വിഷരഹിത പച്ചക്കറി കൃഷിക്ക് അംഗീകാരം

ചങ്ങനാശേരി ∙ ജൈവകൃഷിയിൽ മികവു തെളിയിച്ച കർഷകനു സംസ്ഥാന സർക്കാർ  പുരസ്കാരം. തൃക്കൊടിത്താനം കിഴക്കേനല്ലൂർ ജോർജുകുട്ടി ദേവസ്യയാണ് വിഷരഹിത പച്ചക്കറി കൃഷിയിലൂടെ ജില്ലയിലെ മികച്ച കർഷകനുള്ള വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിൽ കേരളയുടെ പുരസ്കാരം കരസ്ഥമാക്കിയത്. തൃക്കൊടിത്താനം സ്വാശ്രയ കർഷക സമിതിയിലെ കർഷകനായ ജോർജുകുട്ടി പിതാവിന്റെ പാത പിന്തുടർന്നാണ് കാർഷിക രംഗത്തേക്കു എത്തിയത്. 

പശു,ആട്,കോഴി എന്നിവയെ വളർത്തിയായിരുന്നു തുടക്കം. പിന്നീട് നെൽക്ക‍‍‍‍ൃഷിയിലേക്കും പച്ചക്കറി കൃഷിയിലേക്കും തിരിഞ്ഞു. പാട്ടത്തിനു സ്ഥലമെടുത്തു പയർ, പടവലം, കോവൽ, പാവൽ, ചുരയ്ക്ക, കുമ്പളം, മത്തൻ, വെള്ളരി, ചീര, വാഴ, കിഴങ്ങു വർഗങ്ങൾ എന്നീ   ഇനങ്ങൾ  കൃഷി ചെയ്തു. ഇവയ്ക്കൊപ്പം   തെങ്ങ്, കവുങ്ങ്, റബർ തുടങ്ങിയ ദീർഘകാല വിളകളും കൃഷി ചെയ്യുന്നുണ്ട്.

എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, കോഴിവളം, മണ്ണിര കമ്പോസ്റ്റ് എന്നിവയാണ് പ്രധാനമായും വളമായി ഉപയോഗിക്കുന്നത്. സമ്മിശ്രകൃഷി രീതിയാണ് ജോർജുകുട്ടി പിന്തുടരുന്നത്. പയർ കൃഷി ചെയ്തു 10 ദിവസം കഴിയുമ്പോഴേക്കും പടവലം തൈകൾ വച്ചു പിടിപ്പിക്കും. പയറിന്റെ കായ്ഫലം കഴിയുമ്പോൾ പടവലം പന്തലിൽ നിരക്കുകയും ഇവയുടെ ആദായം എടുക്കാൻ സാധിക്കുകയും ചെയ്യും.  കൃഷിക്കു പൂർണപിന്തുണയുമായി ഭാര്യ എലിസബേത്തും മകൻ ജോമോനും ജോർജുകുട്ടിയുടെ ഒപ്പമുണ്ട്.