എല്ലാവരും തൊഴിലുറപ്പിന്; കാപ്പി വിളവെടുപ്പിന് തൊഴിലാളികളെ കിട്ടുന്നില്ല

കൽപറ്റ ∙ കാപ്പി വിളവെടുപ്പിന് തൊഴിലാളികളെ ആവശ്യത്തിന് കിട്ടാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. വിളവെടുപ്പ് സീസണിൽ തൊഴിലുറപ്പ് പദ്ധതി നിർത്തിവയ്ക്കാറുണ്ടെങ്കിലും പലയിടത്തും ഈ മാസം അവസാനം വരെ തൊഴിലുറപ്പ് പണിയുണ്ട്. വിളവെടുപ്പ് താമസിച്ച് കാപ്പി പഴുത്ത് കൊഴിഞ്ഞാൽ കർഷകർക്ക് കൂടുതൽ കൂലിചെലവ് വരും.

കൂടുതൽ പഴുത്താൽ പറിച്ചെടുക്കുമ്പോഴും അതിന് മുമ്പും വലിയ തോതിൽ കൊഴിഞ്ഞുവീഴും. വിളവെടുക്കുമ്പോൾ ചെടിയുടെ ചുവട്ടിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുകയാണ് ചെയ്യുന്നത്. ഉൽപാദന കുറവും സാമ്പത്തിക പ്രതിസന്ധിയും കാരണം ഒട്ടുമുക്ക തോട്ടങ്ങളും മുമ്പത്തെ പോലെ കിളച്ചു വൃത്തിയാക്കുന്നുമില്ല. കാടുവെട്ടി നീക്കം ചെയ്യുക മാത്രമാണ് വിളവെടുപ്പിന് മുമ്പ് നടക്കുക.

ഇത് തന്നെ പലരും കളനാശിനി ഉപയോഗിച്ച് ഉണക്കുകയാണ്. ചെറുകിട തോട്ടങ്ങളിൽ തൊഴിലുറപ്പ് പണിയിൽ പുല്ല് ചെത്തി വൃത്തിയാക്കുക മാത്രമാണ് നടത്തുന്നത്. ചെറുകിട ഇടത്തരം കർഷകരാണ് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുന്നത്. ഇതിനിടെ ദിവസങ്ങൾക്ക് മുമ്പ് ചിലയിടങ്ങളിൽ മഴ പെയ്തതും ദോഷകരമായി.

മഴയിൽ പഴുത്ത കാപ്പിക്കായ്കൾ കൊഴിയുകയും ചെയ്തിട്ടുണ്ട്. നല്ല മഴ ലഭിച്ചിടത്ത് കാപ്പി പൂവിടാനായിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ പൂ വിരിഞ്ഞ് കഴിയുന്നത് വരെ വിളവെടുക്കാൻ സാധിക്കില്ല. കാപ്പി വിളവെടുപ്പ് സമയത്ത് അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായെത്താറുണ്ടായിരുന്നു. ഇത് ജില്ലയിലെ കർഷകർക്ക് ഏറെ ഉപകാരമായിരുന്നു. 

വിളവെടുപ്പിന് മുമ്പായി എത്തുന്ന തൊഴിലാളികൾ മാസങ്ങൾ താമസിച്ച് സീസൺ കഴിഞ്ഞാണ് തിരിച്ചുപോവുക. എന്നാൽ രണ്ടുമൂന്ന് വർഷമായി ഇത്തരം സംഘങ്ങളുടെ വരവില്ല. അവിടങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടക്കുന്നതാണ് ഇതിന് കാരണം. ഇതരസംസ്ഥാന തൊഴിലാളികൾ കെട്ടിട നിർമാണ പ്രവൃത്തികൾക്കാണ് ഇപ്പോൾ കൂടുതലുള്ളത്.