ഒരു ജാതി ക‌ൃഷി തന്നെ

കോടമഞ്ഞ് ആവരണമിടുന്ന നായാടംപൊയിലിലെ കൃഷിയിടം തേടി പുത്തൻപുരയ്ക്കൽ ജോർജ് എന്ന ബേബിച്ചേട്ടൻ എത്തുന്നത് ഒന്നര പതിറ്റാണ്ടു മുമ്പാണ്. തരിശായി കിടന്ന 4.5 ഏക്കർ സ്ഥലം വാങ്ങി ആസൂത്രിത സമ്മിശ്രകൃഷിയിലൂടെ നേട്ടം കൊയ്തെടുത്ത ഈ കർഷകന്റെ വിജയഗാഥക്ക് പിന്നിൽ ഏറെ ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും ചരിത്രമുണ്ട്.

കൂടരഞ്ഞി പഞ്ചായത്തിലെ തന്നെ മികച്ച ക‌ൃഷിയിടമായ ജോർജിന്റെ കൃഷിഭൂമി വിവിധ കാർഷിക വിളകളുടെ പ്രദർശന തോട്ടം കൂടിയാണ്.   ജാതി, കുരുമുളക്, കാപ്പി, വാഴ, മാങ്കോസ്റ്റിൻ, റമ്പൂട്ടാൻ എന്നിവയെല്ലാം മികച്ച വിളവു നൽകുന്നു. കൃഷിയിടത്തെ ജലസമൃദ്ധമാക്കാൻ 3 വലിയ കുളങ്ങൾ നിർമിച്ചു. ‌

കൃഷി സമ്മിശ്രമാണെങ്കിലും പ്രാധാന്യം ജാതിക്ക് തന്നെ. മുന്നൂറോളം ജാതിയാണ് തോട്ടത്തിലുള്ളത്. ഇതെല്ലാം സ്വന്തമായി ബഡ് ചെയ്തെടുത്തതാണ്. അതിനാൽ മികച്ച വിളവാണ് ലഭിക്കുന്നത്. ശരാശരി ഒരു മരത്തിൽനിന്ന് ജാതിയും പത്രിയുമായി 20 കിലോയോളം ലഭിക്കും. കുരുമുളകിന്റെ മികച്ച തോട്ടവുമുണ്ട്. 1500 കുരുമുളക് ചെടികളാണുള്ളത്. നാടൻ ഇനം ഉൾപ്പെടെ നീലമുണ്ടി, പന്നിയൂർ, കരിമുണ്ട, ഐബീരിയൻ, വലിയ കാണയക്കാടൻ എന്നിവയെല്ലാം തോട്ടത്തിലുണ്ട്. മുരിക്കും പ്ലാവുമാണ് താങ്ങുമരമായി ഉപയോഗിച്ചിരിക്കുന്നത്.

3 കൂറ്റൻ കളങ്ങൾ നിർമിച്ചതോടെയാണ് കൃഷിയിടം വിളസമൃദ്ധമായത്. കുളത്തിൽനിന്നു മത്സ്യകൃഷി വരുമാനവുമുണ്ട്. രണ്ടരവർഷമായി മത്സ്യകൃഷി ആരംഭിച്ചിട്ട്. ഒരു കുളം മീൻവളർത്തലിന്റെ നഴ്സറിയാണ്. മത്സ്യവികസന ഏജൻസിയുടെയും പഞ്ചായത്തിന്റെയും സഹായത്തോടെയാണ് മത്സ്യകൃഷി.