും അന്തഃസത്തയും തിരിച്ചറിയാന്‍ ഭരണനേതൃ ത്വത്തിനും ഉദ്യോഗസ്ഥവൃന്ദത്തിനും കഴിഞ്ഞതുമില്ല. 

കുട്ടനാടും അവിടത്തെ നെല്‍കൃഷിയും വീണ്ടുമൊരു ദുരന്തമുഖത്തു നില്‍ക്കുമ്പോള്‍ ഒരു ചോദ്യം വീണ്ടും പ്രസക്തമാകുന്നു. കുട്ടനാടു പാക്കേജിനു സംഭവിച്ചതെന്ത്?

സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് കേന്ദ്രം അംഗീകരിക്കുന്നതു 2008 ജൂെലെ 24നാണ്. കൃത്യം പത്തു വര്‍ഷം കഴിഞ്ഞപ്പോള്‍ പാക്കേജ്  പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ചു നമ്മുടെ ഭരണനേതൃത്വത്തിനു  ചിന്തിക്കേണ്ടിവന്നതു വിധിനിയോഗമാകാം. കാരണം കുട്ടനാടിനെ രക്ഷിക്കാന്‍ ലഭിച്ച അമൂല്യ അവസരം കളഞ്ഞുകുളിച്ചതിെല മുഖ്യപ്രതി സംസ്ഥാന സര്‍ക്കാര്‍തന്നെ. പാക്കേജ് നടപ്പാക്കല്‍ മിഷന്‍ മാതൃകയില്‍ വേണമെന്ന കമ്മിഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശത്തിനു മാറിമാറിവന്ന സര്‍ക്കാരുകള്‍ പുല്ലുവിലയാണു കല്‍പിച്ചത്. ഉന്നതാധികാരത്തോടുകൂടി ഒരുദ്യോഗസ്ഥനെ ദൗത്യസാരഥിയായി നിയോഗിക്കാനുംസര്‍ക്കാര്‍ നടപടിയെടുത്തില്ല. അതിന്റെ തുടര്‍ച്ചയായിരുന്നു ഏകോപനമില്ലായ്മ. പ്രോജക്ട് തയാറാക്കല്‍ മുതല്‍ എല്ലാ ഘട്ടത്തിലും ഇതുണ്ടായി. പാക്കേജ് നടപ്പാക്കലില്‍ പ്രധാന പങ്കുവഹിക്കേണ്ട റവന്യൂ, കൃഷി, ജലസേചന, െപാതുമരാമത്തു വകുപ്പുകളുടെ മേലധികാരികള്‍ കുട്ടനാട്ടിലെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെ തിരുവനന്തപുരത്തിരുന്നു തയാറാക്കിയപ്രോജക്ടുകള്‍ പരസ്പരവിരുദ്ധങ്ങളായിരുന്നു. പലതും  പഴയ പ്രോജക്ടുകള്‍ പൊടിതട്ടിയെടുത്തതും.  അവയൊക്കെകേന്ദ്രസര്‍ക്കാര്‍ തള്ളിക്കളയുന്ന സ്ഥിതിയുമുണ്ടായി. 

കര്‍ഷക കൂട്ടായ്മകളുമായി ചര്‍ച്ച ചെയ്തു പ്രോജക്ടുകള്‍ തയാറാക്കണമെന്ന കമ്മിഷന്റെ നിര്‍ദേശം അവഗണിച്ച് ഉദ്യോഗസ്ഥര്‍ സ്വന്തം  താല്‍പര്യങ്ങള്‍ മുന്‍നിർത്തി  പാക്കേജിന്റെ ലക്ഷ്യത്തെ തുരങ്കം വച്ചത് മറ്റൊരു തിരിച്ചടി. ഒരുദാഹരണം പറയാം. മഴക്കാലത്തു പാടശേഖരങ്ങളില്‍നിന്നു വെള്ളം  ഒഴുകിപ്പോകാന്‍ തോടുകള്‍ നവീകരിക്കണമെന്നതു പ്രധാന നിര്‍ദേശങ്ങളിലൊന്നായിരുന്നു. എന്നാല്‍ ജലസേ ചനവകുപ്പുണ്ടാക്കിയ പ്രോജക്ടുകളില്‍ ഇതിനു തുക വകയിരുത്തിയിരുന്നില്ല. കർഷകര്‍ അതു ചൂണ്ടിക്കാണിച്ചപ്പോള്‍ പാടശേഖരങ്ങളില്‍നിന്നു ബണ്ടുനിര്‍മാണത്തിനു മണ്ണെടുക്കുന്നത് തോടുകളില്‍നിന്നാണെന്നും അങ്ങനെ തോടുകള്‍ നവീകരിക്കപ്പെടുമെന്നുമായിരുന്നു മറുപടി. 

സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പ്രധാന ലക്ഷ്യം കടല്‍നിരപ്പിനു താെഴ കൃഷിചെയ്യുന്നിടമെന്ന കുട്ടനാടിന്റെതനതു വ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടു കര്‍ഷകര്‍ക്കു സുസ്ഥിര വരുമാനം ഉറപ്പാക്കലാണ്. അതുകൊണ്ടുതന്നെ റിപ്പോർട്ടില്‍ ഉൗന്നല്‍ കൊടുത്തതു പരിസ്ഥിതി പുനഃസ്ഥാപനത്തിനും പ്രളയനിയന്ത്രണത്തിനും. ഇതു പ്രകാരം ആദ്യം നടത്തേണ്ടിയിരുന്നത്  ആലപ്പുഴ ചങ്ങനാശേരി (എസി) കനാലിന്റെ നീളവും  ആഴവും  കൂട്ടല്‍, തണ്ണീര്‍മുക്കം ബണ്ടിന്റെയും വേമ്പനാടു കായലിന്റെയും തോടുകളുടെയും നവീകരണം, കൊച്ചാര്‍ തുറക്കല്‍ എന്നിവയായിരുന്നു. അതൊന്നും എങ്ങുമെത്തിയില്ല. പകരം കായലിെല പോളവാരല്‍ ഗംഭീരമായി നടന്നുവെന്നു കണക്കുകള്‍ കാണിക്കുന്നു, യഥാര്‍ഥത്തില്‍ അങ്ങനെയുണ്ടായില്ലെങ്കിലും. രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും  ചാകരതന്നെയായിരുന്നു ഈ പോളവാരല്‍. ആട്, താറാവ്, കോഴി വിതരണം പോെല എളുപ്പമുള്ള കാര്യങ്ങളും ‘മുന്‍ഗണന’യനുസരിച്ചു നടന്നു. താറാവ്, കോഴിവിതരണം എന്നും  െപാന്മുട്ടയിടുന്ന പദ്ധതികളാണല്ലോ. 

റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ എങ്ങനെ നടപ്പാക്കണമെന്നു സാധാരണ ഗതിയില്‍ കമ്മിഷനുകള്‍ പറയാറില്ല. എന്നാല്‍ സ്വാമിനാഥന്‍ കമ്മിഷന്‍ അതും നിര്‍ദേശിച്ചു. നടപ്പാക്കലിനു ത്രിതല സമിതികളെ നിർവചിച്ചതിങ്ങനെ. മുഖ്യമന്ത്രി  അധ്യക്ഷനായിപ്രോസ്പിരിറ്റി  കൗണ്‍സില്‍, ചീഫ് സെക്രട്ടറി അധ്യക്ഷനായി ടാസ്ക് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി, െദെനംദിന നടത്തിപ്പിനായി ജില്ലാതല സമിതിയും. റിപ്പോര്‍ട്ടിനു കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചു മാസങ്ങളും വര്‍ഷങ്ങളുംപോലും കഴിഞ്ഞാണ് ഈ സമിതികള്‍ രൂപീകരിക്കപ്പെട്ടത്. ഇവ യോഗം ചേര്‍ന്നതോ വിരലിലെണ്ണാവുന്നത്ര തവണകളും. വിവിധ വകുപ്പുകള്‍ ഏകീകരിക്കാന്‍ അമരക്കാരനായി ഒരു െഎഎഎസ് ഉദ്യോഗസ്ഥനെ സ്ഥിരമായി നിയമിക്കാന്‍പോലും സംസ്ഥാന സർക്കാര്‍ ശ്രദ്ധിച്ചില്ല. രാഷ്ട്രീയനേതാക്കളുടെയും മുഖ്യ വകുപ്പുകളിലെ ഉദ്യോഗസ്ഥ ലോബിയുടെയും  താല്‍പര്യ സംരക്ഷണംതന്നെയാണ് ഈ ശ്രദ്ധക്കുറവിനു പിന്നിലെന്നതു പരസ്യമായ രഹസ്യം.  സ്വന്തം അഭ്യാസങ്ങള്‍  നടത്താന്‍ എല്ലാവര്‍ക്കും സൗകര്യം നാഥനില്ലാക്കളരിയാണല്ലോ. 

