അപ്പർ കുട്ടനാട്ടിൽ വിത തുടങ്ങി

മാന്നാർ ∙ അപ്പർകുട്ടനാട്ടിലെ കന്നി വിത ചെന്നിത്തല എട്ടാം ബ്ലോക്ക് പാടശേഖരത്തിൽ ഏഴാം ക്ലാസുകാരൻ നിർവഹിച്ചു. 2500 ഏക്കറുള്ള ചെന്നിത്തല 15 ബ്ലോക്കിലെ ആദ്യവിതയാണ് 156 ഏക്കറുള്ള എട്ടാം ബ്ലോക്ക് പാടശേഖരത്തിൽ ഇന്നലെ രാവിലെ നടന്നത്. ചെന്നിത്തല എട്ടാം ബ്ലോക്ക് പാടശേഖരം മൂന്നു പള്ളമായിട്ടാണ് (ഭാഗം) കിടക്കുന്നത്. നിലമൊരുക്കു തീർന്ന ഒന്നാം പള്ളത്തിലാണ് ഇന്നലെ വിതയെറിഞ്ഞത്.

രണ്ടാം പള്ളത്തിൽ ട്രാക്ടറിറക്കി നിലമുഴുതു നിലമൊരുക്കു തകൃതിയിൽ നടക്കുകയാണ്. മൂന്നാം പള്ളത്തിൽ വെളളക്കൂടുതലുള്ളതിനാൽ നാളെയേ ട്രാക്ടർ ഇറങ്ങുകയുള്ളുവെന്നു കൃഷി ചുമതല വഹിക്കുന്ന കുര്യാക്കോസ് പറഞ്ഞു. കൃഷിയിറക്കാതെ തരിശു കിടന്ന പാടശേഖരം നാലു കർഷകർ ചേർന്നു പാട്ടത്തിനെടുത്താണ് ഇക്കുറി കൃഷി ചെയ്യുന്നത്. പ്രളയത്തിൽ പാടശേഖരമാകെ എക്കൽ മണ്ണും ചെളിയുമടിഞ്ഞതിനാൽ കർഷകർക്കു നന്നേ പാടുപെടേണ്ടി വന്നു. 

ഇതിനോടകം ലക്ഷങ്ങൾ ചെലവഴിക്കേണ്ടിയും വന്നു. ചെന്നിത്തല മഹാത്മ ബോയ്സ് എച്ച്എസിലെ ഏഴാം ക്ലാസ് വിദ്യാർഥി ആദിത്യനാണു നെല്ലു വിതയുടെ ഉദ്ഘാടനം നിർവഹിച്ചത്. സംയുക്ത പാടശേഖരസമിതി സെക്രട്ടറി സ്റ്റീഫൻ തോമസ്, എട്ടാം ബ്ലോക്കു പാടശേഖര സമിതി പ്രസിഡന്റ് ജി. ഹരികുമാർ, സെക്രട്ടറി സന്തോഷ് ചാലേ, കൺവീനർ ഗോപൻ ചെന്നിത്തല, കർഷകൻ‍ കുര്യാക്കോസ് എന്നിവർ ചടങ്ങിനെത്തിയിരുന്നു. 

മാന്നാറിൽ നിലമൊരുക്കായില്ല

രണ്ടായിരത്തോളം വരുന്ന മാന്നാറിലെ പത്തു പാടശേഖരങ്ങളിൽ ഇതു വരെ കൃഷിയിറക്കു നടപടികളൊന്നുമായില്ല. പമ്പയിലെയും ഇലമ്പനം തോട്ടിലും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പാടശേഖരത്തിലെ വെള്ളം താഴാത്തതാണു കൃഷിയിറക്കാൻ താമസിച്ചത്. മോട്ടോറുകൾ സ്ഥാപിച്ചു തുടങ്ങിയെങ്കിലും പ്രവർത്തനക്ഷമമായിട്ടില്ല. എന്നാൽ ചില പാടശേഖരങ്ങളിൽ ജലനിരപ്പു താഴ്ന്നെങ്കിലും ട്രാക്ടറുകൾ ലഭ്യമല്ലാത്തതാണ് കാരണം. കരാർ പ്രകാരമുള്ള ട്രാക്ടറുകൾ ഇവിടെയെത്താൻ കഴിഞ്ഞിട്ടില്ല. അടുത്താഴ്ചയോടെ പാടത്തു ട്രാക്ടറിറങ്ങുകയുള്ളുവെന്ന് കർഷകർ പറഞ്ഞു.