തരിശുനിലത്ത് കർഷക കൂട്ടായ്മയിൽ കൃഷി

ഹരിപ്പാട് ∙ തരിശു നിലത്തിൽ കർഷക കൂട്ടായ്മയിൽ കൃഷി ഇറക്കുന്നു. കാർത്തികപ്പള്ളി പാപ്പാടിച്ചാലിലാണു പ്രോഗ്രസീവ് ഫാർമേഴ്സ് ഫോറം 2 ഹെക്ടർ സ്ഥലത്ത് നെൽകൃഷി ചെയ്യുന്നത്. 30 വർഷമായി തരിശായി കിടന്നിരുന്ന സ്ഥലം കൃഷിയോഗ്യമാക്കുന്നതു തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെയാണ്. കൃഷി ഇറക്കാത്തതുമൂലം മാലിന്യങ്ങളും കാടും കയറി കിടന്നിരുന്നതു സമീപവാസികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.

ഇതേ തുടർന്നു പ‍ഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിയിറക്കുന്നതിനായി ഹെക്ടറിന് 17000 രൂപ നൽകി. കൃഷി ഭവൻ വിത്തും കുമ്മായവും സൗജന്യമായി നൽകും. രണ്ടു ദിവസത്തിനകം വിത്തിടുമെന്നു കർഷകർ പറഞ്ഞു. 90 ദിവസം മൂപ്പുള്ള ഭാഗ്യ എന്ന വിത്താണ് വിതയ്ക്കുന്നത്. പാപ്പാടിച്ചാലിൽ നെൽകൃഷി പഴയ പ്രതാപത്തോടെ തിരിച്ചു കൊണ്ടു വരാനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിച്ചു വരുകയാണെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.അല്ലിറാണി പറഞ്ഞു.