പാക്കേജുകൾ പൂര്‍ണമായി നടപ്പാക്കാന്‍ ഇത് അവസരം

സംസ്ഥാന സര്‍ക്കാര്‍ മനസ്സു വച്ചാല്‍ കുട്ടനാട് പാക്കേജ് പുനരുജ്ജീവനം ഈ സാഹചര്യത്തില്‍ സാധ്യമെന്നു പാക്കേജിന്റെ ശില്‍പി ഡോ. എം.എസ്. സ്വാമിനാഥന്‍

? കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത തേടുമെന്ന് കുട്ടനാട്ടിലെ ആദ്യഘട്ട പ്രളയത്തിനു ശേഷം  നടത്തിയ അവലോകനയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതു സാധ്യമോ.

∙ കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുമെന്നറിയുന്നതിൽ സന്തോഷം. കാലാവസ്ഥാവ്യതിയാനം  മൂലമുണ്ടാകാവുന്ന ദോഷങ്ങളും വെള്ളപ്പൊക്ക ദുരിതങ്ങളും കുറയ്ക്കാനുതകുന്ന നിർദേശങ്ങളാണ് കുട്ടനാട് പാക്കേജില്‍ മാത്രമല്ല, ഇടുക്കി പാക്കേജിലും ഉണ്ടായിരുന്നത്.

? കുട്ടനാട് പാക്കേജ് അങ്ങു വിഭാവനം ചെയ്തതുപോലെ   നടപ്പാക്കിയിരുന്നെങ്കിൽ പ്രളയദുരിതം  ഇത്ര  രൂക്ഷമാകില്ലായിരുന്നുവെന്ന് പൊതുവെ അഭിപ്രായമുണ്ട്.

∙ അതിനോടു ഞാൻ പൂർണമായും യോജിക്കുന്നു. പാക്കേജിന്റെ അന്തഃസത്തയും തത്വശാസ്ത്രവും തിരി ച്ചറിഞ്ഞ്  നടപ്പാക്കിയിരുന്നെങ്കിൽ ദുരിതവും നാശനഷ്ടങ്ങളും നല്ലൊരു പരിധിയോളം ഒഴിവാക്കാമായിരുന്നു.

? കുട്ടനാടിന്റെ ഭാവിയെക്കുറിച്ച് ഏറെ പ്രതീക്ഷകൾ ഉയർത്തിയ പാക്കേജിന്റെ നടത്തിപ്പ് പാളിയതെവിടെയാണെന്നാണ് താങ്കൾ കരുതുന്നത്.

∙ കേന്ദ്രസർക്കാരിൽനിന്ന് ഉദാരമായ സാമ്പത്തിക പിന്തുണ ലഭിച്ചിട്ടും എന്താണ് സംഭവിച്ചതെന്ന് എനി ക്കും അത്ര തീർച്ചയില്ല. പക്ഷേ ഒരു കാര്യം ഉറപ്പ്, പാക്കേജ് ശരിയായി നടപ്പാക്കിയിരുന്നെങ്കിൽ കുട്ടനാടിന്റെ പാരിസ്ഥിതിക, സാമ്പത്തിക സുരക്ഷ വളരെ ശക്തമാകുമായിരുന്നു.

? ഇത്ര ബൃഹത്തായ ഒരു ദൗത്യം നയിക്കാൻ കഴിവും സമർപ്പണബുദ്ധിയുമുള്ള ഒരുദ്യോഗസ്ഥനെ ആവശ്യത്തിന് അധികാരവും നൽകി നിയോഗിച്ചിരുന്നില്ല. ഈ നാഥനില്ലായ്മ തന്നെയല്ലേ പരാജയത്തിനു കാരണം.

