നല്ലപാഠം വിദ്യാർഥികൾ വിളകളുമായി വിപണിയിലേക്ക്

കുന്നിക്കോട്∙ കാർഷിക വിളകളുമായി നല്ലപാഠം വിദ്യാർഥികൾ പൊതു വിപണിയിലേക്ക്. ആവണീശ്വം എപിപിഎം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് പച്ചക്കറി, വാഴക്കുല എന്നിവയുമായി വിപണിയിലെത്തുന്നത്. സ്കൂളിലെ ഉച്ചഭക്ഷണത്തിനാവശ്യമായ വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കുകയായിരുന്നു ലക്ഷ്യം.സ്കൂൾ ആവശ്യങ്ങൾ കഴിഞ്ഞ് അധികം വരുന്ന വിളകളാണ് വിപണിയിലെത്തിക്കുന്നത്. ജൈവ വളം ഉപയോഗിച്ചുള്ള കൃഷി രീതിയായതിനാൽ മികച്ച പ്രതികരണം ലഭ്യമാകുന്നുണ്ടെന്ന് വിദ്യാർഥികളും പറഞ്ഞു. 

ആഴ്ചയിൽ ഒരു ദിവസം വിളവെടുത്ത് സ്കൂളിലേക്കുള്ളത് മാറ്റി, അധികമുള്ളത് വിപണിക്ക് കൈമാറുകയാണ് ഉദ്ദേശിക്കുന്നത്.സ്വാശ്രയ പൊതു വിപണി വഴി വിറ്റഴിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വിളകൾ വിപണിക്ക് കൈമാറുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡ‍ന്റ് സി.വിജയൻ നിർവഹിച്ചു. സ്കൂൾ മാനേജർ ആർ.പത്മഗിരീഷ്, നല്ലപാഠം കോർഡിനേറ്റർ പാർവതി എന്നിവർ പങ്കെടുത്തു.