തേൻമധുരം ചാലിച്ച് കൃഷിപാഠം

റാന്നി ∙ മധുരം കിനിയുന്ന തേൻ നുകർന്ന് തേനീച്ച വളർത്തലിൽ പരിശീലനം. ഹാളിൽ നിന്ന് പറമ്പലിലേക്ക് ഇറങ്ങിയുള്ള പരിശീലനം പഠിതാക്കൾക്കു വേറിട്ട അനുഭവമായി. തേനീച്ച വളർത്തുന്നത് കണ്ടും കേട്ടും അറിഞ്ഞാണ് 27 പഠിതാക്കൾ മടങ്ങിയത്.

തേനീച്ച വളർത്തലിന്റെ അനന്ത സാധ്യതകൾ കർഷകരിലേക്കെത്തിക്കാൻ മൈലപ്ര കൃഷിഭവനാണ് അവസരം ഒരുക്കിയത്. ഈ രംഗത്തെ മികച്ച കർഷകനായ മേക്കൊഴൂർ മുളമൂട്ടിൽ എം.ഇ. ജോർജുകുട്ടി  പരിശീലകനായി. മൈലപ്ര കൃഷി ഓഫിസർ മീന മേരി മാത്യുവിന്റെ നിർദേശ പ്രകാരമാണ് പരിശീലനം സംഘടിപ്പിച്ചത്. വാക്കിലൂടെയല്ല നേരിട്ടു കണ്ടാണ് പരിശീലനം തേടേണ്ടതെന്ന് ജോർജുകുട്ടിയാണു നിർദേശിച്ചത്. അദ്ദേഹം തേനീച്ചപ്പെട്ടികൾ സ്ഥാപിച്ചിരിക്കുന്ന വലിയകാവിലെ പുരയിടത്തിലാണ് പരിശീലനം ക്രമീകരിച്ചത്.

റബർ തോ‌ട്ടങ്ങളിൽ നിന്നുള്ള വരുമാനം നിലച്ചിരിക്കുന്ന ഇക്കാലത്ത് അതേ തോട്ടങ്ങളിൽ നിന്നു തന്നെ മികച്ച വരുമാനം കണ്ടെത്താൻ തേനീച്ച വളർത്തലിലൂടെ കഴിയുമെന്ന് ജോർജുകുട്ടി ഓർമ്മിപ്പിച്ചു. അൽപം ധൈര്യവും അതിലേറെ അർപ്പണബോധവുമുണ്ടെങ്കിൽ തേനീച്ച വളർത്തൽ കർ‌ഷകനാകാം. തേനീച്ച കുത്തുമെന്ന ധാരണ ആദ്യം മാറ്റണം. കുത്തേറ്റാൽ തന്നെ മാരകമാകില്ല. ജില്ലയിലും തമിഴ്നാട്ടിലും തേനീച്ച കൃഷി ചെയ്യുന്ന ജോർജുകുട്ടിക്ക് അവ ഇഷ്ട തോഴരാണ്. 

റബർ പൂക്കുന്ന കാലത്താണ് തേനീച്ചപ്പെട്ടികൾ സ്ഥാപിക്കേണ്ടത്. റാണി ഈച്ചകളെ വിരിയിച്ച് പെട്ടികളിൽ വയ്ക്കണം. പിന്നാലെ മറ്റ് ഈച്ചകളും എത്തും. പിന്നീട് ഒരു പെട്ടിയിൽ നിന്ന് 6 പെട്ടികളിലേക്കു മാറ്റാം. അതു 12 വരെയാകാമെന്നു ജോർജുകുട്ടി സാക്ഷ്യപ്പെടുത്തുന്നു. ഒന്നിൽ നിന്ന് 6 പെട്ടികളിൽ ഈച്ചക്കോളനി സ്ഥാപിച്ചതിനു ജോർജുകുട്ടിക്ക് നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷൻ അംഗീകാരം ലഭിച്ചിട്ടുണ്ട്. 

ഒരു ലീറ്റർ തേനിനു 300 രൂപയാണു വില. 10 പെട്ടികൾ സ്ഥാപിച്ചു പരിചരിക്കുന്ന വീട്ടമ്മമാർക്കു മികച്ച വരുമാന മാർഗമായി ഇതിനെ മാറ്റിയെടുക്കാമെന്നു ജോർജുകുട്ടി പറഞ്ഞു. ഖാദി ബോർഡിൽ നിന്നു സബ്സിഡിയും സാമ്പത്തിക സഹായവും ലഭിക്കും.