∙ ബഹിരാകാശദൗത്യങ്ങൾ നടപ്പാക്കുന്നതുപോലെ മിഷൻ മാതൃകയിൽ ഒരു മിഷൻ ഡയറക്ടറുടെ നേതൃത്വത്തിൽ വേണം പാക്കേജ് നടത്തിപ്പ് എന്നു ഞങ്ങൾ വ്യക്തമായി നിർദേശിച്ചിരുന്നു. എല്ലാ സർക്കാർ വകുപ്പുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കാനുള്ള അധികാരം ഈ ഉദ്യോഗസ്ഥനുണ്ടാകണമെന്നും നിഷ്കർഷിച്ചിരുന്നു. പക്ഷേ അങ്ങനെയൊരു സംവിധാനം ഉണ്ടായില്ല.

? ഹരിതവിപ്ലവകാലത്ത് മൊറാർജി ദേശായി താങ്കളെ കേന്ദ്രത്തിൽ കൃഷിവകുപ്പു സെക്രട്ടറിയായി ആദ്യം നിയമിച്ചെന്നും പിന്നീട് കൂടുതൽ അധികാരം നൽകാനായി പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയെന്നും മുൻപ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.

∙ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാനുള്ള അധികാരം എനിക്കു നൽകാൻ വേണ്ടിയാണ് സർക്കാർ അതു ചെയ്തത്. അല്ലെങ്കിൽ ആ ദൗത്യം വിജയിക്കുമായിരുന്നില്ല.

? പാക്കേജിനു പിന്നിലുള്ള തത്വശാസ്ത്രം ഭരണനേതൃത്വത്തിനു മനസ്സിലാകാതെ പോയതായി കരുതുന്നുണ്ടോ.

∙ വളരെ ലളിതമായിരുന്നു കുട്ടനാട് പാക്കേജ്. അതു നടപ്പാക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയും പൊതുജന പങ്കാളിത്തവും മാത്രം മതിയായിരുന്നു.

? പാക്കേജ് പുനരുജ്ജീവനത്തിനു സാങ്കേതിക തടസ്സമുണ്ടോ. പഴയ നടത്തിപ്പു സംബന്ധിച്ച് ഒരു വിലയിരുത്തൽ നടത്താതെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രം തയാറാകുമോ.

∙ ആഗോള കാർഷിക പൈതൃക മേഖലയെന്ന ഐക്യരാഷ്ട്രസംഘടനയുടെ അംഗീകാരമുള്ള കുട്ടനാട്ടിൽ  ഈ മഹാപ്രളയത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ആവശ്യത്തിനു കേന്ദ്രം  തടസ്സം നിൽക്കുമെന്നു ഞാൻ കരുതുന്നില്ല. കുട്ടനാട്, ഇടുക്കി പാക്കേജുകൾ നടപ്പാക്കേണ്ടതിന്റെ അനിവാര്യത ഓർമി പ്പിക്കുന്നതാണ് സമാനതകളില്ലാത്ത ഈ ദുരന്തം. കുട്ടനാട് പാക്കേജിന്റെ സമഗ്ര നടത്തിപ്പ് സാധ്യമായാൽ സുസ്ഥിരകൃഷിക്കു മകുടോദാഹരണമായി മാറും കുട്ടനാട്.

? ഒരു ദശാബ്ദം മുൻപാണ് താങ്കളുടെ നേതൃത്വത്തിൽ ഈ പാക്കേജ് രൂപപ്പെടുത്തിയത്. ഇന്നത്തെ സാഹചര്യത്തിൽ ഇതിൽ കാതലായ മാറ്റം വരുത്തേണ്ട ആവശ്യമുണ്ടോ.

∙ ആഗോള കാലാവസ്ഥാവ്യതിയാന സാധ്യതകൾ മുൻകൂട്ടി കണ്ടുതന്നെയാണ് പാക്കേജ് തയാറാക്കിയത്. നടപ്പാക്കലിലാണ് പിഴച്ചത്. സര്‍ക്കാര്‍ വകുപ്പുകൾ ഒത്തൊരുമയോടെയും  കര്‍ഷകരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയും  ആശയങ്ങളും പ്രവർത്തനങ്ങളും ഏകോപിപ്പിച്ചാൽ വിജയം സുനിശ്ചിതമെന്നതിൽ സംശയമില്ല.

