കുത്തൊഴുക്കിലും പോയില്ല; കാത്തിരുന്നു കരിമീനുകൾ

കുട്ടനാട് ∙ പ്രളയത്തിന്റെ കുത്തൊഴുക്കിൽ ഉടമയെ വിട്ടു പോകാതിരുന്ന മീനുകൾ അദ്ഭുതമാകുന്നു. ചമ്പക്കുളം മണപ്ര കൊച്ചുതറ വീട്ടിൽ റിട്ട. അധ്യാപകനായ കെ.ജി.ജോർജ് വളർത്തിയ കരിമീനുകളാണു പ്രളയശേഷവും എണ്ണത്തിൽ കുറവു വരാതെ അവശേഷിച്ചത്.

കുട്ടനാട്ടിലെ ബഹുഭൂരിപക്ഷം കർഷകരുടെയും മത്സ്യങ്ങൾ പ്രളയത്തിൽ ഒഴുകിപ്പോയപ്പോൾ ജോർജിന്റേതു മറയില്ലാത്ത കുളത്തിൽ ഉടമയെ കാത്തിരുന്നു.സംരക്ഷണ ഭിത്തികളോ വേലിയോ ഇല്ലാത്ത കുളത്തിനു ചുറ്റുമുള്ള പുരയിടത്തിൽ പ്രളയസമയത്തു നാലടിക്കു മുകളിൽ വെള്ളം ദിവസങ്ങളോളം കിടന്നിരുന്നു.സമീപത്തെ പമ്പയാറ്റിൽ നിന്നുള്ള കുത്തൊഴുക്ക് പുരയിടത്തിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കു ഒഴുകിയിട്ടും മീനുകളെ‌ാന്നും കുളം വിട്ടുപോയില്ല.

വലിയ കരിമീനുകളെ 3 വർഷം മുൻപാണു കുളത്തിൽ നിക്ഷേപിച്ചത്. ഇവ പെറ്റുപെരുകി ഏകദേശം നൂറ്റൻപതോളം എത്തി.ഒ‌ാരോന്നും 200 ഗ്രാമിനു മുകളിൽ തൂക്കവുമെത്തിയിരുന്നു.മഹാപ്രളയത്തിൽ കോട്ടയത്തുള്ള മകന്റെ വീട്ടിൽ അഭയം തേടിയ ജോർജ് വെള്ളം ഇറങ്ങിയശേഷമാണു തിരികെ എത്തിയത്.

ഉടമയുടെ കാലൊച്ചകേട്ട മീനുകൾ തീറ്റയ്ക്കായി കുളത്തിനരികിലേക്ക് എത്തിയപ്പോൾ അവ തന്നെ കാത്തിരുന്നതിലുള്ള സന്തോഷമായിരുന്നു ജോർജിന്.30 വർഷം മുൻപു പരീക്ഷണാടിസ്ഥാനത്തിൽ മത്സ്യക്കൃഷി നടത്തിയ ജോർജ് മികച്ച അധ്യാപകനുള്ള അവാർഡിനൊപ്പം മികച്ച മത്സ്യകർഷകനുള്ള അവാർഡും നേടിയിട്ടുണ്ട്.