വഴിയിലെ നെല്ല് ‘പുലി’തന്നെ!

റാന്നി ∙ പ്രളയം ബാക്കിവച്ച നെല്ല് കിളിർത്തു. പരിചരിക്കാൻ സുരേന്ദ്രൻ എത്തിയപ്പോൾ ഞാറ് കിളിർത്തുപൊങ്ങി. കൊയ്ത്തിനു കാത്തിരിക്കുകയാണ് വ്യാപാരികൾ. പുനലൂർ–മൂവാറ്റുപുഴ പാതയിലെ മാമുക്ക് കവലയിലെ ഓടയിലാണ് നെല്ല് തഴച്ചു വളരുന്നത്.

പ്രളയത്തിൽ മാമുക്ക് കവലയും വെള്ളത്തിൽ മുങ്ങിയിരുന്നു. പ്രളയാനന്തരം അടിഞ്ഞ ചെളി നീക്കിയതിനു പിന്നാലെയാണ് ഓടയിൽ നെല്ല് കിളിർത്തത്. അവയെ നശിപ്പിക്കാൻ സമീപത്തെ വ്യാപാരികളും തൊഴിലാളികളും ഒരുക്കമായിരുന്നില്ല. ഉന്നത്താനി സ്വദേശി സുരേന്ദ്രൻ നെല്ലിന്റെ പരിചരണം ഏറ്റെടുത്തു. എന്നെ ആരും ചവിട്ടരുതെന്ന ബോർഡ് നാട്ടിയായിരുന്നു തുടക്കം. പിന്നീട് 2 തവണ വളമിട്ടു. നെല്ലിപ്പോൾ തഴച്ചിട്ടുണ്ട്. കതിരണിയുന്നതു കാത്തിരിപ്പാണ് എല്ലാവരും.

വഴി യാത്രക്കാർക്ക് നെല്ല് കൗതുകമായി. കഴിഞ്ഞ ദിവസം കൃഷി അസി. ഡയറക്ടർ എത്തി കൃഷി പരിശോധിച്ചിരുന്നു.