നെയ്കുമ്പളകൃഷി ആദായകരം; ജാതിപത്രിക്കും വിലയുണ്ട്

കുമ്പളത്തിലെ ഒൗഷധഗുണുമുള്ള ഒരിനമാണ് നെയ്കുമ്പളം. ഇതിനുള്ള മറ്റൊരു പേരാണു വൈദ്യകുമ്പളം. വലുപ്പക്കുറവോടെയുള്ള ഇതിന്റെ കായ്കളുടെ പുറന്തോടിനു കട്ടി കൂടുതലാണ്. ആയതിനാൽ ദീർഘനാൾ കേടാകാതെ സൂക്ഷിക്കാം. മഴക്കാലത്താണു നെയ്കുമ്പളത്തിന്റെ കൃഷി കൂടുതലായും നടക്കുന്നത്. എന്നാൽ വേനൽക്കാലത്ത് നനച്ചും കൃഷി ചെയ്യാം.

കൃഷിരീതി സാധാരണ കുമ്പളത്തിനെന്നതു പോലെ. നിരകൾ തമ്മിൽ നാലരമീറ്ററും ചെടികൾ തമ്മിൽ 2 മീറ്റർ അകലവും നൽകി 60 സെ.മീ വ്യാസത്തിലെടുത്ത കുഴിയൊന്നിനു 10 മുതൽ 15 കി.ഗ്രാം ജൈവവളങ്ങൾ ചേർത്ത് മുന്നോ നാലോ വിത്തുകൾ നടുക. ഇടയ്ക്കിടെ ജൈവവളങ്ങൾ ചേർത്ത് പരിചരിച്ചു കൊണ്ടിരുന്നാൽ ഒരു വിളക്കാലത്ത് ചെടിയൊന്നിനു ഒരു ഡസനിൽ കുറയാതെ കായ്കൾ ലഭിക്കും.

ജാതിപത്രിക്കു നല്ല വില

ജാതിക്ക്യഷിയിൽ നിന്നും ലഭിക്കുന്ന പ്രധാന ഉൽപ്പന്നങ്ങളാണു ജാതിക്കയും ജാതിപത്രിയും വിളഞ്ഞു പാകമായ ജാതിക്കയുടെ പുറന്തോടു നീക്കിയാൽ വിത്തിനെ പൊതിഞ്ഞുള്ള ജാതി പാത്രി കാണാം. ഇത് വേർപെടുത്തി ഉണക്കി സൂക്ഷിക്കുകയോ, ഉപയോഗിക്കുകയോ ചെയ്യാം.

ജാതിക്കയുടെ അതേ സ്വാദാണു ജാതിപത്രിക്കും. ഒൗഷധഗുണമുള്ള ജാതിപത്രി ഭക്ഷണപാനീയങ്ങളിൽ ചേർത്ത് ഉപയോഗിക്കുന്നു. 100 കി.ഗ്രാം ജാതിക്കയിൽനിന്നു മൂന്നു മൂന്നര കി.ഗ്രാം ജാതിപത്രി ലഭിക്കും.