റബർകൃഷി ധനസഹായം; അപേക്ഷാ തീയതി നീട്ടി

റബർ ആവർത്തനക്കൃഷിക്കും പുതുക്കൃഷിക്കും ധനസഹായത്തിനു റബർ ബോർഡിൽ അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. 2019ലെ കൃഷിക്കുള്ള അപേക്ഷയാണു ക്ഷണിച്ചിട്ടുള്ളത്. സ്ഥലത്തിന്റെ ആവശ്യമായ വിശദാംശങ്ങളും രേഖകളുമടക്കം അപേക്ഷയുടെ രണ്ടു കോപ്പികൾ വീതം ബന്ധപ്പെട്ട റബർ ബോർഡ് റീജനൽ ഓഫിസിലോ ഡവലപ്മെന്റ് ഓഫിസിലോ ഡിസംബർ 31 വരെ സ്വീകരിക്കും. www.rubberboard.org.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാം.

കേരളവും തമിഴ്നാടും ഉൾപ്പെടുന്ന പരമ്പരാഗത മേഖലയിൽ, ഈ വർഷം കൃഷി ചെയ്യുന്നതുൾപ്പെടെ രണ്ടു ഹെക്ടറിൽ കവിയാതെ റബർകൃഷിയുള്ള കർഷകർക്ക് പരമാവധി ഒരു ഹെക്ടർവരെ ആവർത്തനകൃഷിയോ പുതുക്കൃഷിയോ ചെയ്യുന്നതിന് ധനസഹായത്തിന് അർഹതയുണ്ടായിരിക്കും. ആവർത്തനക്കൃഷിക്കും പുതുക്കൃഷിക്കും ഹെക്ടർ ഒന്നിന് സർട്ടിഫൈഡ് നടീൽ വസ്തുക്കൾക്കു നൽകുന്ന 5000 രൂപയുൾപ്പെടെ 25,000 രൂപയാണു ധനസഹായ നിരക്ക്. പട്ടികജാതി വിഭാഗത്തിൽപെട്ട കർഷകർക്ക് ഇത് 40,000 രൂപയായിരിക്കും.

ഭാരതത്തിന്റെ വടക്കുകിഴക്കൻ മേഖലയടക്കമുള്ള പരമ്പരാഗതമല്ലാത്ത മേഖലകളിൽ ഈവർഷം കൃഷി ചെയ്യുന്നതുൾപ്പെടെ അഞ്ചു ഹെക്ടറിൽ കവിയാതെ റബർ കൃഷിയുള്ള കർഷകർക്ക് പരമാവധി രണ്ടു ഹെക്ടർവരെ ആവർത്തനക്കൃഷിയോ പുതുക്കൃഷിയോ ചെയ്യുന്നതിന് ധനസഹായത്തിന് അർഹതയുണ്ടായിരിക്കും. ആവർത്തനക്കൃഷിക്കും പുതുക്കൃഷിക്കും ഹെക്ടർ ഒന്നിന് സർട്ടിഫൈഡ് നടീൽവസ്തുക്കൾക്കു നൽകുന്ന 5000 രൂപയുൾപ്പെടെ 40,000 രൂപയാണു ധനസഹായ നിരക്ക്.വിവരങ്ങൾക്കു തൊട്ടടുത്തുള്ള റബർ ബോർഡ് റീജനൽ ഓഫിസുമായോ ഫീൽഡ് ഓഫിസുമായോ ബന്ധപ്പെട്ടാൽ മതി. റബർ ബോർഡ് കോൾ സെന്ററിൽനിന്ന് (ഫോൺ: 0481– 2576622) വിവരങ്ങൾ ലഭിക്കും.