വൃത്തിയാക്കിയ പച്ചമീനുമായി ഫിഷറീസ് വകുപ്പ്

കൊച്ചി ∙ ഫിഷറീസ് വകുപ്പു തയാറാക്കുന്ന റെഡി–ടു–കുക്ക് പച്ചമീൻ ഡിസംബറിൽ വിപണിയിലെത്തുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. തീരമൈത്രി ഉണക്കമീനിന്റെ ആദ്യവിൽപന ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. അടുത്ത 6 മാസത്തിനുള്ളിൽ കേരളത്തിലെ എല്ലാ സൂപ്പർമാർക്കറ്റുകളിലും കടകളിലും തീരമൈത്രി ഉണക്കമീൻ ലഭ്യമാക്കും. 6 മാസത്തിനുള്ളിൽ റെഡി–ടു–ഈറ്റ് മത്സ്യത്തിന്റെ കയറ്റുമതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

തീരമൈത്രി ബ്രാൻഡിലാണ് ഉണക്കമീൻ. തീരമൈത്രി ഗ്രൂപ്പ് അംഗങ്ങൾ മീൻ ശേഖരിച്ച് ഗുണനിലവാരം ഉറപ്പാക്കി ഡ്രൈയറിൽ ഉണക്കി ഡ്രൈ ഫിഷ് അപ്പെക്‌സ് ഫെഡറേഷൻ മുഖേനയാണു വിപണിയിലെത്തിക്കുന്നത്. ഉണക്കച്ചെമ്മീൻ, സ്രാവ്, മുള്ളൻ, കടവരാൽ, നങ്ക്, കൊഴുവ എന്നിവയുണ്ട്.

ജില്ലാ ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയായി 5 ലക്ഷം രൂപ മന്ത്രിക്കു കൈമാറി.  ഫിഷറീസ് അഡീഷനൽ ഡയറക്ടർ സി. ആർ. സത്യവതി, സാഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എൻ.എസ്. ശ്രീലു, സാഫ് നോഡൽ ഓഫീസർ പി.കെ. ഉഷ, ഫിഷറീസ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ് എന്നിവർ പ്രസംഗിച്ചു.