കതിരൂർ പഞ്ചായത്തിന്റെ പയർ ഗ്രാമം പദ്ധതി

കതിരൂർ∙ പഞ്ചായത്ത് നടപ്പിലാക്കുന്ന ‘പയർഗ്രാമം’ പദ്ധതിക്കു തുടക്കമായി. തിരഞ്ഞെടുത്ത വയലുകളിലാണു പദ്ധതി നടപ്പാക്കുന്നത്. കൃഷിക്കാർ സന്നദ്ധരായി വന്നിട്ടുള്ള സംഘകൃഷിയുടെ ഭാഗമായാണു വിവിധയിനം പയർവർഗങ്ങളുടെ കൃഷി ഒരുക്കുന്നത്. തരിശുനിലമാണു കൃഷിക്ക് ഉപയോഗിക്കുക. 60 ഏക്കർ സ്ഥലത്താണു കൃഷി നടത്തുന്നത്. തരിശുനിലങ്ങൾ കൃഷിക്ക് ഉപയോഗച്ചു  മണ്ണ് ഫലഭൂയിഷ്ഠമാക്കുക എന്നതും പദ്ധതിയുടെ ഉദ്ദേശ്യമാണ്. 

മൂന്നു മാസംകൊണ്ടു വിളവെടുക്കുന്നതോടൊപ്പം ഉൽപ്പന്നങ്ങളുടെ വിപണനവും നടത്താനാകുമെന്ന പ്രതീക്ഷയിലാണു സംഘാടകർ. പൊന്ന്യം അഗ്രോ സർവീസ് സൊസൈറ്റി സ്റ്റാൾ, പഞ്ചായത്ത് ഓഫിസിനു സമീപമുള്ള ജൈവകൃഷി ഉൽപ്പന്ന വിതരണ സ്റ്റാൾ എന്നിവയാണു വിപണനകേന്ദ്രം.

പയർകൃഷിയുടെ വിളവെടുപ്പിനു ശേഷം ഇവിടങ്ങളിൽ നെൽക്കൃഷി വ്യാപിപ്പിക്കും. ഏപ്രിലിൽ നെൽക്കൃഷി തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണു കർഷകർ.

പഞ്ചായത്തു വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചുണ്ടങ്ങാപ്പൊയിൽ തെക്കേ വയലിൽ പ‍ഞ്ചായത്തു പ്രസിഡന്റ് എം. ഷീബ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ എ. സംഗീത അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ അർച്ചന, ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.സതി, വി.കെ.ലഹിജ, കെ.നൂറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.