ടി.കെ.എസ്.

ഇടുക്കി പാക്കേജ് ഇങ്ങനെ

ഇടുക്കി ജില്ലയുടെ പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര കാർഷിക വികസനത്തിലും വലിയ മുന്നേറ്റമുണ്ടാക്കുമായിരുന്ന ഇടുക്കി പാക്കേജ് ചാപിള്ളയായി പോയി. കുട്ടനാട് പാക്കേജ് തയാറാക്കിയതിനു പിന്നാലെ 2007 നവംബറിൽ ഇടുക്കിക്കുവേണ്ടിയും പ്രത്യേക പാക്കേജുണ്ടാക്കാൻ എം. എസ്‌. സ്വാമിനാഥൻ ഫൗണ്ടേഷനെ കേന്ദ്രസര്‍ക്കാര്‍ ഏല്‍പിച്ചു. 2008 മേയില്‍  സമർപ്പിച്ച റിപ്പോർട്ട് അതേ വർഷം നവംബറിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. 1200 കോടി രൂപയുടെ പാക്കേജിൽ 765 കോടി രൂപയാണ് കേന്ദ്രസഹായമായി പ്രതീക്ഷിച്ചിരുന്നത്.

പരിസ്ഥിതി സുരക്ഷ, കർഷകരുടെ ഉപജീവന സുരക്ഷ, അടിസ്ഥാനസൗകര്യ വികസനം, മണ്ണ് സംരക്ഷണം, ഏലം, കുരുമുളക്, തേയില, കാപ്പി, നാളികേരം, റബർ, പച്ചക്കറികൾ, ഫലവർഗങ്ങൾ എന്നീ വിളകളുടെ വികസനം, ക്ഷീരമേഖലയുടെ വികസനം എന്നിവയ്ക്കു വേണ്ടി വിശദമായ പദ്ധതികൾ ഇടുക്കി പാക്കേജിലുണ്ടായിരുന്നു. 

കനത്ത മഴയിൽ തകരാത്ത ശക്തമായ റോഡുകൾക്ക് വേണ്ടിയായിരുന്നു ഏറ്റവും കൂടുതൽ വിഹിതം. 260 കോടി രൂപ. ജില്ലയിലെ 574 റോഡുകളെ മഴയിൽ തകരാതെ ശക്തമാക്കാൻ പദ്ധതി തയാറാക്കിയെങ്കിലും പിന്നീട് പിന്തുടർച്ചയുണ്ടായില്ല. 72 ശതമാനം പ്രദേശങ്ങളും സമുദ്രനിരപ്പിൽനിന്ന് 2000 അടിയിലേറെ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ജില്ലയിൽ ശക്തമായ മണ്ണ് സംരക്ഷണമുൾപ്പെടെയുള്ള പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി 92 കോടി രൂപയായിരുന്നു വിഹിതം. ഏലം കൃഷിവികസനത്തിനു 120കോടിയും ക്ഷീര വികസനത്തിന് 90കോടിയും കുരുമുളകിന് 80 കോടിയും പാക്കേജിൽ അനുവദിച്ചിരുന്നു.

എല്ലാവരും മറന്നു

നയപരമായ തീരുമാനങ്ങൾക്കു വേണ്ടി അന്നത്തെ മുഖ്യമന്ത്രി വി. എസ്‌. അച്യുതാനന്ദൻ അധ്യക്ഷനായി ഇടുക്കി പ്രോസ്പിരിറ്റി സമിതിയും പദ്ധതി നടത്തിപ്പിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇടുക്കി കർമ സമിതിയും രൂപീകരിച്ചുവെങ്കിലും പാക്കേജ് നടപ്പാക്കല്‍ ഒരിഞ്ചുപോലും മുന്നോട്ടു പോയില്ല. പിന്നീട് മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും കസ്തൂരി രംഗൻ റിപ്പോർട്ടും വന്നതോടെ രാഷ്ട്രീയ പരിഗണനകൾ മാറി. ഇങ്ങനെയൊരു പാക്കേജ് ഉണ്ടായിരുന്ന കാര്യം ഇടുക്കിക്കാർതന്നെ മറന്നുകഴിഞ്ഞു.